Quantcast

ബി-ടെക് ബിരുദധാരി, ആകര്‍ഷകമായ പെരുമാറ്റം; ജോലി എസി കോച്ചുകളിൽ കയറി മോഷണം, ഒടുവിൽ ഭോപ്പാലിലെ ട്രെയിൻ കള്ളൻ പിടിയിൽ

പ്രതിയായ ലഖ്‌നൗവിലെ ദേവ് സ്ഥാനിൽ താമസിക്കുന്ന പ്രഞ്ജൽ ദീക്ഷിത് (36) ഒരു സാധാരണ കുറ്റവാളിയല്ല

MediaOne Logo

Web Desk

  • Published:

    2 Feb 2026 3:36 PM IST

ബി-ടെക് ബിരുദധാരി, ആകര്‍ഷകമായ പെരുമാറ്റം; ജോലി എസി കോച്ചുകളിൽ കയറി മോഷണം, ഒടുവിൽ ഭോപ്പാലിലെ ട്രെയിൻ കള്ളൻ പിടിയിൽ
X

ഭോപ്പാൽ: കണ്ടാൽ മാന്യൻ..കയ്യിലിരിപ്പ് മോശം എന്ന് പറയുന്നതുപോലെയാണ് ഭോപ്പാലിൽ പിടികൂടിയ ഈ കള്ളന്‍റെ കാര്യം. ഉന്നത വിദ്യാഭ്യാസവും ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റവും കൊണ്ട് ഒരു പ്രദേശത്തെയാകെ കബളിപ്പിച്ച മോഷ്ടാവ് ഒടുവിൽ പിടിയിലായിരിക്കുകയാണ്. ഒരു ക്രൈം ത്രില്ലര്‍ പോലെ തോന്നിക്കുന്ന സംഭവത്തിൽ കൃത്യമായ ആസൂത്രണത്തിലൂടെയാണ് പൊലീസ് പ്രീമിയം ക്ലാസ് കമ്പാർട്ട്മെന്‍റുകളിൽ കയറി മോഷണം പതിവാക്കിയ കള്ളനെ പിടികൂടിയത്.

പ്രതിയായ ലഖ്‌നൗവിലെ ദേവ് സ്ഥാനിൽ താമസിക്കുന്ന പ്രഞ്ജൽ ദീക്ഷിത് (36) ഒരു സാധാരണ കുറ്റവാളിയല്ല. പൂനെ സർവകലാശാലയിൽ നിന്ന് ബി-ടെക് ബിരുദം നേടിയ പ്രതി കുറച്ചുനാൾ യുകെയിൽ താമസിച്ചിരുന്നു. നന്നായി പെരുമാറുന്ന സാങ്കേതിക കാര്യങ്ങളിൽ അറിവുള്ള ഒഴുക്കോടെ സംസാരിക്കുന്ന പ്രജ്ഞൽ കുറ്റകൃത്യങ്ങൾക്കുള്ള മറവായിട്ടാണ് വിദ്യാഭ്യാസം ഉപയോഗിച്ചത്.

ഓൺലൈൻ വാതുവെപ്പിലൂടെ വൻതോതിൽ പണം നഷ്ടപ്പെട്ടതോടെയാണ് പ്രജ്ഞലിന്‍റെ പതനം ആരംഭിച്ചത്. തുടര്‍ന്ന് എഞ്ചിനിയറിങ് ബുദ്ധി ക്രിമിനൽ ബുദ്ധിയിലേക്ക് തിരിയുകയായിരുന്നു. രാത്രികാല ട്രെയിനുകൾ കേന്ദ്രീകരിച്ചായിരുന്നു മോഷണം.യാത്രക്കാര്‍ ഉറങ്ങിക്കിടക്കുമ്പോൾ അവരുടെ പഴ്സുകളും ഹാൻഡ്‌ബാഗുകളും മോഷ്ടിക്കുകയായിരുന്നു ഇയാളുടെ രീതി. കണ്ടാൽ മാന്യനായതുകൊണ്ട് തന്നെ എസി കോച്ചുകളിൽ ഇയാളെ കാണുമ്പോൾ ആര്‍ക്കും സംശയവും തോന്നിയിരുന്നില്ല.

മോഷണം നിര്‍ബാദം തുടര്‍ന്നുകൊണ്ടിരിക്കുമ്പോൾ ആഗ്ര സ്വദേശിയായ അഫ്ഷ ബീഗം പരാതി നൽകിയതോടെയാണ് കഥയിൽ വഴിത്തിരിവുണ്ടാകുന്നത്. 2026 ജനുവരി 20ന്, ആഗ്രയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന അവരുടെ പഴ്‌സ് ഭോപ്പാൽ സ്റ്റേഷനിൽ വച്ച് മോഷണം പോയി. മോഷ്ടിച്ച ബാഗിൽ സ്വർണാഭരണങ്ങൾ, 35,000 രൂപ, പ്രധാനപ്പെട്ട രേഖകൾ എന്നിവ ഉണ്ടായിരുന്നു.അഫ്ഷ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു മോഷണം.

മുംബൈയിലെത്തിയ ശേഷം അവർ പരാതി നൽകി. ഭോപ്പാൽ ജിആർപി വിഷയം ഗൗരവമായി എടുക്കുകയും സൂക്ഷ്മമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്നത് കൃത്യമായ ഓപ്പറേഷനായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ ഏകദേശം 200 സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ സ്കാൻ ചെയ്തു, വഴികൾ മാപ്പ് ചെയ്തു, നീക്കങ്ങൾ ട്രാക്ക് ചെയ്തു. പത്ത് ദിവസത്തെ നിരന്തരമായ നിരീക്ഷണത്തിന് ശേഷം ജനുവരി 30 ന് പ്രഞ്ജൽ ദീക്ഷിതിനെ കസ്റ്റഡിയിലെടുത്തു.ചോദ്യം ചെയ്യലിൽ പ്രജ്ഞൽ കുറ്റസമ്മതം നടത്തുകയായിരുന്നു. മോഷ്ടിച്ച പണത്തിന്‍റെ ഭൂരിഭാഗവും ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളിൽ ചെലവഴിച്ചതായി പ്രതി പറഞ്ഞു. പ്രതിയിൽ നിന്നും ഏകദേശം 7 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. അതിൽ ഒരു മംഗൾസൂത്ര പെൻഡന്‍റ്, രണ്ട് സ്വർണ മാലകൾ, ഒരു ജോഡി സ്വർണ കമ്മലുകൾ എന്നിവ ഉൾപ്പെടുന്നു.

ദീക്ഷിതിനെതിരെ ജിആർപി ഭോപ്പാൽ പൊലീസ് സ്റ്റേഷനിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ പൊലീസ് റിമാൻഡ് ചെയ്തു. ഇയാൾ ഒറ്റയ്ക്ക് പ്രവർത്തിച്ചതാണോ അതോ ദീർഘദൂര ട്രെയിനുകളെ ലക്ഷ്യം വച്ചുള്ള വിശാലമായ ശൃംഖലയുമായി ബന്ധമുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിക്കുകയാണ്.

TAGS :

Next Story