അവധി കഴിഞ്ഞ് സൗദിയിലെത്തിയ വയനാട് സ്വദേശി വാഹനാപകടത്തിൽ മരിച്ചു
കാർ ട്രക്കിന്റെ പിറകിൽ ഇടിച്ചാണ് ഇന്ന് പുലർച്ചെ അപകടമുണ്ടായത്

ജിദ്ദ: അവധി കഴിഞ്ഞ് നാട്ടിൽനിന്ന് ഞായറാഴ്ച സൗദിയിലെത്തിയ വയനാട് സ്വദേശി വാഹനാപകടത്തിൽ മരിച്ചു. സുൽത്താൻ ബത്തേരി സ്വദേശി ചെമ്പൻ അഷ്‌റഫാണ് (52) അപകടത്തിൽപ്പെട്ട് മരിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന കാർ ട്രക്കിന്റെ പിറകിൽ ഇടിച്ചാണ് ഇന്ന് പുലർച്ചെ അപകടമുണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സുഹൃത്തിനെ ജിദ്ദ എയർപോർട്ടിലേക്ക് കൊണ്ടുവിടാൻ എത്തിയതായിരുന്നു. തിരിച്ചു വരുമ്പോൾ ജിദ്ദ സുലൈമാനിയയിൽ വച്ചാണ് അപകടം സംഭവിച്ചത്.
ദീർഘകാലമായി മക്കയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം മക്ക ഐസിഎഫ് നേതാവാണ്. കഴിഞ്ഞ ദിവസവും സഹപ്രവർത്തകരോടൊപ്പം ഹജ്ജ് സേവനത്തിൽ പങ്കെടുത്തിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു. മൃതദേഹം ജിദ്ദ ഷാർക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യ: വൈത്തിരി സ്വദേശി ഷാനിബ. മക്കൾ: മുഹമ്മദ് ആദിൽ, അദ്‌നാൻ മുഹിയുദ്ദീൻ, ഫാത്തിമ. ഐസിഎഫ് ജിദ്ദ വെൽഫെയർ ടീമിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവരുന്നുണ്ട്.
Adjust Story Font
16

