Quantcast

കടയില്‍ നിന്ന് വാങ്ങിയ മാവുകൊണ്ടുണ്ടാക്കിയ ദോശ കഴിച്ച് രണ്ടു കുഞ്ഞുങ്ങള്‍ മരിച്ചു; മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍, ദുരൂഹതയുണ്ടെന്ന് പൊലീസ്

ഈ മാസം മൂന്നിനാണ് മൂന്ന് മാസം പ്രായമുള്ള രഹ പ്രജാപതി ചികിത്സയിലിരിക്കെ മരിച്ചത്

MediaOne Logo
കടയില്‍ നിന്ന് വാങ്ങിയ മാവുകൊണ്ടുണ്ടാക്കിയ ദോശ കഴിച്ച് രണ്ടു കുഞ്ഞുങ്ങള്‍ മരിച്ചു; മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍, ദുരൂഹതയുണ്ടെന്ന് പൊലീസ്
X

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ കടയില്‍ നിന്ന് വാങ്ങിയ മാവ് ഉപയോഗിച്ച് ഉണ്ടാക്കിയ ദോശ കഴിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികള്‍ മരിച്ചതായി പരാതി. ഗുരുതരാവസ്ഥയിലായ മാതാപിതാക്കള്‍ ചികിത്സയിലാണ്. ഏപ്രിൽ ഒന്നിനാണ് സംഭവം നടന്നത്. നാലു വയസുള്ളതും മൂന്ന് മാസം പ്രായമായ കുഞ്ഞുങ്ങളാണ് മരിച്ചത്. ഇരുവരുടെയും പിതാവായ വിമല്‍ അടുത്തുള്ള കടയില്‍ നിന്നാണ് ദോശ മാവ് വാങ്ങിയത്. പിറ്റേന്ന് രാവിലെ ദോശയുണ്ടാക്കി കഴിക്കുകയും ചെയ്തു. പിന്നാലെ വിമലിനും ഭാര്യ ഭാവനക്കും കുട്ടികള്‍ക്കും ഛര്‍ദിയുണ്ടായെന്ന് വിമലിന്‍റെ പിതാവ് പ്രജാപതി പറയുന്നു. നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഏപ്രിൽ മൂന്നിന് മൂന്ന് മാസം പ്രായമുള്ള രഹ പ്രജാപതി മരിച്ചു. അഞ്ചാം തീയതി നാല് വയസുകാരി മിശ്രി പ്രജാപതിയും മരിച്ചു. വിമലും ഭാവനയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കുടുംബാംഗങ്ങള്‍ ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി.പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

എന്നാൽ ഖരാഹാരങ്ങൾ കഴിക്കാത്ത മൂന്ന് മാസം പ്രായമുള്ള കുട്ടി മരിച്ചത് സംശയത്തിനിടയാക്കിയിട്ടുണ്ട്. ഇത്രയും ചെറിയ കുഞ്ഞ് ദോശ കഴിക്കാന്‍ സാധ്യത ഇല്ലെന്നും പിന്നെ എങ്ങനെ മരിച്ചുവെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് ഡോക്ടർമാരും പറയുന്നു. മുലയൂട്ടലിലൂടെയാണ് കുഞ്ഞിനെ ബാധിച്ചതെങ്കിൽ അമ്മയുടെ നില കൂടുതൽ ഗുരുതരമാകുമായിരുന്നു.എന്നാൽ മാതാവിന്റെ നില നിലവിൽ അത്ര ഗുരുതരമല്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ദോശമാവ് വാങ്ങിയ കടയില്‍ നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഇവ ഫുഡ് ആൻഡ് സെക്യൂരിറ്റി ലബോറട്ടറിയിലേക്ക് (എഫ്എസ്എൽ) പരിശോധനയ്ക്കായി അയച്ചെന്നും പൊലീസ് പറയുന്നു. അതേസമയം, മരണത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും കുട്ടികളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം അറിയാനാകൂവെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ 'ഇന്ത്യ ടുഡേ'യോട് പറഞ്ഞു.

അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച് ഡയറി ഷോപ്പ് ഉടമ രംഗത്തെത്തി. നിരവധി ഉപഭോക്താക്കൾ ദിവസവും മാവ് വാങ്ങാറുണ്ടെന്ന് ഉടമ ഘനശ്യാം ഷാ പറഞ്ഞു. ഏപ്രിൽ ഒന്നിന് ഏകദേശം 100 കിലോഗ്രാം ബാറ്റർ വിറ്റിട്ടുണ്ടെന്നും പക്ഷേ ആർക്കും ഒരു പ്രശ്നവും നേരിട്ടില്ലെന്നും ഉടമ പറയുന്നു. വാർത്ത പുറത്തുവന്നയുടനെ, തന്റെ കടയിൽ നിന്ന് ദോശ മാവ് ഉപയോഗിച്ച് ഉണ്ടാക്കിയതിന് ശേഷം എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടോ എന്ന് അറിയാൻ നിരവധി ഉപഭോക്താക്കളെ താൻ വിളിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരും ഒരു പ്രശ്‌നങ്ങളും പറഞ്ഞിട്ടില്ലെന്നും ഉടമ പറയുന്നു.

TAGS :

Next Story