ആമാശയ ക്യാൻസർ: തുടക്കത്തിൽ തിരിച്ചറിയാൻ പ്രയാസം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
സാധാരണ ദഹനപ്രശ്നങ്ങളായി കരുതി പലരും അവഗണിക്കുന്ന ലക്ഷണങ്ങളാണ് ആമാശയ ക്യാൻസറിന്റെ ആദ്യ സൂചനകളെന്ന് വിദഗ്ധർ പറയുന്നു

- Published:
8 May 2026 9:52 PM IST

മുംബൈ: ലോകമെമ്പാടും മരണനിരക്ക് വർധിച്ചുവരുന്ന ഗുരുതരമായ രോഗങ്ങളിൽ ഒന്നാണ് ആമാശയ ക്യാൻസർ (Stomach Cancer). എന്നാൽ, ലക്ഷണങ്ങൾ നോക്കി പ്രാരംഭ ഘട്ടത്തിൽ രോഗം തിരിച്ചറിയാൻ ഏറെ ബുദ്ധിമുട്ടാണ്. കാരണം മറ്റൊന്നുമല്ല, നമ്മുടെ നിത്യജീവിതത്തിൽ പലപ്പോഴും ഉണ്ടാവുന്ന പ്രയാസങ്ങൾ തന്നെയാണ് ഇതിൻ്റെ ലക്ഷണങ്ങൾ. സാധാരണ ദഹനപ്രശ്നങ്ങളായി കരുതി പലരും അവഗണിക്കുന്ന ലക്ഷണങ്ങളാണ് ആമാശയ ക്യാൻസറിന്റെ ആദ്യ സൂചനകളെന്ന് താനെ കെംസ് ഹോസ്പിറ്റലിലെ ജിഐ & എച്ച്പിബി ഓങ്കോസർജറി കൺസൾട്ടന്റ് ഡോ. സനേയ പാൻഡ്രോവാല വ്യക്തമാക്കുന്നു.
രോഗത്തിന്റെ തുടക്കത്തിൽ ശരീരം നൽകുന്ന സൂചനകൾ വളരെ സൂക്ഷ്മമായിരിക്കും. അവ താഴെ പറയുന്നവയാണ്:
- മാറാത്ത ദഹനക്കേട്: സാധാരണ ചികിത്സകൾ നൽകിയിട്ടും ഭേദമാകാത്ത ദഹനപ്രശ്നങ്ങൾ.
അല്പം കഴിക്കുമ്പോഴേക്കും വയർ നിറഞ്ഞ അനുഭവം: ചെറിയ അളവിൽ ഭക്ഷണം കഴിക്കുമ്പോൾ തന്നെ വയർ വല്ലാതെ നിറഞ്ഞതായും ഭാരമുള്ളതായും അനുഭവപ്പെടുക.
- വയർ വീർക്കുക: അകാരണമായി വയർ വീർത്തുവരികയും അത് ആഴ്ചകളോളം നീണ്ടുനിൽക്കുകയും ചെയ്യുക.
രോഗം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതോടെ കൂടുതൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. അവ താഴെ പറയുന്നവയാണ്.
- ഭക്ഷണത്തോടുള്ള വിരക്തി: പെട്ടെന്ന് വിശപ്പ് കുറയുന്നതും അതിനോടൊപ്പം ശരീരഭാരം അകാരണമായി കുറയുന്നതും ഗൗരവമായി കാണണം.
- വയറിന്റെ മുകൾഭാഗത്തെ അസ്വസ്ഥത: വയറിന്റെ മുകൾഭാഗത്ത് അനുഭവപ്പെടുന്ന ചെറുതായുള്ള വേദനയോ അസ്വസ്ഥതയോ ആണ് മറ്റൊരു ലക്ഷണം.
- മടുപ്പും ക്ഷീണവും: ആമാശയത്തിനുള്ളിലെ രക്തസ്രാവം മൂലം വിളർച്ച ഉണ്ടാവുകയും ഇത് കഠിനമായ ക്ഷീണത്തിലേക്ക് നയിക്കുകയും ചെയ്യാം.
രോഗം സങ്കീർണ്ണമാകുമ്പോൾലക്ഷണങ്ങൾ കൂടുതൽ പ്രകടമാകും, അവ ഇവയാണ്
- ഭക്ഷണം ഇറക്കാൻ പ്രയാസം അനുഭവപ്പെടുക (തൊണ്ടയിൽ തടയുന്ന അവസ്ഥ).
- മനംപിരട്ടലും ഇടയ്ക്കിടെയുള്ള ഛർദ്ദിയും.
- രക്തം ഛർദ്ദിക്കുകയോ അല്ലെങ്കിൽ മലം കറുത്ത നിറത്തിൽ (Tar-like) പോകുകയോ ചെയ്യുന്നത് അടിയന്തര ചികിത്സ ആവശ്യമായ ഗുരുതര സാഹചര്യമാണ്.
ആരൊക്കെ ശ്രദ്ധിക്കണം?
40 വയസ്സിന് മുകളിലുള്ളവർ താഴെ പറയുന്ന സാഹചര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം:
- പുകവലിക്കുന്നവർ.
- ഹെലിക്കോബാക്റ്റർ പൈലോറി (H. pylori) അണുബാധയുള്ളവർ.
- കുടുംബത്തിൽ ആർക്കെങ്കിലും ഗ്യാസ്‌ട്രോഇന്റസ്റ്റൈനൽ ക്യാൻസർ വന്ന ചരിത്രമുള്ളവർ.
സാധാരണ ഗ്യാസ്ട്രിക് പ്രശ്നങ്ങളോ ആസിഡ് റിഫ്ലക്സോ ആയും ഇത്തരം ലക്ഷണങ്ങൾ വരാം. എന്നാൽ ഏതെങ്കിലും ലക്ഷണം രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയോ കൂടുതൽ വഷളാകുകയോ ചെയ്താൽ ഉടൻ തന്നെ ഒരു എൻഡോസ്കോപ്പി വഴി പരിശോധന നടത്തുന്നത് ഉചിതമാണ്. രോഗം നേരത്തെ കണ്ടെത്തുന്നത് ചികിത്സ കൂടുതൽ ഫലപ്രദമാക്കാൻ സഹായിക്കും.
Adjust Story Font
16
