ഇവരെ നിസ്സാരരായി കാണരുതേ; ഇന്ത്യയിലെ ഏറ്റവും വിഷമുള്ള 10 പാമ്പുകൾ
പാമ്പ് കടിയേറ്റുള്ള മരണങ്ങൾ ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണ്

ഇന്ത്യയിലെ വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളിൽ, ഇടതൂർന്ന വനങ്ങൾ മുതൽ കൃഷിയിടങ്ങൾ വരെ, വൈവിധ്യമാർന്ന പാമ്പുകളുടെ ആവാസ കേന്ദ്രമാണ്. അവയിൽ പലതും കൊടും വിഷമുള്ളതും മനുഷ്യർക്ക് ഭീഷണിയുമാണ്. പാമ്പ് കടിയേറ്റുള്ള മരണങ്ങൾ ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണ്. വലിപ്പമോ രൂപമോ നോക്കി പലപ്പോഴും നമ്മൾ നിസ്സാരമായി കാണുന്ന പാമ്പുകൾ പോലും ജീവന് ഭീഷണിയായേക്കാം. ഇന്ത്യയിൽ നിങ്ങൾ ഒരിക്കലും നിസ്സാരമായി കാണരുതാത്ത 10 പാമ്പുകളെക്കുറിച്ച് അറിയാം
1. രാജവെമ്പാല
ലോകത്തിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണ് രാജവെമ്പാല.. അതുപോലെ ഒരു കടിയിൽ ഏറ്റവും കൂടുതൽ അളവ് വിഷം കുത്തിവെക്കാൻ കഴിവുള്ള പാമ്പ്. ഒരൊറ്റ കടിക്ക് ഒരാനയെ വരെ കൊല്ലാൻ ശേഷിയുള്ള വിഷം ഇതിനുണ്ട്. അതേസമയം രാജവെമ്പാല കടിച്ചുള്ള മരണം അത്യപൂർവ്വവുമാണ്. സാധാരണയായി ഇവ മനുഷ്യരെ ആക്രമിക്കാറില്ലെങ്കിലും പ്രകോപിപ്പിച്ചാൽ അപകടകാരിയാണ്.
2. ഇന്ത്യൻ കോബ്ര(മൂര്‍ഖൻ)
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്ന പാമ്പാണ് മൂര്‍ഖൻ. പത്തി ഉയർത്തി നിൽക്കുന്നവ ആയതിനാൽ തന്നെ ഇവയെ മറ്റ് പാമ്പുകളിൽ നിന്ന് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നു.ഇവയുടെ വിഷം നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത് . കടിയേറ്റാൽ മയക്കം , ഛർദ്ദി , മരവിപ്പ് , ബോധക്ഷയം , പേശീവേദന , കാഴ്ച മങ്ങൾ എന്നീ ലക്ഷണങ്ങൾ പ്രധാനമായും കാണപ്പെടുന്നു.
3.അണലി
ഇന്ത്യയിൽ പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ വലിയൊരു പങ്കും അണലി കാരണമാണ്. ഇവയുടെ ആക്രമണ സ്വഭാവവും കടിയേറ്റ ഭാഗത്തെ കോശങ്ങളെ നശിപ്പിക്കുന്ന ഹീമോടോക്സിൻ വിഷവുമാണ് ഇവയെ അപകടകാരിയാക്കുന്നത്.
4.ചുരുട്ടയണലി
അണലിവർഗത്തിൽ പെട്ട ഒരു വിഷപ്പാമ്പാണ് ചുരുട്ടമണ്ഡലി അഥവാ ചുരുട്ടയണലി. വലിപ്പത്തിൽ ചെറുതാണെങ്കിലും ഇവ അത്യന്തം അപകടകാരികളാണ്.
5. വെള്ളിക്കെട്ടൻ
കൂടുതലും രാത്രികാലങ്ങളിൽ മാത്രം ഇര തേടുന്ന പാമ്പാണ് വെള്ളിക്കെട്ടൻ അല്ലെങ്കിൽ ശംഖുവരയൻ .ഇവയുടെ കടി വേദനയില്ലാത്തതാണെങ്കിലും വിഷം അത്യന്തം മാരകമാണ്. ഉറക്കത്തിൽ മരണം സംഭവിക്കാൻ ഇത് കാരണമാകാറുണ്ട്.മോതിരവളയൻ, എട്ടടിവീരൻ, വളവളപ്പൻ, വളയപ്പൻ, കെട്ടുവളയൻ, കരിവേല, രാജില, വളകഴപ്പൻ, വളേർപ്പൻ, കെട്ടുപൊളപ്പൻ എന്നിങ്ങനെ പലപേരുകളിൽ കേരളത്തിൽ പ്രാദേശികമായു ഇവ അറിയപ്പെടുന്നു.
6. മഞ്ഞവരയൻ
ഉത്തരേന്ത്യക്കാരുടെ രാജസർപ്പം എന്നറിയപ്പെടുന്ന ഒരു വിഷപ്പാമ്പാണ് മഞ്ഞവരയൻ (Banded krait).ആക്രമണ സ്വഭാവം കുറവാണെങ്കിലും വിഷത്തിന് കുറവൊന്നുമില്ല. ഇത് സാധാരണയായി തണ്ണീർത്തടങ്ങളിലും വനപ്രദേശങ്ങളിലും കാണപ്പെടുന്നത്.
7.മുളമണ്ഡലി
പച്ചനിറത്തിലുള്ള ഇവ ഇലകൾക്കിടയിൽ ഒളിച്ചിരിക്കാൻ മിടുക്കരാണ്.സാധാരണയായി കാട്ടുപ്രദേശങ്ങളിലാണ് ഇവ കണ്ടുവരുന്നത്. അത്ര വിഷമില്ലെങ്കിലും കടിയേറ്റാൽ ഒരാഴ്ചയോളം നല്ല പനിയും ഛർദിയും നീരും തുടങ്ങിയ ശാരീരികാസ്വസ്ഥ്യങ്ങൾ ഉണ്ടാവാറുണ്ട് കടിയേറ്റാൽ ചികിത്സ തേടുക.
8. മലബാർ പിറ്റ് വൈപ്പർ
പശ്ചിമഘട്ടത്തിൽ കണ്ടുവരുന്ന ഇവയുടെ നിറം പരിസരവുമായി ചേർന്നുനിൽക്കുന്നതിനാൽ തിരിച്ചറിയാൻ പ്രയാസമാണ്. വിഷം അത്ര മാരകമല്ലെങ്കിലും കടിയേറ്റ ഭാഗത്ത് കഠിനമായ വേദനയും നീരും ഉണ്ടാക്കും.
9.ഇന്ത്യൻ കോറൽ സ്നേക്ക്
ഇന്ത്യയിൽ കണ്ടുവരുന്ന പാമ്പുകളിൽ വലിപ്പക്കുറവ് കൊണ്ടും ആകർഷകമായ നിറം കൊണ്ടും പലപ്പോഴും ആളുകൾ നിസ്സാരമായി കാണുന്ന ഒന്നാണ് ഇന്ത്യൻ കോറൽ സ്നേക്ക്.രാജവെമ്പാലയെയും മൂർഖനെയും പോലെ ന്യൂറോടോക്സിൻ വിഭാഗത്തിൽപ്പെട്ട അതീവ പ്രഹരശേഷിയുള്ള വിഷമാണ് ഇവയ്ക്കുള്ളത്.
10.ആൻഡമാൻ കോബ്ര
ആൻഡമാൻ ദ്വീപുകളിൽ മാത്രം കാണപ്പെടുന്ന ഈ മൂർഖൻ ഇനം കടുത്ത വിഷമുള്ളതാണ്. സാധാരണ മൂർഖൻ പാമ്പുകളുമായി രൂപസാദൃശ്യമുണ്ടെങ്കിലും ഇവയുടെ നിറത്തിലും പത്തിയിലെ അടയാളത്തിലും വ്യത്യാസമുണ്ടാകാം. മഞ്ഞ കലർന്ന ചാരനിറമോ കറുപ്പോ ഇവയ്ക്ക് ഉണ്ടാകാറുണ്ട്.
Adjust Story Font
16

