അമേരിക്ക-ഇറാൻ യുദ്ധവിരാമ കരാർ സ്വാഗതം ചെയ്ത് സൗദി അറേബ്യ
മധ്യസ്ഥത വഹിച്ച ഖത്തറിനും പാകിസ്താനും അഭിനന്ദനം

റിയാദ്: അമേരിക്കയും ഇറാനും തമ്മിൽ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാനും യുദ്ധവിരാമത്തിൽ ഏർപ്പെടാനുമായുള്ള ധാരണയെ സ്വാഗതം ചെയ്ത് സൗദി അറേബ്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത അവസാനിപ്പിച്ച് സമാധാനത്തിലേക്ക് നീങ്ങുന്നത് മേഖലയ്ക്ക് ഗുണം ചെയ്യുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. യുദ്ധം പൂർണമായി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത 60 ദിവസത്തിനകം വിശദമായ ചർച്ചകൾ ആരംഭിച്ച് സ്ഥിരമായ ഒരു സമാധാന കരാറിൽ ഒപ്പുവെക്കാനാണ് അമേരിക്കയും ഇറാനും തമ്മിൽ ധാരണയായിരിക്കുന്നത്.
ഈ സുപ്രധാന നയതന്ത്ര നീക്കത്തിന് പിന്നിൽ പ്രവർത്തിച്ച ഖത്തറിന്റെയും പാകിസ്താന്റെയും മധ്യസ്ഥ ശ്രമങ്ങളെ സൗദി പ്രശംസിച്ചു. ആഗോള എണ്ണവ്യാപാരത്തിന്റെ നിർണായക പാതയായ ഹോർമുസ് കടലിടുക്കിലെ സുരക്ഷയും കപ്പൽ ഗതാഗത സ്വാതന്ത്ര്യവും ഫെബ്രുവരി 28-ന് മുമ്പുണ്ടായിരുന്ന പഴയ അവസ്ഥയിലേക്ക് എത്രയും വേഗം പുനസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും സൗദി പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. പ്രാദേശിക രാജ്യങ്ങളുടെ സുരക്ഷാ താല്പര്യങ്ങൾ സംരക്ഷിക്കുന്നതും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്ന തത്വം പാലിക്കുന്നതുമായ ഒരു സ്ഥിരമായ സമാധാന ഉടമ്പടിയിലൂടെ മാത്രമേ പശ്ചിമേഷ്യയിലും ആഗോളതലത്തിലും സുരക്ഷിതത്വം ഉറപ്പാക്കാൻ സാധിക്കുകയുള്ളൂവെന്നും സൗദി വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
എല്ലാ മേഖലകളിലെയും യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് യാതൊരുവിധ നിയന്ത്രണങ്ങളോ ഫീസുകളോ ഇല്ലാതെ തുറന്നുനൽകാനും ധാരണയായതായി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കാസിം ഗരീബാബാദിയും സംയുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനിയൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയിരുന്ന ഉപരോധം നീക്കുമെന്നും 60 ദിവസത്തിനകം ഇരുരാജ്യങ്ങളും സ്ഥിരമായ ഒരു സമാധാന ഉടമ്പടിയിലെത്താൻ ചർച്ചകൾ പൂർത്തിയാക്കുമെന്നും കരാറിൽ വ്യക്തമാക്കുന്നു.
Adjust Story Font
16

