മുട്ട കഴുകി ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ
പലപ്പോഴും ഒരുമിച്ച് മുട്ട വാങ്ങുമ്പോൾ അതിന് പുറമെയുള്ള അഴുക്ക് കളഞ്ഞ് വൃത്തിയായി സൂക്ഷിക്കാനാണ് ആളുകൾ മുട്ട കഴുകാറുള്ളത്. എന്നാൽ ശാസ്ത്രീയമായി പറഞ്ഞാൽ മുട്ട കഴുകുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുകയെന്നാണ് പഠനങ്ങൾ

മിക്കയാളുകളും ചെയ്യാറുള്ളതും എന്നാൽ അപകടം വിളിച്ചുവരുത്തുന്നതുമായ ശീലമാണ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് മുമ്പായി മുട്ട കഴുകുന്നത്. പലപ്പോഴും ഒരുമിച്ച് മുട്ട വാങ്ങുമ്പോൾ അതിന് പുറമെയുള്ള അഴുക്ക് കളഞ്ഞ് വൃത്തിയായി സൂക്ഷിക്കാനാണ് ആളുകളിത് ചെയ്യാറുള്ളത്. എന്നാൽ ശാസ്ത്രീയമായി പറഞ്ഞാൽ മുട്ട കഴുകുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുകയെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
മുട്ടയുടെ പുറംതോടിന് പുറത്തായി പ്രകൃതിദത്തമായ മറ്റൊരു സംരക്ഷണ കവചമുണ്ട്. ക്യൂട്ടിക്കിൾ അല്ലെങ്കിൽ ബ്ലൂം എന്ന് വിളിക്കുന്ന ഇവ മുട്ടയുടെ തോടിലുള്ള സൂക്ഷ്മ സുഷിരങ്ങളിലൂടെ ബാക്ടീരിയകൾ ഉള്ളിലേക്ക് കടക്കുന്നത് തടയുന്നു. എന്നാൽ മുട്ട കഴുകുന്നതിലൂടെ ഈ സംരക്ഷണ പാളി നഷ്ടപ്പെടുകയും സാൽമൊണല്ല പോലുള്ള അപകടകാരികളായ ബാക്ടീരിയകൾ മുട്ടയുടെ ഉള്ളിലേക്ക് കടക്കുന്നതിന് കാരണമായേക്കാം. വയറിളക്കമടക്കമുള്ള രോഗങ്ങളുണ്ടാക്കുന്നതിന് സാൽമൊണല്ല ബാക്ടീരിയ കാരണമാകും.
മുട്ട കഴുകുമ്പോഴുണ്ടാകുന്ന മർദ വ്യത്യാസം കാരണം പുറമെയുള്ള ബാക്ടീരിയകൾ തോടിലെ സുഷിരങ്ങളിലൂടെ ഉള്ളിലേക്ക് കടക്കാൻ സാധ്യത ഏറെയാണ്. ഉദ്ദേശ്യം നല്ലതാണെങ്കിലും കടയിൽ നിന്നും വാങ്ങുന്ന മുട്ടകൾ കഴുകാതെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് ഉത്തമമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മുട്ട കഴുകാതെ വിൽക്കാനുള്ള കാരണവും ഇതുതന്നെയാണ്.
ഇനി മുട്ടയിൽ കാഷ്ടമോ മറ്റ് അഴുക്കുകളോ ഉണ്ടെങ്കിൽ എന്നതാണ് ആശങ്കയെങ്കിൽ വഴിയുണ്ട്. മുട്ട വൃത്തിയാക്കിയേ തീരൂ എന്നാണെങ്കിൽ നനവില്ലാത്ത തുണിയോ പേപ്പർ ടവലോ ഉപയോഗിച്ച് അഴുക്ക് തുടച്ചുമാറ്റുന്നത് സുരക്ഷിതമായ മാർഗം. ഇനി കഴുകിയേ തീരൂ എന്നാണെങ്കിൽ പാകം ചെയ്യുന്നതിന് മുമ്പായി മാത്രം ചെറുചൂടുവെള്ളത്തിൽ കഴുകി അപ്പോൾ തന്നെ ഉപയോഗിക്കുക. മുട്ട വെള്ളത്തിൽ കുതിർത്ത് വെക്കുകയേ അരുത്. കൃത്യമായി പാകം ചെയ്ത് കഴിക്കുന്നതിലൂടെ ബാക്ടീരിയകളെ നശിപ്പിക്കാം.
കൂടാതെ, മുട്ട സൂക്ഷിക്കുമ്പോൾ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. മിക്ക ഫ്രിഡ്ജുകളിലും മുട്ട സൂക്ഷിക്കാനുള്ള േ്രട ഡോറിലാണ് നൽകിയിട്ടുള്ളത്. എന്നാൽ അത് ശരിയല്ല, ഡോറിൽ മുട്ട സൂക്ഷിക്കുന്നത് വഴി ഫ്രിഡ്ജ് ഇടക്കിടെ തുറക്കുകയും അടയ്ക്കുകയും ചെയ്യുമ്പോൾ ഡോറിലെ താപനിലയിൽ വ്യത്യാസം വരും. ഇത് മുട്ട പെട്ടന്ന് കേടാകാൻ കാരണമാകും. അതിനാൽ എപ്പോഴും ഫ്രിഡ്ജിന്റെ അകത്തുള്ള തട്ടുകളിൽ വേണം മുട്ട സൂക്ഷിക്കാൻ.
മുട്ട ട്രേയിൽ വെക്കുമ്പോൾ എപ്പോഴും കൂർത്ത ഭാഗം താഴേക്കും വീതിയുള്ള ഭാഗം മുകളിലേക്കും വരുന്ന രീതിയിൽ വേണം സൂക്ഷിക്കാൻ. മുട്ടയുള്ള വീതിയുള്ള ഭാഗത്താണ് വായു അറയുള്ളത്. ഇത് മുകൾ ഭാഗത്ത് വരുന്നത് മുട്ടയ്ക്കുള്ളിലെ മഞ്ഞക്കുരു നടുവിൽ തന്നെ നിൽക്കാനും ബാക്ടീരിയ ബാധിക്കുന്നത് തടഞ്ഞ് കൂടുതൽ കാലം ഫ്രഷായിരിക്കാനും സഹായിക്കും. ഫ്രിഡ്ജിൽ തുറന്നുവെക്കുന്നത് മുട്ടയുടെ രുചിയെ ബാധിക്കുമെന്ന കാര്യവും ഓർമയിലിരിക്കട്ടെ.
ഇനി മുട്ട പഴകിയതാണോ എന്ന സംശയമുണ്ടെങ്കിൽ പരിശോധിക്കാൻ വഴിയുണ്ട്. ഒരു ഗ്ലാസ് വെള്ളത്തിൽ മുട്ട സാവധാനമിടുക. മുട്ട പാത്രത്തിന്റെ അടിയിൽ തന്നെ കിടക്കുകയാണെങ്കിൽ അത് നല്ലതാണ്, ഇനി വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുകയാണെങ്കിൽ അത് കേടായതോ പഴയതോ ആയ മുട്ടയാണെന്നുമാണർഥം.
Adjust Story Font
16

