Quantcast

നിയമം തെറ്റിച്ച് വാഹനവുമായി വാദി മുറിച്ചുകടക്കേണ്ട; ഇൻഷുറൻസ് പരിരക്ഷ നൽകില്ലെന്ന് ഒമാൻ എഫ്എസ്എ

വെള്ളപ്പൊക്കത്തിൽ സ്റ്റാർ ആകേണ്ട

MediaOne Logo

Web Desk

  • Published:

    24 March 2026 4:56 PM IST

Oman’s FSA warns no insurance cover for vehicles crossing flooded wadis against safety rules
X

മസ്‌കത്ത്: സുരക്ഷാ നിയമങ്ങൾ തെറ്റിച്ച് വെള്ളപ്പൊക്കമുള്ള വാദികൾ മുറിച്ചുകടക്കുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകില്ലെന്ന് ഒമാൻ ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി(എഫ്എസ്എ) മുന്നറിയിപ്പ്. അസ്ഥിര കാലാവസ്ഥ രാജ്യത്തിന്റെ ചില ഭാഗങ്ങളെ ബാധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. സുരക്ഷാ നിർദേശങ്ങൾ ലംഘിച്ച് വെള്ളപ്പൊക്കമുണ്ടായ വാദികൾ മനഃപൂർവ്വം മുറിച്ചുകടക്കുമ്പോൾ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാൽ ഇൻഷുറൻസ് ക്ലെയിമുകൾ നിഷേധിക്കപ്പെടാമെന്നാണ് മുന്നറിയിപ്പ്.

സമഗ്രവും മൂന്നാം കക്ഷി കവറേജും ഉൾപ്പെടെയുള്ള സ്റ്റാൻഡേർഡ് മോട്ടോർ ഇൻഷുറൻസ് പോളിസികൾ കനത്ത മഴ, ആലിപ്പഴ വർഷം, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതാണെന്നും ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.

എന്നാൽ വെള്ളപ്പൊക്കമുണ്ടായ വാദികൾ മുറിച്ചുകടക്കാൻ ശ്രമിക്കുന്നത് പോലുള്ള അപകടകരമായ പെരുമാറ്റം ഒഴിവാക്കണമെന്നും അധികൃതർ പുറപ്പെടുവിച്ച സുരക്ഷാ മാർഗനിർദേശങ്ങൾ പോളിസി ഉടമകൾ പാലിക്കണമെന്നുമുള്ള നിബന്ധന അത്തരം കവറേജിനുണ്ടെന്ന് അതോറിറ്റി ഓർമിപ്പിച്ചു.

ഡ്രൈവർമാർ മനഃപൂർവ്വം വാദികളിൽ പ്രവേശിക്കുകയോ ആവശ്യമായ മുൻകരുതലുകൾ എടുക്കാതെ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ വാഹനങ്ങൾ നിർത്തിയിടുകയോ ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിൽ നിന്ന് ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇൻഷുറൻസ് കമ്പനികൾ ബാധ്യസ്ഥരല്ലെന്ന് അതോറിറ്റി വ്യക്തമാക്കി.

വെള്ളപ്പൊക്കത്തിൽ സ്റ്റാർ ആകേണ്ട

ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ മനഃപൂർവ്വം വാദികളിലൂടെ വാഹനമോടിക്കുന്നവർക്ക് മൂന്ന് മാസം വരെ തടവ്, 500 റിയാൽ വരെ പിഴ അല്ലെങ്കിൽ രണ്ടും ഉൾപ്പെടെയുള്ള ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് ഒമാൻ ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി. ഒമാനിലെ ഗതാഗത നിയമപ്രകാരമാണ് ശിക്ഷ നേരിടേണ്ടി വരിക. ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴയിൽ വാദികൾ നിറഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്കവും ഒഴിവാക്കണമെന്ന നിർദേശം അധികൃതർ നൽകിവരികയാണ്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

TAGS :

Next Story