'നിര്‍ത്താതെ കരച്ചില്‍, ഓടിച്ചെന്ന് നോക്കിയപ്പോള്‍ മണ്ണിന് മുകളില്‍ ചോരയൊലിച്ച് ഉറുമ്പരിക്കുന്ന കുഞ്ഞിക്കൈ, '; ജീവനോടെ കുഴിച്ചിട്ട 15ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ രക്ഷിച്ച് ആട്ടിടയന്‍
കുഞ്ഞിന്‍റെ ശരീരം പൂർണ്ണമായും ചെളിയിൽ പുരണ്ടിരുന്നെന്നും ആരോഗ്യസ്ഥിതി അതീവമോശമായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു

ഷാജഹാൻപൂർ: ഉത്തര്‍പ്രദേശില്‍ ജീവനോടെ കുഴിച്ചുമൂടിയ 15 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. ബറേലിയിലെ ഷാജഹാൻപൂരില്‍ പാലത്തിന് സമീപം ആടുമേയ്ക്കാനെത്തിയ ഇടയനാണ് മണ്ണിനിടിയില്‍ നിന്ന് കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടത്. ഓടിച്ചെന്ന് നോക്കിയപ്പോള്‍ അട്ടിടയന്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. മണ്ണിന് മുകളിലായി ഒരു കുഞ്ഞിന്‍റെ കൈ ഉയര്‍ന്ന് നില്‍ക്കുന്നുണ്ടായിരുന്നു.ആ കൈയിലാകെ ഉറുമ്പുകളിരിച്ച് ചോരയൊലിക്കുന്ന നിലയിലായിരുന്നു. ശരീരത്തിന്റെ ബാക്കി ഭാഗം മണ്ണിനടിയിലായിരുന്നുവെന്നും ആട്ടിടയന്‍ പറയുന്നു.
'ഞാന്‍ കണ്ടത് എനിക്ക് വിശ്വസിക്കാനായില്ല. ഉടന്‍ തന്നെ ഞാന്‍ ഉറക്കെ കരഞ്ഞു.എന്‍റെ കരച്ചില്‍കേട്ട് ഗ്രാമവാസികള്‍ ഓടിയെത്തി. നാട്ടുകാരിലാരോ വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു'. അദ്ദേഹം പറഞ്ഞു.
വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ പുറത്തെടുത്തു. ജീവന്‍റെ തുടിപ്പുകള്‍ ബാക്കിയായ കുഞ്ഞിനെ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയി.പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്ക് ശേഷം സർക്കാർ മെഡിക്കൽ കോളേജിലേക്ക് റഫര്‍ ചെയ്തു.
കുഞ്ഞിന്‍റെ ശരീരം പൂർണ്ണമായും ചെളിയിൽ പുരണ്ടിരുന്നെന്നും ആരോഗ്യസ്ഥിതി അതീവമോശമായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കുഞ്ഞിനെ ആദ്യം പ്രാദേശിക കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയി, അവിടെ നിന്ന് അടിയന്തര ചികിത്സ നൽകി. ഡോക്ടർമാർ കുഞ്ഞിന്‍റെ അവസ്ഥ വിലയിരുത്തിയ ശേഷം, അവളെ സർക്കാർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു.
കുഞ്ഞിന് 10-15 ദിവസം പ്രായമുണ്ടെന്നും ആശുപത്രിയിൽ എത്തിക്കുമ്പോൾ അവശയായ നിലയിലായിരുന്നെന്നും സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രാജേഷ് കുമാര്‍ പറയുന്നു. കുഞ്ഞിന്‍റെ കൈകളില്‍ ഉറുമ്പുകൾ കടിച്ചിരുന്നുവെന്നും രക്തസ്രാവമുണ്ടായിരുന്നെന്നും ഡോക്ടർ പറഞ്ഞു. പെൺകുട്ടി നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്നും സാധ്യമായ എല്ലാ ചികിത്സയും നല്‍കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
അതേസമയം, പെൺകുഞ്ഞിനെ കുഴിച്ചിട്ട സ്ഥലത്ത് വായുസഞ്ചാരം കിട്ടാനായി ചെറിയ വിടവ് ഉണ്ടാക്കിയിരിക്കുന്നതായി പൊലീസ് കണ്ടെത്തി. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനും ജീവനോടെ കുഴിച്ചിട്ടതാരെന്ന് തിരിച്ചറിയാനും അന്വേഷണം നടക്കുകയാണെന്ന് (എസ്പി) രാജേഷ് ദ്വിവേദി പിടിഐയോട് പറഞ്ഞു. സമീപ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
Adjust Story Font
16

