'പേരുകൾ പ്രവർത്തനമേഖലയെ സൂചിപ്പിക്കുന്നതാകണം'...; സൗദിയിൽ സന്നദ്ധ സംഘടനകളുടെ പേരുകളിൽ നിയന്ത്രണം
തെറ്റിധരിപ്പിക്കുന്നതിനും ഔദ്യോഗിക സ്ഥാപനങ്ങളോട് സാമ്യമുള്ളതിനും വിലക്ക്

റിയാദ്: രാജ്യത്തെ സന്നദ്ധ സംഘടനകൾ, സിവിൽ സ്ഥാപനങ്ങൾ, ഫാമിലി ഫണ്ടുകൾ എന്നിവയുടെ പേര് തിരഞ്ഞെടുക്കുന്നതിനും പ്രവർത്തനങ്ങൾക്കും വ്യക്തമായ നിയന്ത്രണങ്ങളുമായി 'നാഷണൽ സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് നോൺ-പ്രോഫിറ്റ് സെക്ടർ' (NCDNP). തെറ്റിദ്ധരിപ്പിക്കുന്നതോ ഔദ്യോഗിക സ്ഥാപനങ്ങളോട് സാമ്യമുള്ളതോ ആയ പേരുകൾ ഉപയോഗിക്കുന്നതിന് പുതിയ നിയമം കർശന വിലക്കേർപ്പെടുത്തി. ഒരു സംഘടനയുടെ പേര് അതിന്റെ പ്രവർത്തന മേഖലയെയും ലക്ഷ്യത്തെയും കൃത്യമായി സൂചിപ്പിക്കുന്നതായിരിക്കണമെന്നും NCDNP വ്യക്തമാക്കി.
ഗവൺമെന്റ് സ്ഥാപനങ്ങളുടേയോ അന്താരാഷ്ട്ര സംഘടനകളുടെയോ പേരോ ചിഹ്നങ്ങളോ അനുമതിയില്ലാതെ ഉപയോഗിക്കാൻ പാടില്ല. രാജ്യങ്ങൾ, നഗരങ്ങൾ, ഗോത്രങ്ങൾ അല്ലെങ്കിൽ പ്രത്യേക സാമൂഹിക വിഭാഗങ്ങൾ എന്നിവയുടെ പേര് ഉപയോഗിക്കുന്നതും നിരോധിച്ചു. ഭൂമിശാസ്ത്രപരമോ ജനസംഖ്യാപരമോ ആയ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനാണ് ഈ നടപടി. വ്യക്തികളുടെ പേരുകൾ ഉപയോഗിക്കുന്നതിനും നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജീവിച്ചിരിപ്പുള്ള ഒരാളുടെ പേരിൽ സംഘടന തുടങ്ങണമെങ്കിൽ അദ്ദേഹത്തിന്റെ രേഖാമൂലമുള്ള അനുമതി വേണം. മരണപ്പെട്ട വ്യക്തിയാണെങ്കിൽ അനന്തരാവകാശികളുടെ അനുമതി പത്രവും ആവശ്യമാണ്. എന്നാൽ 'സിവിൽ അസോസിയേഷനുകൾ', 'മെർജർ ഫണ്ടുകൾ' എന്നിവയ്ക്ക് വ്യക്തികളുടെ പേര് നൽകാൻ അനുവാദമില്ല.
സംഘടനകളുടെ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ പുതിയ ഗവേണൻസ് നിയമങ്ങളും പുറപ്പെടുവിച്ചു. അസോസിയേഷനുകളുടെ ജനറൽ അസംബ്ലിയിൽ അംഗമാകുന്നതിന് നിശ്ചിത പ്രായപരിധി ഉണ്ടായിരിക്കണം. കൂടാതെ, സാമ്പത്തിക കുറ്റകൃത്യങ്ങളിലോ സദാചാര വിരുദ്ധമായ കേസുകളിലോ ശിക്ഷിക്കപ്പെട്ടവർക്ക് അംഗത്വം ലഭിക്കില്ല. സാധാരണ അംഗങ്ങൾ, പിന്തുണയ്ക്കുന്ന അംഗങ്ങൾ എന്നിങ്ങനെ രണ്ട് വിഭാഗമുണ്ടാകും. ഇതിൽ 'പിന്തുണയ്ക്കുന്ന അംഗങ്ങൾക്ക്' വോട്ട് ചെയ്യാനോ ഭരണസമിതിയിലേക്ക് മത്സരിക്കാനോ അവകാശമുണ്ടായിരിക്കില്ല. സന്നദ്ധ മേഖലയിലെ സുതാര്യതയും വിശ്വാസ്യതയും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം.
Adjust Story Font
16

