ജ്വല്ലറിയുടെ ഭിത്തി തുരന്ന് 10 ലക്ഷം റിയാലിന്റെ കവർച്ച; ഒമാനിൽ രണ്ട് യൂറോപ്യൻ പൗരന്മാർ പിടിയിൽ
വിനോദസഞ്ചാരികളെന്ന വ്യാജേന രാജ്യത്തെത്തി മോഷണം നടത്തുകയായിരുന്നു

മസ്‌കത്ത്: ഒമാനിൽ ജ്വല്ലറി കുത്തിത്തുറന്ന് പത്ത് ലക്ഷം ഒമാനി റിയാൽ വിലമതിക്കുന്ന ആഭരണങ്ങളും പണവും മോഷ്ടിച്ച കേസിൽ രണ്ട് യൂറോപ്യൻ പൗരന്മാർ പിടിയിൽ. വിനോദസഞ്ചാരികളെന്ന വ്യാജേന രാജ്യത്തെത്തി മോഷണം നടത്തുകയായിരുന്നു പ്രതികൾ. മസ്‌കത്തിലെ ഗുബ്റ പ്രദേശത്തെ ജ്വല്ലറി ഷോപ്പുകൾക്ക് സമീപമുള്ള ഹോട്ടലിൽ തങ്ങിയായിരുന്നു കവർച്ചാ ആസൂത്രണം. പുലർച്ചെ നാല് മണിയോടെ ജ്വല്ലറിയുടെ പിൻഭാഗത്തെ ഭിത്തി തകർത്താണ് ഇരുവരും അകത്ത് കടന്നത്. തുടർന്ന് ആഭരണങ്ങൾ മോഷ്ടിക്കുകയും സേഫ് തുറന്ന് പണവും കവരുകയുമായിരുന്നു. ഊർജിതമായ അന്വേഷണത്തിനൊടുവിൽ സിഫ ഏരിയയിലെ ഒരു ബീച്ചിൽ ഒളിപ്പിച്ചുവെച്ച മോഷണവസ്തുക്കളും കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു. പ്രതികൾ വിനോദസഞ്ചാരത്തിന്റെ മറവിൽ വാടകയ്ക്കെടുത്ത ഒരു ബോട്ട് ഉപയോഗിച്ചാണ് മോഷണമുതലുകൾ ഒളിപ്പിച്ച സ്ഥലത്തേക്ക് കൊണ്ടുപോയതെന്നും, പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്നും റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.
Adjust Story Font
16

