TMC വിട്ടതിന് പിന്നാലെ യൂസുഫ് പഠാന് ബിജെപിയുടെ സമ്മാനം; 978 ചതുരശ്ര മീറ്റർ പ്ലോട്ട് അനുവദിക്കാൻ ഗുജറാത്ത് സർക്കാർ
രണ്ട് വർഷം മുമ്പ് കൈയേറ്റ നോട്ടീസ് നൽകിയ ഭൂമിയിൽ നിർണായക നീക്കം; 500 ചതുരശ്ര മീറ്റർ സൗജന്യമായി, ബാക്കി ഇളവുനിരക്കിൽ

അഹമ്മദാബാദ്: തൃണമൂൽ കോൺഗ്രസ് (TMC) വിട്ട് രാഷ്ട്രീയ നിലപാട് മാറ്റിയതിന് പിന്നാലെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസുഫ് പഠാന്റെ ഭൂമിത്തർക്കത്തിൽ നിർണായക വഴിത്തിരിവ്. ഗുജറാത്തിലെ വഡോദര മുനിസിപ്പൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 978 ചതുരശ്ര മീറ്റർ പ്ലോട്ട് പത്താന് അനുവദിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതായി റിപ്പോർട്ടുകൾ. ദീർഘകാലമായി നിയമപോരാട്ടം തുടരുന്ന ഭൂമിയിലാണ് ഇപ്പോൾ പുതിയ നീക്കം.
വഡോദരയിലെ തണ്ടൽജ പ്രദേശത്ത് പത്താന്റെ കുടുംബവീടിനോട് ചേർന്നാണ് തർക്കഭൂമി സ്ഥിതി ചെയ്യുന്നത്. സർക്കാർ തീരുമാനപ്രകാരം, 978 ചതുരശ്ര മീറ്ററിൽ 500 ചതുരശ്ര മീറ്റർ വാസ ആവശ്യത്തിനായി സൗജന്യമായി അനുവദിക്കാനാണ് നീക്കം. ശേഷിക്കുന്ന 478 ചതുരശ്ര മീറ്റർ ഭൂമി നിശ്ചിത മൂല്യനിർണയത്തിന്റെ 55 ശതമാനം നിരക്കിൽ കൈമാറാനാണ് നിർദേശം.
ഭൂമിയുടെ ആകെ മൂല്യം ഏകദേശം 20.5 കോടി രൂപയായി കണക്കാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾക്കുള്ള സർക്കാർ നയത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂമി അനുവദിക്കുന്നതെന്നാണ് വിശദീകരണം.
2012-ലാണ് ഭൂമി 99 വർഷത്തെ പാട്ടത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യൂസുഫ് പഠാൻ വഡോദര മുനിസിപ്പൽ കോർപ്പറേഷനെ സമീപിച്ചത്. എന്നാൽ പൊതുലേലം നടത്താതെ ഭൂമി കൈമാറാനുള്ള നിർദേശം സർക്കാർ അംഗീകരിച്ചിരുന്നില്ല.
2024-ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബഹറാംപുർ മണ്ഡലത്തിൽനിന്ന് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചതിന് പിന്നാലെ, ഭൂമിയിലെ കൈയേറ്റം നീക്കണമെന്നാവശ്യപ്പെട്ട് വഡോദര മുനിസിപ്പൽ കോർപ്പറേഷൻ പഠാന് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
2025-ൽ ഗുജറാത്ത് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഭൂമി അനുവദിക്കണമെന്ന പഠാന്റെ ആവശ്യം തള്ളുകയും, ഔദ്യോഗിക അനുമതിയില്ലാതെ ഭൂമി കൈവശംവെച്ചത് കൈയേറ്റമാണെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു.
2026 ആഗസ്റ്റ് 31-നാണ് ഭൂമിയുമായി ബന്ധപ്പെട്ട അപ്പീൽ യൂസുഫ് പഠാൻ ഗുജറാത്ത് ഹൈക്കോടതിയിൽനിന്ന് പിൻവലിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾക്കുള്ള സർക്കാർ നയപ്രകാരം ഭൂമി അനുവദിക്കുന്ന വിഷയം ഭരണതലത്തിൽ പരിഗണിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് ഹരജി പിൻവലിച്ചതായി കോടതി രേഖപ്പെടുത്തി.
2024-ൽ തൃണമൂൽ കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭയിലെത്തിയ യൂസുഫ് പഠാൻ 2026 ജൂണിൽ പാർട്ടി വിട്ട് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ (NCPI) ചേർന്നിരുന്നു. പിന്നാലെയാണ് ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ സർക്കാർ തീരുമാനം പുറത്തുവന്നത്.
രാഷ്ട്രീയ മാറ്റവും ഭൂമി അനുവദിക്കാനുള്ള തീരുമാനവും തമ്മിലുള്ള സമയബന്ധം ചർച്ചയാകുന്നുണ്ടെങ്കിലും, പത്താന്റെ രാഷ്ട്രീയ നിലപാടുമാറ്റമാണ് സർക്കാർ തീരുമാനത്തിന് കാരണമെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഭൂമി കൈമാറ്റത്തിനുള്ള തുടർനടപടികൾ വഡോദര മുനിസിപ്പൽ കോർപ്പറേഷൻ പൂർത്തിയാക്കേണ്ടതുണ്ട്.
Adjust Story Font
16

