പൈതൃകപ്പെരുമ വിളിച്ചോതി...; സാംസ്കാരിക ഉത്സവമായ ദിരിയ സീസൺ സമാപിച്ചു
സ്വദേശികളും വിദേശികളുമായ ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് മേളയിൽ സന്ദർശനത്തിനെത്തിയത്

റിയാദ്: ചരിത്രവും കലയും പ്രകൃതിയും ഒത്തുചേർന്ന സാംസ്‌കാരിക മാമാങ്കം ദിരിയ സീസൺ 2025-26 ന് തിരശ്ശീല വീണു. 2025 നവംബറിൽ ആരംഭിച്ച് 2026 മാർച്ച് അവസാനം വരെ നീണ്ടുനിന്ന ഈ വിനോദസഞ്ചാര ഉത്സവം, സൗദി അറേബ്യയുടെ പൈതൃകത്തെ ആധുനിക രീതിയിൽ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിൽ വൻ വിജയമായി. അൽ ബുജൈരി പരിസരത്ത് നടന്ന ദിരിയ നോവൽ ഫെസ്റ്റിവലിൽ ലോകമെമ്പാടുമുള്ള എഴുത്തുകാരും ചിന്തകരും ഒത്തുചേർന്നു. സൗദി-ജപ്പാൻ നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികത്തോടനുബന്ധിച്ച് ജാപ്പനീസ് സംസ്‌കാരത്തിന് (ക്യോട്ടോ) പ്രാധാന്യം നൽകിയാണ് ഇത്തവണത്തെ സീസൺ മാർക്കറ്റ് ഒരുക്കിയത്.
വാദി സഫറിലെ പ്രകൃതിഭംഗിയിൽ എക്കോ ഓഫ് ദി വാലി എന്ന പേരിൽ നടന്ന സംഗീത സായാഹ്നങ്ങൾ സൗദി കലകളുടെ മാറ്റ് കൂട്ടി. ചരിത്രപ്രസിദ്ധമായ അൽ മുറയ്യയിൽ സാമിരി, അർദ നൃത്തങ്ങളാൽ ദിരിയ നൈറ്റ്‌സ് സന്ദർശകരെ വരവേറ്റു. യുനെസ്‌കോ പൈതൃക പട്ടികയിലുള്ള തുറൈഫിലെ ആറ് ചരിത്ര കൊട്ടാരങ്ങൾ സന്ദർശിക്കാനും ആദ്യ സൗദി ഭരണകൂടത്തിന്റെ ചരിത്രം അടുത്തറിയാനും സന്ദർശകർക്ക് ഈ മേളയിലൂടെ അവസരം ലഭിച്ചു. അൽ ദുവൈറ പരിസരത്ത് നടന്ന 'അൽ ഹുവൈത്', 'മുസല്ലിയ' പരിപാടികളിലൂടെ കുട്ടികൾക്കും യുവാക്കൾക്കും ദിരിയയുടെ പാരമ്പര്യവും മൂല്യങ്ങളും ഇന്ററാക്ടീവ് കളികളിലൂടെ പഠിക്കാൻ സാധിച്ചു.
സുസ്ഥിരമായ നിർമാണ രീതികളും നജ്ദി വാസ്തുവിദ്യയും ഈ സീസണിൽ പ്രത്യേകം എടുത്തുകാട്ടി. സ്വദേശികളും വിദേശികളുമായ ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് മേളയിൽ സന്ദർശനത്തിനെത്തിയത്. ഇതോടെ സാംസ്‌കാരിക സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ നേട്ടമായി. ദിരിയ ഗേറ്റ് ഡെവലപ്‌മെന്റ് അതോറിറ്റി സി.ഇ.ഒ പ്രിൻസസ് സാറ ബിൻത് ഫഹദ് ബിൻ സൽമാൻ അൽ സൗദിന്റെയും മറ്റു പങ്കാളികളുടെയും പൂർണ പിന്തുണയോടെയാണ് പരിപാടി വിജയകരമായി പൂർത്തിയാക്കിയത്. ലെക്സസ്, ഡോ. സുലൈമാൻ അൽ ഹബീബ് മെഡിക്കൽ ഗ്രൂപ്പ്, ദിരിയ കമ്പനി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ സീസണിന്റെ വിജയത്തിൽ പങ്കാളികളായി.
Adjust Story Font
16

