Quantcast

വീടിന് പുറത്തു കളിച്ചുകൊണ്ടിരുന്ന പത്ത് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; അയൽവാസി അറസ്റ്റിൽ

മെയ് 21ന് രാത്രി 8.30ന് വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെയാണ് കാണാതായത്

MediaOne Logo
വീടിന് പുറത്തു കളിച്ചുകൊണ്ടിരുന്ന പത്ത് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; അയൽവാസി അറസ്റ്റിൽ
X

ചെന്നൈ: കോയമ്പത്തൂരിലെ സുലൂരിൽ വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന പത്തുവയസുകാരിയെ അയൽക്കാരൻ ലൈംഗികമായി പീഡിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തി. വ്യാഴാഴ്ച നടന്ന സംഭവം തമിഴ്നാട്ടിലുടനീളം വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ടിവികെ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു.

മെയ് 21ന് രാത്രി 8.30ന് വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെയാണ് കാണാതായത്. രാത്രി 10 മണിയോടെ കേസ് രജിസ്റ്റര്‍ ചെയ്യുകയും പെൺകുട്ടിയെ അഞ്ച് പ്രത്യേക സംഘങ്ങൾ രൂപീകരിക്കുകയും ചെയ്തു. അന്വേഷണത്തിനിടെ, അയൽവാസിയായ 33 വയസ്സുള്ള കാർത്തിയെയും കുട്ടിയോടൊപ്പം കാണാതായതായി മനസിലായതായി പൊലീസ് പറഞ്ഞു. കാവേരി ഡെൽറ്റ മേഖലയിലെ നാഗപട്ടണം ജില്ലയിൽ നിന്നുള്ള കാർത്തി കഴിഞ്ഞ കുറച്ച് വർഷങ്ങളായി സുലൂരിലാണ് താമസിക്കുന്നത്.

"കോയമ്പത്തൂരിലെ ഒരു അപ്പാർട്ട്മെന്‍റിന്‍റെ ഒന്നാം നിലയിൽ പ്രതി ഒളിച്ചിരിക്കുന്നതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. പൊലീസ് സംഘത്തെ കണ്ടയുടനെ പ്രതി ഒന്നാം നിലയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനെ തുടര്‍ന്ന് വലതുകൈയ്ക്കും വലതുകാലിനും ഒടിവുകൾ സംഭവിച്ചു," പൊലീസ് പറയുന്നു. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് പിന്നീട് ഒരു തെങ്ങിൻ തോപ്പിനുള്ളിൽ കൊലപ്പെടുത്തിയതായി ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. കാർത്തിയെ സഹായിച്ചതിന് മറ്റൊരു അയൽക്കാരനായ മോഹനെ (30) അറസ്റ്റ് ചെയ്തതായും ഐജി പറഞ്ഞു.

സംഭവത്തെ ഭീകരമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി വിജയ് പെൺകുട്ടിക്ക് നീതി ഉറപ്പാക്കുമെന്നും രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിൽ തന്‍റെ സര്‍ക്കാര്‍ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സര്‍ക്കാരിനെതിരെ കടുത്ത ചോദ്യങ്ങളുമായി ഡിഎംകെയും എഐഡിഎംകെയും രംഗത്തെത്തി.

"ഈ ഹീനമായ സംഭവം രാജ്യമെമ്പാടും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. സംഭവത്തിൽ യഥാർഥ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ശബ്ദം എല്ലാ ഭാഗത്തുനിന്നും മുഴങ്ങുന്നു. വെറും 12 ദിവസത്തിനുള്ളിൽ ലൈംഗിക അതിക്രമവും കഞ്ചാവ് കടത്തും ഉൾപ്പെടെ 30-ലധികം പ്രധാന സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്'' പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ചൂണ്ടിക്കാട്ടി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ സർക്കാർ ഉറപ്പാക്കണമെന്നും കുറ്റവാളികൾക്ക് നിയമപ്രകാരം ഏറ്റവും കർശനമായ ശിക്ഷ നൽകണമെന്നും എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി ആവശ്യപ്പെട്ടു.

അതേസമയം, പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം ശ്രദ്ധയിൽപ്പെട്ടതായും ഏഴ് ദിവസത്തിനുള്ളിൽ തമിഴ്‌നാട് ഡിജിപിയിൽ നിന്ന് വിശദമായ നടപടി റിപ്പോർട്ട് (എടിആർ) ആവശ്യപ്പെട്ടതായും ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) അറിയിച്ചു.

TAGS :

Next Story