സൗദിയിൽ സജീവം; റിയാദിലും ജിദ്ദയിലും 1,000 കോടിയുടെ പദ്ധതികളുമായി ഡോണൾഡ് ട്രംപ്
ദാർ ഗ്ലോബലുമായി കരാർ, 5 വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് എറിക് ട്രംപ്

റിയാദ്: റിയാദിലും ജിദ്ദയിലുമായി ഡോണൾഡ് ട്രംപുമായി ചേർന്ന് രണ്ട് ആഡംബര പദ്ധതികൾ ആരംഭിക്കുമെന്ന് സൗദി അറേബ്യയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ദാർ ഗ്ലോബൽ സിഇഒ സിയാദ് അൽ ഷാർ. 1,000 കോടി വിലമതിക്കുന്ന പദ്ധതികളാണിത്. ട്രംപ് ഓർഗനൈസേഷനും സൗദി ഡെവലപ്പർ ദാർ അൽ അർക്കാന്റെ അന്താരാഷ്ട്ര വിഭാഗമായ ദാർ ഗ്ലോബലും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഭാഗമായാണിവ നടപ്പാക്കുന്നത്.
റിയാദിലെ ദിരിയ പ്രദേശത്ത് ട്രംപ് നാഷണൽ ഗോൾഫ് കോഴ്സും ട്രംപ് ഇന്റർനാഷണൽ ഹോട്ടലും നിർമിക്കും. ജിദ്ദയിൽ ട്രംപ് പ്ലാസ എന്ന പേരിൽ മിക്സഡ് യൂസ് ഓഫീസുകളും റെസിഡൻഷ്യൽ പ്രോപ്പർട്ടികളും ഉൾപ്പെടുന്ന വലിയ വികസന പദ്ധതിയും ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് അൽ ഷാർ അറിയിച്ചു. സൗദി അറേബ്യയുടെ വിഷൻ 2030 ന്റെ ഭാഗമായി എണ്ണയിതര സമ്പദ് വ്യവസ്ഥയിലേക്കുള്ള വൈവിധ്യവൽക്കരണ ശ്രമങ്ങളോട് ചേർന്നു നിൽക്കുന്നതാണ് ഈ പദ്ധതികളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ മാസം മുതൽ സൗദി അറേബ്യയിൽ നിയുക്ത പ്രദേശങ്ങളിൽ വിദേശികൾക്ക് ആദ്യമായി സ്വത്ത് ഉടമസ്ഥാവകാശം അനുവദിക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത നാലു മുതൽ അഞ്ചു വർഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കാനാണ് പദ്ധതിയെന്ന് ട്രംപ് ഓർഗനൈസേഷന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകനുമായ എറിക് ട്രംപ് അറിയിച്ചു. ലോകോത്തര ടൂറിസം, ഹോസ്പിറ്റാലിറ്റി തുടങ്ങി റിയൽ എസ്റ്റേറ്റ് മേഖലകളിൽ സൗദി അറേബ്യയെ പ്രമുഖ ഡെസ്റ്റിനേഷനാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ ട്രംപ്-ദാർ പങ്കാളിത്തം.
Adjust Story Font
16

