ദുബൈയിൽ മലയാളി കുത്തേറ്റ് മരിച്ചു; മരിച്ചത് കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി ജസീൽ
മുറിയിലെ മറ്റ് സുഹൃത്തുക്കളുടെ വാക്കു തർക്കം പരിഹരിക്കുന്നതിനിടെ കുത്തേൽക്കുകയായിരുന്നുവെന്നാണ് വിവരം

ദുബൈ: മലയാളി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ് മരിച്ചത്. ദുബൈ അൽഖൂസിലെ അൽമനാർ സെന്‍ററിന് പിറകിലായുള്ള താമസ കെട്ടിടത്തിലാണ് സംഭവം. മുറിയിലെ മറ്റ് സുഹൃത്തുക്കളുടെ വാക്കു തർക്കം പരിഹരിക്കുന്നതിനിടെ കുത്തേൽക്കുകയായിരുന്നുവെന്നാണ് വിവരം. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ജസീലിനെ ദുബൈ പൊലീസ് റാശിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കേസിലെ പ്രതിയും മലയാളിയാണ്. തൊട്ടടുത്ത മുറിയിലുള്ളവർ മദ്യപിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തർക്കത്തിലേക്ക് വഴിവെച്ചത്. ജസീലിനൊപ്പം താമസിക്കുന്നവർ മദ്യപാനം ചോദ്യം ചെയ്തതോടെ ആക്രമിക്കപ്പെടുകയായിരുന്നു. ഈ സമയം പുറത്തുനിന്ന് ഭക്ഷണം കഴിച്ചെത്തിയ ജസീൽ തർക്കം പരിഹരിക്കാനായി സംസാരിക്കുന്നതിനിടെ മദ്യപാനി കഴുത്തിന് കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് പ്രതിയെ കീഴടക്കിയത്. മൃതദേഹം ദുബൈ റാശിദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Adjust Story Font
16

