Quantcast

2022ൽ മൂന്ന് മാസത്തിനിടെ ബുൾഡോസർ രാജിന് ഇരയായത് 128 കെട്ടിടങ്ങൾ, കൂടുതലും മുസ്‍ലിംകളുടേത്; റിപ്പോർട്ട് പുറത്തുവിട്ട് ആംനസ്റ്റി

അന്താരാഷ്ട്ര മനുഷ്യാവകാശ നിയമവും സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി പ്രകാരവും ഇത്തരം പൊളിക്കലുകൾ നിരോധിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    8 Feb 2024 9:07 AM GMT

bulldozer raj
X

2022 ഏപ്രിലിനും ജൂണിനുമിടയിൽ ബി.ജെ.പി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലും ആം ആദ്മി പാർട്ടി ഭരിക്കുന്ന ഡൽഹിയിലും ശിക്ഷ നടപടി​യുടെ പേരിൽ 128 കെട്ടിടങ്ങളാണ് അധികൃതർ ബുൾഡോസർ ഉപയോഗിച്ച് തകർത്തതെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ട്. ഇതിൽ കൂടുതലും മുസ്ലിംകളുടേതാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

‘നിങ്ങൾ സംസാരിച്ചാൽ നിങ്ങളുടെ വീട് പൊളിക്കും: ഇന്ത്യയിലെ ബുൾഡോസർ അനീതി’, ‘ഉത്തരവാദിത്തം കണ്ടെത്തൽ: ഇന്ത്യയിലെ ബുൾഡോസർ അനീതിയിൽ ജെ.സി.ബിയുടെ റോളും ഉത്തരവാദിത്തവും’ എന്നീ രണ്ട് റിപ്പോർട്ടുകളാണ് ആംനെസ്റ്റി ബുധനാഴ്ച പ്രസിദ്ധീകരിച്ചത്. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ പൊളിക്കൽ നടന്നത്, 56 എണ്ണം. ഗുജറാത്തിൽ 36ഉം ഡൽഹിയിൽ 25 എണ്ണവും തകർത്തു. അസമിൽ എട്ടും ഉത്തർപ്രദേശിൽ മൂന്നും കെട്ടിടങ്ങൾ ഇക്കാലയളവിൽ ബുൾഡോസർ രാജിന് ഇരയായി.

തങ്ങൾ നേരിടുന്ന അനീതികൾക്കും വിവേചനങ്ങൾക്കും എതിരെ സംസാരിക്കുന്ന മുസ്‌ലിംകൾക്കെതിരെയാണ് ഇത്തരം പ്രതികാര നടപടികൾ കൂടുതലും സർക്കാർ ഉപയോഗിക്കുന്നതെന്ന് ആംനസ്റ്റി ഇന്റർനാഷണൽ കണ്ടെത്തി. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിനും ഇന്ത്യ കക്ഷിയായ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി പ്രകാരവും ഇത്തരം പൊളിക്കലുകൾ നിരോധിച്ചിട്ടുണ്ടെന്ന് സംഘടന വ്യക്തമാക്കി.

കെട്ടിടങ്ങളിലെ താമസക്കാരെയും നിയമവിദഗ്ധരെയും പത്രപ്രവർത്തകരെയും അഭിമുഖം നടത്തി 128 പൊളിക്കലുകളിൽ 63 എണ്ണവും സംഘം ആഴത്തിൽ അന്വേഷിച്ചു. പൊളിക്കുന്നതിന് മുമ്പ് മുസ്‍ലിംകളുടെ പ്രതിഷേധങ്ങളും പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലുകളും റിപ്പോർട്ട് ചെയ്തിട്ടു​ണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

പ്രതിഷേധങ്ങളിലും അക്രമങ്ങളിലും പങ്കെടുത്തതായി സംശയിക്കുന്ന വ്യക്തികളുടെ സ്വത്തുക്കൾ ലക്ഷ്യം വെക്കാൻ ഈ സംസ്ഥാനങ്ങളിലെ ഉന്നത രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും പൊളിക്കുന്നതിന് ഒരു ദിവസം മുമ്പ് തന്നെ ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട് പറയുന്നു. ഉദാഹരണത്തിന് 2022 ജൂണിൽ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് ബി.ജെ.പി വക്താക്കൾ നടത്തിയ മോശം പരാമർശങ്ങൾക്കെതിരെ പ്രയാഗ്രാജിൽ നടന്ന പ്രതിഷേധത്തെത്തുടർന്ന് ബുൾഡോസറുകൾ ‘കുറ്റവാളികളെയും മാഫിയകളെയും’ തകർക്കുന്നത് തുടരുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ഭീഷണിപ്പെടുത്തുകയുണ്ടായി.

പ്രതിഷേധങ്ങൾ സംഘടിപ്പിച്ച പ്രവർത്തകൻ ജാവേദ് മുഹമ്മദിന്റെ വീട് അതേദിവസം തന്നെ അധികൃതർ തകർത്തു. പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിക്കുന്ന പരാമർശം നടത്തിയ ബി.ജെ.പി വക്താക്കൾക്കെതിരെ പ്രയാഗ്‌രാജിൽ പ്രതിഷേധം നടത്തിയെന്ന് കാണിച്ച് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

കൃത്യമായ നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് പൊളിക്കൽ നടത്തിയതെന്നും ആംനസ്റ്റി ഇന്റർനാഷണൽ കണ്ടെത്തി. പൊളിക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാറുകൾ ബാധിത കക്ഷികളുമായി സംസാരിക്കുകയോ മതിയായ അറിയിപ്പോ ബദൽ പുനരധിവാസ അവസരങ്ങളോ നൽകിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.

ഭവനരഹിതരാക്കപ്പെടുന്നതിനു പുറമേ, പൊളിച്ചുമാറ്റുന്നത് ചോദ്യം ചെയ്തപ്പോൾ നിരവധി മുസ്‍ലിംകളെ പൊലീസ് ഉദ്യോഗസ്ഥർ ആക്രമിക്കുകയും ചെയ്തു. ഇത് ഭരണഘടനയും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമവും അനുശാസിക്കുന്ന മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

TAGS :

Next Story