സൗദി അതിർത്തി മുതൽ എയർഫോഴ്‌സ് അകമ്പടി; പ്രധാനമന്ത്രിക്ക് ജിദ്ദയിൽ സ്വീകരണം
സൗദി പൗരൻ ഹിന്ദി ഗാനം പാടി സ്വാഗതം ചെയ്തു

ജിദ്ദ: പ്രധാനമന്ത്രി നരേന്ദ്രമോദി ജിദ്ദയിലെത്തിയത് റോയൽ എയർഫോഴ്‌സിന്റെ അകമ്പടിയിൽ. പ്രതിരോധ രംഗത്തെ പങ്കാളിയായ ഇന്ത്യയുടെ പ്രധാനമന്ത്രിക്ക്, സൗദി അതിർത്തി മുതൽ റോയൽ എയർഫോഴ്‌സിന്റെ അകമ്പടിയുണ്ടായിരുന്നു. ജിദ്ദയിൽ മക്ക ഡെപ്യൂട്ടി ഗവർണർ സഊദ് ബിൻ മിഷാൽ രാജകുമാരൻ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ജിദ്ദയിലെ റിറ്റ്‌സ്‌കാൾട്ടണിൽ നേരത്തെ അനുമതി ലഭിച്ച ഇന്ത്യക്കാരും അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. സൗദി പൗരനായ ഹാഷിം അബ്ബാസ് പാട്ടുപാടിയാണ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്.
ഇന്ത്യൻ സമയം വൈകീട്ട് മൂന്നു മണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജിദ്ദയിലെത്തിയത്. സൗദി വാണിജ്യ മന്ത്രി മാജിദ് അൽ ഖസബിയും മക്ക ഡെപ്യൂട്ടി ഗവർണറുടെ കൂടെയെത്തി. വിദേശകാര്യ മന്ത്രിയും സംഘവും മോദിക്കൊപ്പം ജിദ്ദ റിറ്റ്‌സ്‌കാൾട്ടനിലെത്തി. ഇവിടെ നേരത്തെ സജ്ജമാക്കിയ ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധികൾ അദ്ദേഹത്തെ വരവേറ്റു. സൗദി ഗായകൻ ഹാഷിം അബ്ബാസ് യേ വതൻ എന്ന ഹിന്ദി ഗാനം പാടിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
നാളെ സൗദിയിലെ ഇന്ത്യക്കാർ കൂടുതലുള്ള ഫാക്ടറി പ്രധാനമന്ത്രി സന്ദർശിക്കും. സൗദിയിലെ ടൂറിസം കേന്ദ്രത്തിലേക്കും അദ്ദേഹം സന്ദർശനം നടത്തിയേക്കുമെന്നാണ് വിവരം.
Adjust Story Font
16

