ഡൽഹിയിൽ എഎപിക്ക് തിരിച്ചടി; 13 കൗൺസിലർമാർ രാജിവെച്ച് പുതിയ പാർട്ടി പ്രഖ്യാപിച്ചു
മുകേഷ് ഗോയലിന്റെ നേതൃത്വത്തിലാണ് വിമത നീക്കം. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എഎപി കക്ഷി നേതാവായിരുന്നു മുകേഷ് ഗോയല്‍.

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിക്ക് പിന്നാലെ രാജ്യതലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിക്ക്(എഎപി) വീണ്ടും തിരിച്ചടി.
13 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവെച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. മുകേഷ് ഗോയലിന്റെ നേതൃത്വത്തിലാണ് വിമത നീക്കം. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍(എംസിഡി) എഎപി കക്ഷി നേതാവായിരുന്നു മുകേഷ് ഗോയല്‍.
'ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി' എന്നാണ് പാര്‍ട്ടിയുടെ പേര്. ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ, ആദർശ് നഗറിൽ നിന്ന് ഗോയൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് വിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നവരാണ് ഇപ്പോള്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചവരിലേറെയും.
25 വർഷം മുനിസിപ്പൽ കൗൺസിലറായി സേവനമനുഷ്ഠിച്ച ഗോയൽ, 2021ലാണ് കോൺഗ്രസിൽ നിന്ന് എഎപിയിലേക്ക് എത്തിയത്. ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്‍ ഭരണം ബിജെപി തിരിച്ചുപിടിച്ചതിന് പിന്നാലെയാണ് എഎപിക്കുള്ളിലെ വിള്ളലും പുറത്തുവന്നത്. ഈതെരഞ്ഞെടുപ്പ് എഎപി ബഹിഷ്കരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേട് ആരോപിച്ചായിരുന്നു എഎപിയുടെ ബഹിഷ്കരണം.
നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമാണ്.പാര്‍ട്ടിയിലെ അതൃപ്തി പരിഹരിക്കുന്നതിനായി, കഴിഞ്ഞ മാർച്ചിൽ സംഘടനാ അഴിച്ചുപണി നടത്തിയിരുന്നു. മുൻ മന്ത്രി സൗരഭ് ഭരദ്വാജിനെ ഡൽഹി യൂണിറ്റിന്റെ പുതിയ പ്രസിഡന്റായി നിയമിക്കുകയും ചെയ്തു. എന്നാല്‍ പ്രശ്നങ്ങളൊന്നും തീര്‍ന്നില്ലെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്.
Adjust Story Font
16

