താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമലംഘനങ്ങൾ; സൗദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 11,967 പേർ
പിടിയിലായവരിൽ കൂടുതൽ താമസ നിയമലംഘകർ

റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച പന്ത്രണ്ടായിരത്തോളം പേരെ ഒരാഴ്ചയ്ക്കിടെ പിടികൂടി. മാർച്ച് 19 മുതൽ 25 വരെയുള്ള കാലയളവിൽ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് 11,967 നിയമലംഘകർ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരിൽ 7,650 പേരും താമസ നിയമലംഘനം നടത്തിയവരാണ്. അതിർത്തി സുരക്ഷാ നിയമം ലംഘിച്ച 2,952 പേരും തൊഴിൽ നിയമം ലംഘിച്ച 1,365 പേരും ഇവരിൽ ഉൾപ്പെടുന്നു.
അനധികൃതമായി അതിർത്തി കടന്ന് രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച 1,140 പേരെയും പിടികൂടി. ഇതിൽ 71% എത്യോപ്യക്കാരും 26% യമനികളുമാണ്. കൂടാതെ, രാജ്യം വിടാൻ ശ്രമിച്ച 42 പേരെയും നിയമലംഘകർക്ക് സഹായം നൽകിയ 17 പേരെയും അറസ്റ്റ് ചെയ്തു. നിലവിൽ 32,957 വിദേശികൾക്കെതിരെ (29,316 പുരുഷന്മാരും 3,641 സ്ത്രീകളും) നിയമനടപടികൾ സ്വീകരിച്ചുവരികയാണ്. ഇതിൽ 23,238 പേരെ യാത്രാരേഖകൾക്കായി അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് കൈമാറി. 5,111 പേരെ ഇതിനകം നാടുകടത്തി. മറ്റുള്ളവരുടെ യാത്രാ നടപടികൾ പൂർത്തിയായി വരുന്നതായി അധികൃതർ അറിയിച്ചു.
അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നവരെ സഹായിക്കുന്നവർക്കോ, അവർക്ക് താമസസൗകര്യവും ജോലിയും നൽകുന്നവർക്കോ കടുത്ത ശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ചുമത്തും. സഹായിക്കാൻ ഉപയോഗിച്ച വാഹനങ്ങളും കെട്ടിടങ്ങളും കണ്ടുകെട്ടുമെന്നും അധികൃതർ ഓർമിപ്പിച്ചു. നിയമലംഘനങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നവർ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, രാജ്യത്തെ മറ്റ് ഭാഗങ്ങളിൽ 999, 996 എന്നീ നമ്പറുകളിലും അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
Adjust Story Font
16

