ഭക്ഷ്യവിഷബാധ വീട്ടിൽ നിന്നും ഉണ്ടാകാം, ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
പുറത്തുനിന്നു കഴിക്കുന്ന ഭക്ഷണമാണ് പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാറുള്ളത് എന്നാണ് നമ്മുടെ പൊതുവേയുള്ള ധാരണ. എന്നാൽ, നമ്മുടെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിൽ നിന്നും ഭക്ഷ്യവിഷബാധയേൽക്കാൻ സാധ്യതയുണ്ടെന്ന് എത്രപേർക്കറിയാം?

പുറത്തുനിന്നു കഴിക്കുന്ന ഭക്ഷണമാണ് പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാറുള്ളത് എന്നാണ് നമ്മുടെ പൊതുവേയുള്ള ധാരണ. എന്നാൽ, നമ്മുടെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിൽ നിന്നും ഭക്ഷ്യവിഷബാധയേൽക്കാൻ സാധ്യതയുണ്ടെന്ന് എത്രപേർക്കറിയാം? ചെറിയ ചില അശ്രദ്ധകൾ മതി, ആരോഗ്യത്തോടെ കഴിക്കുന്ന വീട്ടുഭക്ഷണം വില്ലനാകാൻ.
ഏതു കാലാവസ്ഥയിലും വില്ലനാകാൻ സാധ്യതയുള്ള ഭക്ഷ്യവിഷബാധയെ ലളിതമായ ചില ശീലങ്ങളിലൂടെ നമുക്ക് അടുക്കളയിൽ നിന്നുതന്നെ പടികടത്താം. അതിനായി ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:
ശുചിത്വം കൈകളിൽ തുടങ്ങണം
ഭക്ഷണം പാകം ചെയ്യുന്നതിന് മുൻപും കഴിക്കുന്നതിന് മുൻപും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക എന്നത് നിർബന്ധമാക്കുക. പ്രത്യേകിച്ച് ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷവും, മാലിന്യങ്ങൾ കൈകാര്യം ചെയ്ത ശേഷവും, പച്ചമാംസമോ മീനോ തൊട്ട ശേഷവും കൈകൾ വൃത്തിയാക്കാതെ മറ്റ് ഭക്ഷണപദാർഥങ്ങൾ തൊടരുത്. കൈകളിൽ നിന്നാണ് ഭൂരിഭാഗം ബാക്ടീരിയകളും ഭക്ഷണത്തിലേക്ക് പകരുന്നത്.
പച്ചയായതും പാകം ചെയ്തതും വേർതിരിക്കാം
പാകം ചെയ്യാത്ത മീൻ, മാംസം, മുട്ട എന്നിവയിലാണ് ബാക്ടീരിയകൾ വളരാൻ കൂടുതൽ സാധ്യത. അതുകൊണ്ട് ഇവ പാകം ചെയ്ത ഭക്ഷണവുമായി കലരാതെ സൂക്ഷിക്കണം. മീനും ഇറച്ചിയും അരിയാൻ ഉപയോഗിക്കുന്ന കട്ടിങ് ബോർഡും കത്തിയും പച്ചക്കറികൾ അരിയാൻ ഉപയോഗിക്കരുത്. ഇനി ഉപയോഗിക്കുകയാണെങ്കിൽ തന്നെ അവ സോപ്പിട്ട് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക. ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ പച്ചമാംസം എപ്പോഴും താഴത്തെ റാക്കിൽ മാത്രം വെക്കുക.
നന്നായി വേവിച്ചു മാത്രം കഴിക്കുക
ശരിയായി വേവാത്ത ഭക്ഷണങ്ങളിൽ ബാക്ടീരിയകൾ നശിക്കാതെ അവശേഷിക്കാൻ സാധ്യതയുണ്ട്. ചിക്കൻ, മീൻ, മറ്റു മാംസങ്ങൾ എന്നിവ പൂർണമായും വേവിച്ചു എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം കഴിക്കുക. പകുതി വേവിച്ച മുട്ട സ്ഥിരമായി കഴിക്കുന്ന ശീലം ഒഴിവാക്കുന്നതാണ് നല്ലത്. മുൻപ് പാകം ചെയ്ത് വെച്ച ഭക്ഷണമാണെങ്കിൽ നന്നായി ചൂടാക്കിയ ശേഷം മാത്രം ഉപയോഗിക്കുക.
ഫ്രിഡ്ജിന്റെ ഉപയോഗം കൃത്യമാക്കുക
പാകം ചെയ്ത ഭക്ഷണം അധികസമയം പുറത്തുവെക്കരുത്. ബാക്കി വന്ന ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ഫ്രിഡ്ജിലേക്ക് മാറ്റണം. ഫ്രിഡ്ജിൽ വെക്കുമ്പോൾ കാറ്റ് കടക്കാത്ത പാത്രങ്ങളിൽ വേണം സൂക്ഷിക്കാൻ. ഫ്രിഡ്ജിൽ വെച്ച ഭക്ഷണം ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ കഴിച്ചു തീർക്കാൻ ശ്രദ്ധിക്കുക. വളരെ പഴകിയ ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം.
പച്ചക്കറികളും പഴങ്ങളും കഴുകാം
വിപണിയിൽ നിന്നും വാങ്ങുന്ന പഴങ്ങളിലും പച്ചക്കറികളിലും മണ്ണ്, കീടനാശിനികൾ, മാരക ബാക്ടീരിയകൾ എന്നിവ അടങ്ങിയിട്ടുണ്ടാകാം. അതുകൊണ്ട് ഇവ ഉപയോഗിക്കുന്നതിന് മുൻപ് നന്നായി കഴുകണം. ഉപ്പോ വിനാഗിരിയോ ചേർത്ത വെള്ളത്തിൽ കുറച്ചുനേരം മുക്കിവെച്ച ശേഷം നല്ല വെള്ളത്തിൽ കഴുകിയെടുക്കുന്നത് കൂടുതൽ സുരക്ഷിതമാണ്.
അടുക്കളയുടെ വൃത്തി പ്രധാനം
രോഗാണുക്കൾ ഏറ്റവും വേഗത്തിൽ പടരുന്ന ഒരിടമാണ് വൃത്തിയില്ലാത്ത അടുക്കള. പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ച്, അടുക്കള തുടയ്ക്കുന്ന തുണി എന്നിവയിൽ കോടിക്കണക്കിന് ബാക്ടീരിയകൾ ഉണ്ടാകാം. അതിനാൽ ഇവ കൃത്യമായ ഇടവേളകളിൽ മാറ്റണം. പാത്രങ്ങൾ കഴുകുന്ന സിങ്കും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം
മലിനമായ വെള്ളത്തിലൂടെ ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ കുടിക്കാൻ എപ്പോഴും തിളപ്പിച്ചാറ്റിയ വെള്ളമോ കൃത്യമായി ഫിൽറ്റർ ചെയ്ത വെള്ളമോ മാത്രം ഉപയോഗിക്കുക.
കാലാവധി പരിശോധിക്കാം
കടകളിൽ നിന്നും വാങ്ങുന്ന പാക്കറ്റ് ഭക്ഷണങ്ങൾ, മസാലപ്പൊടികൾ, സോസുകൾ എന്നിവ ഉപയോഗിക്കുന്നതിന് മുൻപ് അവയുടെ 'എക്സ്പയറി ഡേറ്റ്' കൃത്യമായി പരിശോധിക്കുക. കാലാവധി കഴിഞ്ഞവ യാതൊരു മടിയും കൂടാതെ കളയുക.
Adjust Story Font
16

