എഎഫ്‌സി യോഗ്യതാ മത്സരങ്ങൾക്കായി ഇന്ത്യ അണ്ടർ 23 ടീം ദോഹയിൽ
ആതിഥേയരായ ഖത്തർ അടങ്ങുന്ന ഗ്രൂപ്പ് എച്ചിലാണ് ഇന്ത്യ മത്സരിക്കുന്നത്

ദോഹ: എഎഫ്‌സി അണ്ടർ 23 യോഗ്യതാ മത്സരങ്ങൾക്കായുള്ള ഇന്ത്യൻ ഫുട്‌ബോൾ ടീം ഖത്തറിലെത്തി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരാധകർ ടീമിനെ വരവേറ്റു. മൂന്ന് യോഗ്യതാ മത്സരങ്ങൾക്കാണ് ഖത്തർ വേദിയാകുന്നത്. മലയാളി താരങ്ങളായ വിബിൻ മോഹനൻ, മുഹമ്മദ് സനാൻ, മുഹമ്മദ് ഐമൻ തുടങ്ങിയവർ ഉൾപ്പെട്ട ഇന്ത്യൻ ടീം വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ടീമിനെ ഖത്തർ മഞ്ഞപ്പടയുടെ നേതൃത്വത്തിൽ ആരാധകർ പൂക്കൾ നൽകി സ്വീകരിച്ചു.
ആതിഥേയരായ ഖത്തർ അടങ്ങുന്ന ഗ്രൂപ്പ് എച്ചിലാണ് ഇന്ത്യ മത്സരിക്കുന്നത്. ബഹ്‌റൈൻ, ബ്രൂണെ എന്നിവയാണ് മറ്റു രണ്ടു ടീമുകൾ. സെപ്തംബർ മൂന്നിന് ബഹ്‌റൈനെതിരെ സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആറിന് നടക്കുന്ന രണ്ടാം മത്സരത്തിൽ ശക്തരായ ഖത്തറാണ് എതിരാളികൾ. അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയം മത്സരത്തിന് വേദിയാകും. ഒമ്പതിന് നടക്കുന്ന അവസാന പോരാട്ടം ബ്രൂണെയ്‌ക്കെതിരെയാണ്. സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം.
11 ഗ്രൂപ്പുകളിലായി 44 ടീമുകളാണ് ഏഷ്യൻ കപ്പ് യോഗ്യതയ്ക്കായി മത്സരിക്കുന്നത്. ഗ്രൂപ്പ് ജേതാക്കളും മികച്ച നാല് രണ്ടാം സ്ഥാനക്കാരും ടൂർണമെന്റിലേക്ക് യോഗ്യത നേടും. 2026 ജനുവരിയിൽ സൗദി അറേബ്യയാണ് അണ്ടർ 23 ഏഷ്യൻ കപ്പിന് വേദിയാകുന്നത്. തയ്യാറെടുപ്പുകളുടെ ഭാഗമായി താജികിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക്, ഇറാഖ് യൂത്ത് ടീമുകളുമായി ഇന്ത്യ സൗഹൃദ മത്സരം കളിച്ചിരുന്നു.
Adjust Story Font
16

