കർണാടക ധാർവാഡിൽ വീട്ടിൽ നിന്ന് ലാബിലേക്ക് പോയ യുവതി മരിച്ച നിലയിൽ
ധാർവാഡിലെ ഗാന്ധി ചൗക്കിൽ താമസിക്കുന്ന യൂനുസ് മുല്ലയുടെ മകൾ സാക്കിയ മുല്ലയാണ് മരിച്ചത്

- Published:
21 Jan 2026 9:28 PM IST

ധാർവാഡ്: കര്‍ണാടകയിലെ ധാർവാഡില്‍ വീട്ടിൽ നിന്ന് ലാബിലേക്ക് പോയ യുവതി മരിച്ച നിലയിൽ. ധാർവാഡിലെ ഗാന്ധി ചൗക്കിൽ താമസിക്കുന്ന യൂനുസ് മുല്ലയുടെ മകൾ സാക്കിയ മുല്ലയാണ്(21) മരിച്ചത്. ധാർവാഡിന്റെ പ്രാന്തപ്രദേശത്തുള്ള മന്‍സൂരിലെ വിജനമായ റോഡരികിലാണ് ബുധനാഴ്ച മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്ച വീട്ടിൽ നിന്ന് ലബോറട്ടറി സന്ദർശിക്കാൻ പോയ ശേഷം യുവതയെ കാണാതാവുകയായിരുന്നു.
പാരാമെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി ജോലി നോക്കിയിരുന്ന സാകിയ, ലബോറട്ടറിയിൽ പോകുകയാണെന്നും ഉടൻ തിരിച്ചെത്തുമെന്നും പറഞ്ഞാണ് ചൊവ്വാഴ്ച വീട്ടില്‍ നിന്നിറങ്ങിയത്. മടങ്ങിയെത്താതായപ്പോൾ രാത്രി മുഴുവൻ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച പുലർച്ചെ മൻസൂർ റോഡിന് സമീപം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മറ്റേതോ സ്ഥലത്ത് വെച്ച് കൊലപ്പെടുത്തി മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ധാർവാഡ് റൂറൽ, വിദ്യാഗിരി പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സിസിടിവി ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടന്നുവരികയാണെന്നും ധാർവാഡ് ജില്ലാ പൊലീസ് സൂപ്രണ്ട് ഗുഞ്ചൻ ആര്യ പറഞ്ഞു. പോസ്റ്റ്‌മോർട്ടം പരിശോധനക്ക് ശേഷമെ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭ്യമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16
