യുപി ഇമാമിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത സംഭവം; രണ്ട് വിദ്യാർഥികൾ കസ്റ്റഡിയിൽ
ഇമാം പഠിപ്പിക്കുന്ന 13ഉം 16ഉം വയസുള്ള രണ്ട് വിദ്യാർഥികളാണ് പിടിയിലായതെന്ന് ബാഗ്പത് എസ്പി സൂരജ് റായ് പറഞ്ഞു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ പള്ളി ഇമാമിന്റെ ഭാര്യയേയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാവാത്ത രണ്ടുപേർ പ്രതികൾ. ഇമാം പഠിപ്പിക്കുന്ന 13ഉം 16ഉം വയസുള്ള രണ്ട് വിദ്യാർഥികളാണ് പിടിയിലായതെന്ന് ബാഗ്പത് എസ്പി സൂരജ് റായ് പറഞ്ഞു. പഠിക്കാത്തതിന് ഇവരെ ഇമാം ശിക്ഷിച്ചിരുന്നു. ഇതിലുള്ള വിരോധമാണ് കൂട്ടക്കൊലക്ക് കാരണമെന്ന് എസ്പി പറഞ്ഞു. കൊലക്ക് ഉപയോഗിച്ച ആയുധം സംഭവസ്ഥത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
Two minors detained in the triple murder of Muslim cleric's wife, two daughter in Baghpat district of UP. The murder was an act of retribution over cleric punishing the accsued students, said Baghpat SP Suraj Rai. The murder weapon has also been recovered, police said. pic.twitter.com/UAzZ9SLs4n
— Piyush Rai (@Benarasiyaa) October 11, 2025
ബാഗ്പത് ജില്ലയിലെ ഗംഗനൗലി ഗ്രാമത്തിലെ പള്ളിയിലെ ഇമാമിന്റെ ഭാര്യയേയും രണ്ട് പെൺമക്കളെയുമാണ് പള്ളി അങ്കണത്തിൽ വെട്ടിക്കൊന്നത്. ഇമാം ഇബ്റാഹീം ദയൂബന്ദിലേക്ക് പോയ സമയത്തായിരുന്നു കൊലപാതകം. ഇബ്റാഹീമിന്റെ ഭാര്യ ഇസ്രാന (32), മക്കളായ സോഫിയ (അഞ്ച്), സുമയ്യ (രണ്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇസ്രാനയുടെ മൃതദേഹം നിലത്തും കുട്ടികളുടെ മൃതദേഹങ്ങൾ കട്ടിലിലുമാണ് കിടന്നിരുന്നത്.
പ്രദേശത്തെ കുട്ടികൾക്ക് ഇർസാന ട്യൂഷനെടുക്കാറുണ്ടായിരുന്നു. ട്യൂഷന് എത്തിയ കുട്ടികളാണ് കൊലപാതക വിവരം ആദ്യം അറിഞ്ഞത്. ഇവരാണ് നാട്ടുകാരെ വിവരമറിയിച്ചത്. മുസഫർനഗർ സ്വദേശിയായ ഇബ്രാഹീം മൂന്ന് വർഷമായി ഗംഗനൗലി ഗ്രാമത്തിലെ പള്ളിയിൽ സേവനം ചെയ്തുവരികയായിരുന്നു. പള്ളിയുടെ മുകൾനിലയിലാണ് ഇമാമും കുടുംബവും താമസിച്ചിരുന്നത്. അഫ്ഗാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്തഖി ഇന്നലെ ദാറുൽ ഉലൂം ദയൂബന്ദ് സന്ദർശിച്ചിരുന്നു. ഈ പരിപാടിയിൽ പങ്കെടുക്കാനാണ് ഇമാം ദയൂബന്ദിലേക്ക് പോയത്. ആ സമയത്താണ് കൊലപാതകം നടന്നത്.
Adjust Story Font
16

