തീ വിലയിൽ 'റിയാദ് ഡെർബി'; റീസെയിൽ പ്ലാറ്റ്ഫോമുകളിലെ ടിക്കറ്റുകൾക്ക് 262% വർധനവ്
അൽ ഹിലാൽ-അൽ നസ്ർ നിർണായക പോരാട്ടം നാളെ

റിയാദ്: സൗദി റോഷൻ ലീഗിലെ തീപാറും പോരാട്ടമായ അൽ നസ്ർ-അൽഹിലാൽ മത്സരത്തിനുള്ള ടിക്കറ്റുകൾക്ക് കരിഞ്ചന്തയിൽ വൻ വിലക്കയറ്റം. ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ ടിക്കറ്റുകൾ മിനിറ്റുകൾക്കകം വിറ്റുതീർന്നതോടെ, റീസെയിൽ പ്ലാറ്റ്‌ഫോമുകളിൽ ടിക്കറ്റ് നിരക്ക് 262% വരെ വർധിച്ചതായാണ് റിപ്പോർട്ടുകൾ. ഏപ്രിൽ 30-ന് അൽ അവ്വൽ പാർക്ക് സ്റ്റേഡിയത്തിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോം വഴിയും വീബുക്ക് പ്ലാറ്റ്ഫോം വഴിയുമാണ് ടിക്കറ്റ് വിൽപന ആരംഭിച്ചത്. രണ്ടാമത്തെ ബാച്ച് മെയ് 1നും വിറ്റഴിച്ചിരുന്നു.
തുടക്കത്തിൽ വെറും 10 റിയാലിന് ലഭ്യമായിരുന്ന ടിക്കറ്റുകൾക്ക് ഇപ്പോൾ വൻ ഡിമാൻഡാണ്. പ്രധാന ഗാലറിയിലെ 485 റിയാലിന്റെ ടിക്കറ്റുകൾക്ക് സെക്കന്ററി മാർക്കറ്റിൽ 1,756 റിയാൽ വരെയാണ് വില ഈടാക്കുന്നത്. ഏറ്റവും ഉയർന്ന നിരക്കുള്ള 'ഫീൽഡ് സൈഡ്' ടിക്കറ്റുകൾക്ക് 12,000 റിയാലായിരുന്നു ഔദ്യോഗിക വില. എന്നാൽ റീസെയിൽ പ്ലാറ്റ്‌ഫോമുകളിൽ ഇതിന് 43,470 റിയാൽ വരെയായി ഉയർന്നു. 1,078 റിയാലിന്റെ ഫാൻസ് ലോഞ്ച് ടിക്കറ്റുകൾ 3,905 റിയാൽ വരെ നൽകിയാണ് ആരാധകർ സ്വന്തമാക്കുന്നത്.
ടിക്കറ്റ് വിപണിയിലെ തട്ടിപ്പുകൾ തടയാൻ അൽ അവ്വൽ പാർക്ക് സ്റ്റേഡിയം അധികൃതർ കർശന നടപടി ആരംഭിച്ചു. നിയമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെട്ട 1,458 ടിക്കറ്റുകൾ അധികൃതർ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. ഈ ടിക്കറ്റുകൾ ഉപയോഗിച്ച് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ കഴിയില്ലെന്നും തുക തിരികെ ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
ആരാധകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തട്ടിപ്പുകൾ ഒഴിവാക്കുന്നതിനുമായി ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി മാത്രം ടിക്കറ്റുകൾ വാങ്ങണമെന്ന് അധികൃതർ 'X' ലൂടെ മുന്നറിയിപ്പ് നൽകി. അൽ നസർ സ്റ്റേഡിയമായ അൽ അവ്വൽ പാർക്കിലാണ് നാളെ ഈ വമ്പൻ പോരാട്ടം നടക്കുന്നത്.
Adjust Story Font
16

