ഗ്യാസ് ആണെന്ന് കരുതി അവഗണിക്കല്ലേ! ഈ വയറുവേദന ആമാശയ കാൻസറിന്റെ ലക്ഷണമാകാം
സാധാരണയായി അനുഭവപ്പെടുന്ന ഗ്യാസ്, അസിഡിറ്റി അല്ലെങ്കിൽ വയറിലെ അസ്വസ്ഥതകളെ 'ദഹനക്കേട്' എന്ന ഒറ്റപ്പേരിൽ വിളിച്ച് തള്ളിക്കളയുന്നവരാണ് നമ്മളിൽ അധികം പേരും. എന്നാൽ, ഇത്തരം നിസ്സാരമെന്നു തോന്നുന്ന ശാരീരിക മാറ്റങ്ങൾ ലോകമെമ്പാടും മരണനിരക്കിൽ മുൻപന്തിയിലുള്ള ആമാശയ അർബുദത്തിന്റെ ആദ്യകാല സൂചനകളാകാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു

നമ്മുടെ നിത്യജീവിതത്തിൽ സാധാരണയായി അനുഭവപ്പെടുന്ന ഗ്യാസ്, അസിഡിറ്റി അല്ലെങ്കിൽ വയറിലെ അസ്വസ്ഥതകളെ 'ദഹനക്കേട്' എന്ന ഒറ്റപ്പേരിൽ വിളിച്ച് തള്ളിക്കളയുന്നവരാണ് നമ്മളിൽ അധികം പേരും. എന്നാൽ, ഇത്തരം നിസ്സാരമെന്നു തോന്നുന്ന ശാരീരിക മാറ്റങ്ങൾ ലോകമെമ്പാടും മരണനിരക്കിൽ മുൻപന്തിയിലുള്ള ആമാശയ അർബുദത്തിന്റെ ആദ്യകാല സൂചനകളാകാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തുടക്കത്തിൽ തിരിച്ചറിഞ്ഞാൽ പൂർണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന ഈ രോഗം, പലപ്പോഴും ദഹനസംബന്ധമായ സാധാരണ ലക്ഷണങ്ങളുമായി മാറിപ്പോകുന്നതാണ് മരണസാധ്യത വർധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ ദഹനവ്യവസ്ഥ നൽകുന്ന ഓരോ മാറ്റത്തെയും ഗൗരവത്തോടെ കാണേണ്ടതുണ്ട്.
ദഹനക്കേടും ആമാശയ കാൻസറും തമ്മിലുള്ള പ്രധാന വ്യത്യാസം അവയുടെ ദൈർഘ്യമാണ്. സാധാരണ ദഹനക്കേട് ഭക്ഷണക്രമത്തിലോ ജീവിതശൈലിയിലോ മാറ്റം വരുത്തുമ്പോൾ കുറച്ചു ദിവസങ്ങൾക്കുള്ളിൽ മാറുന്നതാണ്. എന്നാൽ ആമാശയ അർബുദത്തിന്റെ കാര്യത്തിൽ, ലക്ഷണങ്ങൾ വിട്ടുമാറാതെ നിൽക്കുന്നു. ഭക്ഷണം കഴിച്ചാലുടൻ വയർ നിറഞ്ഞതായി തോന്നുക, വയറിന്റെ മുകൾ ഭാഗത്ത് അനുഭവപ്പെടുന്ന വിട്ടുമാറാത്ത വേദന, കഠിനമായ നെഞ്ചെരിച്ചിൽ എന്നിവ ആഴ്ചകളോളം നീണ്ടുനിന്നേക്കാം. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ശരീരഭാരം അതിവേഗം കുറയുന്നത് ആമാശയ കാൻസറിന്റെ ഗൗരവകരമായ ഒരു ലക്ഷണമാണ്. കാൻസർ കോശങ്ങൾ ശരീരത്തിലെ ഊർജം അമിതമായി ഉപയോഗിക്കുന്നതും പരോക്ഷമായി വിശപ്പില്ലായ്മ ഉണ്ടാക്കുന്നതുമാണ് ഭാരം കുറയാൻ കാരണമാകുന്നത്.
ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട് മറ്റൊരു സുപ്രധാന സൂചനയാണ്. തുടക്കത്തിൽ ഖരരൂപത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ തടസ്സം അനുഭവപ്പെടുകയും പിന്നീട് ദ്രവരൂപത്തിലുള്ളവ പോലും വിഴുങ്ങാൻ പ്രയാസമുണ്ടാവുകയും ചെയ്യുന്നത് ആമാശയത്തിലോ അന്നനാളത്തിലോ ഉണ്ടായേക്കാവുന്ന ട്യൂമറിന്റെ വളർച്ചയെയാകാം സൂചിപ്പിക്കുന്നത്. കൂടാതെ, തുടർച്ചയായ ഓക്കാനം, ഛർദ്ദി എന്നിവയും ഗൗരവമായി കാണണം. ആമാശയത്തിനകത്തെ രക്തസ്രാവം മൂലമാണ് മലം കറുത്ത നിറത്തിൽ കാണപ്പെടുന്നത്. ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറയുന്നതും വിട്ടുമാറാത്ത ക്ഷീണവും ആമാശയത്തിലെ അർബുദ കോശങ്ങളുടെ സാന്നിധ്യം മൂലമാകാൻ സാധ്യതയുണ്ട്.
ജീവിതശൈലിയും ഭക്ഷണരീതിയും ആമാശയ കാൻസർ സാധ്യത വർധിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. അമിതമായി ഉപ്പിട്ട ഭക്ഷണങ്ങൾ, ഉണക്കമീൻ, സംസ്കരിച്ച മാംസം, പുകയില ഉപയോഗം, മദ്യപാനം എന്നിവ രോഗസാധ്യത കൂട്ടുന്നു. കൂടാതെ, 'ഹെലിക്കോബാക്റ്റർ പൈലോറി' എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധ ദീർഘകാലം ചികിത്സിക്കാതെ ഇരുന്നാൽ അത് ആമാശയത്തിലെ ആവരണത്തിന് കേടുപാടുകൾ വരുത്തുകയും പിന്നീട് കാൻസറിലേക്ക് നയിക്കുകയും ചെയ്തേക്കാം. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം പകുതിയോളം ആമാശയ അർബുദ കേസുകൾക്കും ഹെലിക്കോബാക്റ്റർ പൈലോറി അണുബാധ കാരണമാകുന്നുണ്ട്. പ്രായമായവരിലും കുടുംബത്തിൽ ആർക്കെങ്കിലും ഈ അർബുദം ഉണ്ടായിട്ടുള്ളവരിലും രോഗസാധ്യത കൂടുതലാണ്.
രോഗം ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ ആധുനിക ചികിത്സാരീതികളിലൂടെ വിജയകരമായി ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കും. എൻഡോസ്കോപ്പി, ബയോപ്സി, സിടി സ്കാൻ തുടങ്ങിയ പരിശോധനകളിലൂടെ രോഗനിർണ്ണയം കൃത്യമായി നടത്താം. ദഹനസംബന്ധമായ പ്രശ്നങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ ഒരു ഗ്യാസ്ട്രോ എൻട്രോളജിസ്റ്റിനെ കണ്ട് പരിശോധന നടത്താൻ മടിക്കരുത്. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ഉപ്പിന്റെ അളവ് കുറയ്ക്കുന്നതും ആമാശയ അർബുദത്തെ പ്രതിരോധിക്കാൻ സഹായിക്കും. ശരീരത്തിന്റെ താളംതെറ്റലുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് വലിയ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങളെ സഹായിക്കും.
Adjust Story Font
16

