ക്ഷേത്ര ദർശനത്തിനെന്ന് പറഞ്ഞ് നാല് ബസുകളിലായി നിരവധി സ്ത്രീകളെ അടുത്ത ജില്ലയിൽ കൊണ്ടുപോയി വോട്ട് ചെയ്യിച്ചു; മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ പരാതിയുമായി സ്ത്രീ
ഒരു പ്രത്യേക പാർട്ടിക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്നും അവർ പറയുന്നു

- Updated:
2026-01-18 11:26:24.0

മഹാരാഷ്ട്ര: മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സ്ത്രീയെ വഞ്ചിച്ച് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി നിർബന്ധിതമായി വോട്ട് ചെയ്യിപ്പിച്ചെന്ന് പരാതി. ബീഡ് ജില്ലയിൽ നിന്നുള്ള ഒരു സ്ത്രീയാണ് പൊലീസിൽ പരാതി നൽകിയത്. ഒരു പ്രത്യേക പാർട്ടിക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്നും അവർ പറയുന്നു. പരാതിക്കാരിയുടെ പേരോ, വോട്ടു ചെയ്ത പാർട്ടിയുടെ പേരോ അധികൃതർ വെളിപ്പെടുത്തിയില്ല. നേരത്തെ വോട്ട് അടയാളപ്പെടുത്താൻ മായാത്ത മഷിക്ക് പകരമായി മാർക്കർ പേന ഉപയോഗിച്ചെന്ന പരാതിയുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
ജനുവരി 15 നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. സ്വയം സഹായസംഘത്തിന്റെ യോഗത്തിനും പുണെ ജില്ലയിലെ ജെജൂരിയിലെ ഖണ്ഡോബ ക്ഷേത്ര ദർശനത്തിനുമാണെന്ന് പറഞ്ഞാണ് പിംപ്രി–ചിഞ്ച്‌വഡിലേക്ക് തന്നെ കൊണ്ടുപോയതെന്ന് സ്ത്രീ പറഞ്ഞു. വോട്ടിംഗ് നടപടികളെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്നും അവർ ആരോപിച്ചു. ഗേവ്രൈ താലൂക്കിലാണ് ഇവരുടെ വീട്.
ബീഡ് ജില്ലയിൽ നിന്നുള്ള നിരവധി സ്ത്രീകളെ നാല് ബസുകളിലായി പിംപ്രി ചിഞ്ച്‌വാഡിലേക്ക് കൊണ്ടുപോയതായി അവർ പറഞ്ഞു. തന്നെ അവിടെവച്ച് വോട്ട് ചെയ്യിച്ചുവെന്നും, പക്ഷേ പൊലീസ് പിടികൂടി വോട്ടെടുപ്പ് ദിവസം വൈകുന്നേരം 6 മണിക്ക് ശേഷം വിട്ടയച്ചുവെന്നും സ്ത്രീ പറഞ്ഞു. വഞ്ചിച്ച സ്ത്രീക്കെതിരെയാണ് താൻ പരാതി നൽകിയതെന്നും ഇതിനെതിരെ കേസെടുക്കണമെന്ന് മാത്രമാണ് ആവശ്യമെന്നും ഇതിന് പ്രതിഫലമായി പണമൊന്നും വാങ്ങിച്ചിട്ടില്ലെന്നും ഇവർ പറഞ്ഞു.
ഇത്തരമൊരു പരാതി ലഭിച്ചതായി ബീഡ് പോലീസ് സൂപ്രണ്ട് നവനീത് കൻവത് സ്ഥിരീകരിച്ചു. പരാതി തുടർ നടപടികൾക്കായി പൂനെ കളക്ടർക്ക് അയയ്ക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
Adjust Story Font
16
