Quantcast

അറബ് മേഖലയിൽ സ്വാധീനം ഉറപ്പാക്കാമെന്നത് ഇസ്രായേലിന്റെ അപകടകരമായ വ്യാമോഹം: ഖത്തർ അമീർ

അറബ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ഖത്തർ അമീർ

MediaOne Logo

Web Desk

  • Published:

    15 Sept 2025 9:43 PM IST

Israels dangerous delusion to secure influence in the Arab region: Qatari Emir
X

ദോഹ: അറബ് മേഖലയിൽ സ്വാധീനം ഉറപ്പാക്കാമെന്നത് ഇസ്രായേലിന്റെ അപകടകരമായ വ്യാമോഹമാണെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി. അറബ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ഖത്തർ അമീർ. അറബ് മേഖല ഇസ്രായേലിന്റേതായി മാറുമെന്ന് നെതന്യാഹു സ്വപ്നം കാണുന്നു. അത് അപകടകരമായ ആലോചനയാണ്. ഇസ്രായേലിന്റെ ദോഹ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഖത്തർ അമീർ ചൂണ്ടിക്കാട്ടി. ദോഹ ആക്രമണത്തിൽ ഖത്തർ മാത്രമല്ല, ലോകവും സ്തംഭിച്ചു. ഭീരുത്വ പൂർണമായ ആക്രമണമാണ് നടന്നതെന്നും അമീർ പറഞ്ഞു.

ഗസ്സയെ താമസം സാധ്യമാകാത്ത ഇടമാക്കി മാറ്റാനാണ് ഇസ്രായേൽ ശ്രമം. ഗസ്സ യുദ്ധം ഇപ്പോൾ വംശഹത്യ ആയി മാറി. ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ ഖത്തർ ശ്രമങ്ങൾ നടത്തി. ഹമാസിനും ഇസ്രായേലിനും ഇടയിലുള്ള കൂടിയാലോചനകൾ വിജയത്തിൽ എത്തേണ്ടതായിരുന്നു. ബന്ദി മോചനവും സാധ്യമാകുമായിരുന്നു. അമേരിക്ക തയാറാക്കിയ നിർദേശം ഹമാസ് ചർച്ച ചെയ്യാൻ തയാറായിരുന്നു. ഹമാസ് നേതാക്കളെ കൊല്ലാൻ ഇസ്രായേൽ ആഗ്രഹിച്ചിരുന്നു എങ്കിൽ ചർച്ചകളിൽ പങ്കെടുത്തത് എന്തിനായിരുന്നു. ബന്ദി മോചനം ലക്ഷ്യമായിരുന്നു എങ്കിൽ ചർച്ചയ്ക്ക് എത്തിയവരെ വക വരുത്തിയത് എന്തിനായിരുന്നു. രാജ്യത്തേക്ക് ഡ്രോണും വിമാനവും അയക്കുന്ന രാഷ്ട്രത്തെ ഇനി ചർച്ചയ്ക്ക് വിളിക്കുന്നത് എങ്ങനെയാണ്? -ഖത്തർ അമീർ ചോദിച്ചു.

അതേസമയം, ഖത്തറിന് സമ്പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒഐസി രംഗത്തുവന്നു. ഉച്ചകോടിയുടെ ഫലം അറബ് ഇസ്‌ലാമിക ഐക്യത്തെ ശക്തിപ്പെടുത്തുമെന്നാണ് നിരീക്ഷണം. ഇസ്രായേൽ നയങ്ങൾ മേഖലയിൽ അസ്ഥിരത സൃഷ്ടിക്കുമെന്ന് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽസുദാനി പറഞ്ഞു. അറബ് ലോകത്ത് നാറ്റോ മാതൃകയിൽ സുരക്ഷാ പ്രതികരണ സംവിധാനം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫലസ്തീൻ ജനതയെ മാറ്റി പാർപ്പിക്കാനുള്ള പദ്ധതി അംഗീകരിക്കില്ലെന്നും അന്താരാഷ്ട്ര നിയമ പ്രകാരം ഇസ്രായേൽ ഭരണാധികാരികളെ നിയമത്തിനു മുമ്പിൽ കൊണ്ട് വരുമെന്നും തുർക്കി പ്രസിഡന്റ് ഉർദുഗാൻ പറഞ്ഞു.

നിലവിൽ നടക്കുന്ന കാര്യങ്ങൾ സമാധാനത്തിന് തടസം നിൽക്കുന്നതാണെന്നും അത് ഇസ്രായേൽ ജനത തിരിച്ചറിയണമെന്നും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസിസി പറഞ്ഞു.

ഖത്തറിലെ ഇസ്രായേൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു എന്ന് ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫ വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനെ കൊണ്ട് കണക്കു പറയിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുള്ള ആക്രമണമാണ് ഖത്തറിന് എതിരെ നടന്നതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാൻ പറഞ്ഞു. സ്വയം പ്രതിരോധം എന്ന് അവകാശപ്പെട്ട് ഒരുപാട് അറബ് രാഷ്ട്രങ്ങളെ ഇസ്രായേൽ ആക്രമിച്ചുവെന്നും വിമർശിച്ചു.

TAGS :

Next Story