ലണ്ടനിൽ സൗദി വിദ്യാർഥി കൊല്ലപ്പെട്ടു
സംഭവത്തിൽ ബ്രിട്ടീഷ് പൗരന്മാരായ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

റിയാദ്: ലണ്ടനിലെ കേംബ്രിഡ്ജിൽ സൗദി വിദ്യാർഥി കൊല്ലപ്പെട്ടു. താമസ സ്ഥലത്തേക്ക് മടങ്ങും വഴി കൃത്രിമമായി സംഘർഷ സാഹചര്യം സൃഷ്ടിച്ച് വിദ്യാർഥിയെ അക്രമികൾ കുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. രാത്രി 11.30 ന് താമസ സഥലത്തേക്ക് മടങ്ങുന്നതിനിടെ അക്രമികൾ വിദ്യാർഥിയായ മുഹമ്മദ് യൂസുഫ് അൽ ഖാസിമിനെ വളയുകയും ശേഷം കൃത്രിമമായി സംഘർഷ സാഹചര്യം ഉണ്ടാക്കി പ്രതികൾ ഇദ്ദേഹത്തെ കുത്തിപ്പരിക്കേല്പിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക കണ്ടെത്തൽ. പ്രതികളിൽ ഒരാൾ മിൽ പാർക്കിൽ വെച്ച് യൂസുഫ് അൽ ഖാസിമുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാവാം കൊലക്ക് കാരണമെന്നാണ് വിലയിരുത്തൽ. അറസ്റ്റിലായവരിൽ ഒരാൾക്ക് 21 വയസും, രണ്ടാമന് 50 വയസുമാണ് പ്രായം.
കേംബ്രിഡ്ജിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ഇഎഫ് ഇന്റർനാഷണൽ ഭാഷാ കോളേജിലെ വിദ്യാർഥിയാണ് കൊലചെയ്യപ്പെട്ട മുഹമ്മദ് യൂസുഫ് അൽ ഖാസിം. 10 ആഴ്ചയോളം നീണ്ടു നിൽക്കുന്ന ഭാഷാ പഠന കോഴ്സിന് വേണ്ടിയാണ് യൂസുഫ് അൽ ഖാസിം ഭാഷാ കോളേജിൽ എത്തുന്നത്. സംഭവത്തിൽ ബ്രിട്ടീഷ് പൊലീസിന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. വിദ്യാർഥിയുടെ മൃതദേഹം സൗദിയിലേക്ക് കൊണ്ടുവരുന്നതിനായുള്ള നടപടികൾ സൗദി എംബസിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്.
Adjust Story Font
16

