ദോഹയിൽ ഇസ്രായേല്‍ ആക്രമണം; ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടെന്ന് സൂചന
ആക്രമണം ഇസ്രായേൽ സ്ഥിരീകരിച്ചെന്ന് അല്‍ജസീറ റിപ്പോർട്ട് ചെയ്യുന്നു.

ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയിൽ സ്ഫോടനങ്ങൾ. ഗസ്സ സമാധാന ചർച്ചയ്ക്കെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണം. ആക്രമണം ഇസ്രായേൽ സ്ഥിരീകരിച്ചു.
അമേരിക്ക മുന്നോട്ടുവച്ച ഗസ്സ വെടിനിർത്തൽ നിർദ്ദേശങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് ഹമാസ് വൃത്തങ്ങൾ പറഞ്ഞു. ആക്രമണത്തിന്റെ ചിത്രങ്ങളും പുറത്തുവരുന്നുണ്ട്. കെട്ടിടങ്ങളില്‍ നിന്നും പുക ഉയരുന്നതായാണ് ചിത്രങ്ങളിലുള്ളത്. ആക്രമണത്തെ അപലപിച്ച് ഖത്തര്‍ രംഗത്ത് എത്തി.
ഇസ്രായേലിന്റെ ഈ ക്രിമിനൽ ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി പറഞ്ഞു.
അതേസമയം ഡോ. ഖലീൽ അൽ ഹയ്യ ഉൾപ്പെടെ ഹമാസ് നേതാക്കൾ സുരക്ഷിതരെന്ന് മുതിർന്ന ഹമാസ് അംഗം അൽ ജസീറയോട് പറഞ്ഞു. അതേസമയം ദോഹയിലെ ഇസ്രായേൽ ആക്രമണത്തിൽ വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്രംപിന്റെ പ്രതികരണം ട്രൂത്ത് സോഷ്യലിൽ വന്നേക്കുമെന്ന് റിപ്പോർട്ടുകൾ.
അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ് ഇസ്രായേലിന്റേതെന്നും ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഇറാന്‍ പ്രതികരിച്ചു.
Adjust Story Font
16

