Quantcast

യുഎഇയിലെ പാസ്‌പോർട്ട് സേവനം നിയമക്കുരുക്കിൽ; ഒരാഴ്ചയായി അപേക്ഷകർ പ്രതിസന്ധിയിൽ

അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് സേവനങ്ങൾ ഏറ്റെടുക്കാനിരിക്കേയാണ് കേസ്

MediaOne Logo

Web Desk

  • Published:

    1 July 2026 6:35 PM IST

Passport service in the UAE is in crisis due to legal issues, applicants are in crisis
X

അബൂദബി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനം നിയമക്കുരുക്കിൽ. സേവനത്തിന്റെ കരാർ പുതിയ കമ്പനിയെ ഏൽപിച്ചത് ചോദ്യം ചെയ്ത് ഇ ട്രാവ് ടെക് എന്ന കമ്പനി സുപ്രീം കോടതിയേയും ഡൽഹി ഹൈക്കോടതിയെയും സമീപിച്ചതോടെയാണ് പ്രശ്‌നങ്ങൾ ഉടലെടുത്തത്. ഇന്ന് മുതൽ കോഴിക്കോട് ആസ്ഥാനമായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് സേവനങ്ങൾ ഏറ്റെടുക്കാനിരിക്കേയാണ് കേസ്. പുതിയ പാസ്‌പോർട്ട് അപേക്ഷകൾ സ്വീകരിക്കാനുള്ള നടപടികൾ ഒരാഴ്ചയായി ഏതാണ്ട് മുടങ്ങിയ നിലയിലാണ്. അടിയന്തര സാഹചര്യത്തിൽ മാത്രമേ അബൂദബിയിലെ ഇന്ത്യൻ എംബസിയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റും നേരിട്ട് പാസ്‌പോർട്ട് അപേക്ഷ സ്വീകരിക്കൂ.

വർഷങ്ങളായി ബി.എൽ.എസ്. ഇന്റർനാഷണൽ എന്ന് കമ്പനിയാണ് യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് വിസാ സേവനങ്ങൾ ഏറ്റെടുത്ത് നടത്തിയിരുന്നത്. പുതിയ കമ്പനി ജുലൈ ഒന്ന് മുതൽ സേവനം ഏറ്റെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. ജൂൺ 25 മുതൽ ബി.എൽ.എസ്. കേന്ദ്രങ്ങൾ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചിരുന്നു. നിലവിൽ പുതിയ അപേക്ഷകൾ നൽകാൻ സംവിധാനമില്ല. എംബസിയും കോൺസുലേറ്റും നേരിട്ട് അപേക്ഷകൾ സ്വീകരിക്കുമെങ്കിലും അടിയന്തര സ്വഭാവമുള്ളത് മാത്രമാണ് സ്വീകരിക്കുക. ദിവസം ശരാശരി മൂവായിരത്തോളം പ്രവാസികളുടെ പാസ്‌പോർട്ട് അപേക്ഷകളിൽ നടപടി സ്വീകരിക്കേണ്ട രാജ്യമാണ് യുഎഇ.

പുതിയ കമ്പനിയെ കണ്ടെത്താൻ നടത്തിയ ടെൻഡർ നടപടികളെ ചോദ്യം ചെയ്ത് ഇ ട്രാവ് ടെക് കമ്പനി കേന്ദ്രസർക്കാറിന് എതിരെ നൽകിയ കേസ് വാദം കേൾക്കാൻ ഡൽഹി ഹൈക്കോടതി നാളേക്ക് മാറ്റി. ജൂൺ 30 വരെ എംബസിയും കോൺസുലേറ്റും അപേക്ഷ നേരിട്ട് സ്വീകരിക്കും എന്നാണ് അധികൃതർ നേരത്തേ അറിയിച്ചിരുന്നത്. പിന്നീടത് ജൂലൈ ഒന്ന് വരെയാക്കി. നാളെ മുതൽ എന്ത് നടപടി എന്ന് പിന്നീട് അറിയിക്കുമെന്ന് അബൂദബിയിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. കേസിൽ തീർപ്പ് നീണ്ടുപോയാൽ യുഎഇയിലെ പ്രവാസികളുടെ പാസ്‌പോർട്ട് സേവനം കൂടുതൽ പ്രതിസന്ധിയിലാകും.

TAGS :

Next Story