Quantcast

മുഹമ്മദ് ദീപക്, ഈ പോരാട്ടത്തില്‍ നിങ്ങള്‍ തനിച്ചല്ല: ജോൺ ബ്രിട്ടാസ് എംപിക്ക് പിന്നാലെ ജിമ്മിൽ അംഗത്വമെടുത്ത് സുപ്രിംകോടതി അഭിഭാഷകരും

ജോൺ ബ്രിട്ടാസ് എംപി ദീപകിന്‍റെ ജിം സന്ദർശിച്ച് അംഗത്വമെടുത്തതിന്‍റെ വാർത്ത ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ടതിന് പിന്നാലെയാണ് അഭിഭാഷകരുടെ നീക്കം

MediaOne Logo

അൻഫസ് കൊണ്ടോട്ടി

  • Updated:

    2026-02-13 05:44:55.0

Published:

13 Feb 2026 11:12 AM IST

മുഹമ്മദ് ദീപക്, ഈ പോരാട്ടത്തില്‍ നിങ്ങള്‍ തനിച്ചല്ല: ജോൺ ബ്രിട്ടാസ് എംപിക്ക് പിന്നാലെ ജിമ്മിൽ അംഗത്വമെടുത്ത് സുപ്രിംകോടതി അഭിഭാഷകരും
X

ഡെറാഡൂണ്‍: ഉത്തര്‍പ്രദേശിലെ കോട്ദ്വാറില്‍ വര്‍ഗീയ വിദ്വേഷങ്ങൾക്കെതിരെ ധീരമായി നിലകൊണ്ട ദീപക് കുമാറിന് പിന്തുണയുമായി സുപ്രിംകോടതി അഭിഭാഷകരും. ജോൺ ബ്രിട്ടാസ് എംപിക്ക് പിന്നാലെ സുപ്രിംകോടതിയിലെ മുതിർന്ന ഇരുപതോളം അഭിഭാഷകരും ദീപകിന്‍റെ ജിമ്മിൽ അംഗത്വമെടുത്തു. ജനുവരി 26ന് കോട്ദ്വാറിലെ ബജ്‌റംഗ്ദള്‍ ആക്രമണത്തില്‍ നിന്ന് വൃദ്ധനായ മുസ്‌ലിം കച്ചവടക്കാരനെ രക്ഷപ്പെടുത്തിയതിന് പിന്നാലെ ദീപക് കുമാറിനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു.

ബജ്‌റംഗ്ദള്‍ ആക്രമണത്തില്‍ നിന്ന് കച്ചവടക്കാരനെ പ്രതിഷേധിച്ചതിന് പിന്നാലെ തനിക്കെതിരെ നിയമപരമായ വെല്ലുവിളികളുയരുന്നുണ്ടായിരുന്നെന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ദീപക് കുമാര്‍ വെളിപ്പെടുത്തിയിരുന്നു. തന്റെ വരുമാന മാര്‍ഗമായ ജിമ്മില്‍ എത്തുന്ന ആളുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായും ആളുകള്‍ക്ക് ജിമ്മിലേക്ക് വരാന്‍ ഭയമാണെന്നും ദീപക് കുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു.

'ആളുകള്‍ക്ക് ഭയമാണ്, എനിക്കത് മനസിലാകും. എന്നാലും, എന്റെ ജിം ഈ കെട്ടിടത്തിന്റെ മുഴുവന്‍ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രതിമാസം 40,000 രൂപ വാടക അടക്കണം. ഞങ്ങളുടെ കുടുംബത്തിന് ഈയൊരു വരുമാനം മാത്രമേയുള്ളൂ. അടുത്തിടെയാണ് വീട് പണിതത്. 16,000 രൂപയുടെ പ്രതിമാസ വായ്പ ഇപ്പോഴും അടച്ചുകൊണ്ടിരിക്കുകയാണ്'. ദീപക് പറഞ്ഞു.

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരോട് എതിരിടുന്ന ദീപക് കുമാറിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ ദീപകിനെതിരെ ഹിന്ദുത്വ ശക്തികള്‍ ശക്തമായ പ്രതിഷേധ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. ജനുവരി 31ന് നിരവധി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ദീപകിനെ കയ്യേറ്റം ചെയ്യാനായി തുനിഞ്ഞിറങ്ങിയെങ്കിലും പൊലീസ് ഇടപെടുകയായിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം വലിയ അധിക്ഷേപങ്ങളാണ് ദീപകിനെതിരെ നടന്നുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ, ദീപകിന് സാമ്പത്തികമായും നിയമപരമായും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍. ഇരുപതോളം അഭിഭാഷകര്‍ ദീപകിന്റെ ജിമ്മില്‍ 10,000 രൂപയുടെ മെമ്പര്‍ഷിപ്പ് എടുക്കുകയും ചെയ്തു. സിപിഎമ്മിന്റെ ജോണ്‍ ബ്രിട്ടാസ് എംപി ദീപകിന്റെ ജിം സന്ദര്‍ശിച്ച് മെമ്പര്‍ഷിപ്പെടുത്തതിന്റെ വാര്‍ത്ത ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ടതിന് പിന്നാലെയാണ് അഭിഭാഷകരുടെ നീക്കം.

ദീപക് കുമാറിനെതിരെ ഉയര്‍ന്നുവരുന്ന നിയമപരമായ വെല്ലുവിളികളിലും തങ്ങള്‍ പിന്തുണ നല്‍കുമെന്ന് അഭിഭാഷകര്‍ അറിയിച്ചു. സംഭവത്തിന് പിന്നാലെ, സാമ്പത്തിക സഹായം നല്‍കുന്നതിനായി ദീപകിന്റെ അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ തടിച്ചുകൂടിയിരിക്കുന്നത്.

ജനുവരി 26ന്, പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച 70 വയസുള്ള ഒരു മുസ്ലിം കടയുടമക്കെതിരെ അതിക്രമവുമായി വന്ന ബജ്റംഗ് ദള്‍ പ്രവര്‍ത്തകരെ ദീപക് തടഞ്ഞിരുന്നു. വൃദ്ധനായ വകീല്‍ അഹമ്മദ് എന്നയാളുടെ കടയുടെ പേരില്‍ നിന്ന് 'ബാബ' എന്ന വാക്ക് ഒഴിവാക്കണമെന്നായിരുന്നു ബജ്റംഗ് ദള്‍ പ്രവര്‍ത്തകരുടെ ആവശ്യം. പ്രവര്‍ത്തകരെ തടയുന്നതിനിടെ, പേര് ചോദിച്ചപ്പോള്‍, മുഹമ്മദ് ദീപക് ആണെന്ന് അദേഹം പറഞ്ഞതും അതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതുമാണ് നിലവിലെ പ്രതിഷേധങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും കാരണം. ഇതിനുപിന്നാലെ ദീപക്കിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നിരവധി പേര്‍ രംഗത്ത് വന്നു.

സംഭവം രാജ്യവ്യാപകമായി ചര്‍ച്ചയായതിന് പിന്നാലെ ദീപകിനെതിരെ ഭീഷണിയുമായി ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ വീണ്ടും രംഗത്തെത്തി. കോട്ദ്വാറിലെ ദീപക്കിന്റെ വീടിന് മുന്നിലെത്തി വരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി. പ്രതിഷേധിച്ച ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കും ദീപക്കിനുമെതിരെ ഉത്തരാഖണ്ഡ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

TAGS :

Next Story