മസ്‌കത്തിൽ നിന്ന് ടിവികെക്ക് വോട്ട് ചെയ്യാൻ മാത്രം നാട്ടിൽപോയി വിജയ് ഫാൻ; തിരുപ്പത്തൂരിൽ മന്ത്രി വീണത് ഒരു വോട്ടിന്
കടുത്ത വിജയ് ഫാനായ മണികണ്ഠൻ ടിവികെയുടെ ബൂത്ത് ഏജന്റാവാൻ കൂടിയാണ് വിമാനം കയറിയത്

മസ്‌കത്ത്: മസ്‌കത്തിൽ നിന്ന് പറന്നെത്തിയ ഒരു വിജയ വോട്ടിന്റെ കഥ പറയാം. കട്ട വിജയ് ഫാൻ ആയ മണികണ്ഠൻ ശിവാനന്ദൻ തിരുപ്പത്തൂർ ടിവികെ സ്ഥാനാർഥിക്ക് വോട്ട് ചെയ്യാനായി നാട്ടിലെത്തിയതാണ് തുടക്കം. സാധാരണ പ്രവാസികൾ വോട്ടുചെയ്യാൻ നാട്ടിലെത്താറുണ്ടല്ലോയെന്നായിരിക്കും ചിന്തിക്കുന്നത്. എന്നാൽ മണികണ്ഠൻ വോട്ട് ചെയ്ത മണ്ഡലത്തിലെ ഫലം വന്നപ്പോൾ ടിവികെ സ്ഥാനാർഥി ജയിച്ചത് കേവലം ഒരു വോട്ടിന്, തോൽപിച്ചത് ഡിഎംകെ മന്ത്രിയെ, ഇതോടെ മണികണ്ഠന്റെ വോട്ടും യാത്രയും ദേശീയ മാധ്യമങ്ങളിലടക്കം ചർച്ചയായി.
വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചപ്പോൾ തന്നെ മണികണ്ഠൻ ശിവാനന്ദൻ മനസ്സിൽ അതുറപ്പിച്ചിരുന്നു. തന്റെ നായകന്റെ വിജയത്തിനായി നാട്ടിലെത്തി വോട്ടുചെയ്യുമെന്ന്. മേഖലയിലെ സാഹചര്യങ്ങൾ കാരണം ഫ്‌ളൈറ്റുകൾ പലതും നിർത്തിയപ്പോഴും ടിക്കറ്റൊപ്പിച്ച് കാത്തിരുന്നു. വെറും വോട്ടറായല്ല കടുത്ത വിജയ് ഫാനായ മണികണ്ഠൻ ടിവികെയുടെ ബൂത്ത് ഏജന്റാവാൻ കൂടിയാണ് വിമാനം കയറിയത്. റിസൾട്ട് വന്നപ്പോഴാണ് ശരിക്കും ഞെട്ടിയത്. തിരുപ്പത്തൂർ മണ്ഡലത്തിൽ ടിവികെ സ്ഥാനാർഥി ജയിച്ചുകയറിയത് ഒരുവോട്ടിന്. നേരത്തെ നാട്ടിലേക്കുള്ള യാത്രയെ കുറിച്ച് മണികണ്ഠൻ ട്വിറ്റ് ചെയ്തിരുന്നു. റിസൾട്ടിന് ശേഷം മണികണ്ഠന്റെ വോട്ടും യാത്രും ദേശീയ മാധ്യമങ്ങളിലടക്കം ചർച്ചയായി.
വാശിയേറിയ പോരാട്ടത്തിനൊടുവിൽ ടി വി കെ സ്ഥാനാർഥി ശ്രീനിവാസ സേതുപതിയാണ് ഡിഎംകെ നേതാവും മന്ത്രിയുമായ കെ ആർ പെരിയ കറുപ്പനെ വെറും ഒരു വോട്ടിന് തോൽപ്പിച്ചത്. 30 റൗണ്ട് വോട്ടെണ്ണലിന്റെ 29ാം റൗണ്ട് അവസാനിച്ചപ്പോൾ 30 വോട്ടിനു മുന്നിലായിരുന്ന പെരിയകറുപ്പൻ അവസാന റൗണ്ടിൽ ഒരു വോട്ടിനു പിന്നിലായി. സേതുപതിക്ക് 83,365 വോട്ട് ലഭിച്ചപ്പോൾ പെരിയകറുപ്പനു കിട്ടിയത് 83,364 വോട്ട്. തർക്കമുണ്ടായതോടെ ഫലം വൈകിയെങ്കിലും ടിവികെയുടെ വിജയം തടയാനായില്ല.
Adjust Story Font
16

