Quantcast

പോരിന് തരൂരും ഗെലോട്ടും; 2000 ആവർത്തിക്കുമോ? ആശങ്കയിൽ ജി 23 ക്യാമ്പ്

വോട്ടര്‍പ്പട്ടിക പ്രസിദ്ധപ്പെടുത്തണമെന്ന ആവശ്യവുമായി തിരുത്തല്‍വാദികള്‍

MediaOne Logo

Web Desk

  • Published:

    1 Sep 2022 6:47 AM GMT

പോരിന് തരൂരും ഗെലോട്ടും; 2000 ആവർത്തിക്കുമോ? ആശങ്കയിൽ ജി 23 ക്യാമ്പ്
X

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ സുതാര്യത ആവശ്യപ്പെട്ട് ജി 23 നേതാക്കൾ. തെരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നവരുടെ സമ്മതിദായകപ്പട്ടിക പ്രസിദ്ധീകരിക്കണമെന്നാണ് മനീഷ് തിവാരി അടക്കമുള്ള തിരുത്തല്‍വാദി നേതാക്കൾ ആവശ്യപ്പെടുന്നത്. ഒമ്പതിനായിരത്തോളം പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിസിസി) പ്രതിനിധികൾക്കാണ് സംഘടനാ തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളത്.

അധ്യക്ഷ സ്ഥാനത്തേക്ക് ഇതിനു മുമ്പ് മത്സരം നടന്ന രണ്ടായിരത്തിലും സമാന ആവശ്യം ഉയർന്നിരുന്നു. അന്ന് സോണിയാ ഗാന്ധിക്കെതിരെ മത്സരിച്ച ജിതേന്ദ്ര പ്രസാദയുടെ ക്യാമ്പാണ് വോട്ടര്‍പട്ടിക പ്രസിദ്ധപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നത്. എന്നാൽ സമ്മതിദായകപ്പട്ടിക കൃത്യമായി പ്രസിദ്ധീകരിക്കപ്പെട്ടിരുന്നില്ല. തെരഞ്ഞെുപ്പിൽ കൃത്രിമം നടന്നെന്ന് പ്രസാദ ക്യാമ്പ് ആരോപിക്കുകയും ചെയ്തു. പട്ടികയിൽ വ്യാജപ്പേരുകൾ ഉണ്ടെന്നായിരുന്നു പ്രസാദയുടെ പ്രധാന ആരോപണം. പട്ടിക കിട്ടാത്തതിനാൽ അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കാനായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 7,542 പ്രതിനിധികളിൽ 94 വോട്ടു മാത്രമാണ് ജിതേന്ദ്രയ്ക്ക് ലഭിച്ചത്.

രണ്ടായിരം ആവർത്തിക്കുമെന്ന ആശങ്കയ്ക്കിടെയാണ് തിരുത്തില്‍വാദി നേതാക്കൾ സമ്മതിദായകപ്പട്ടിക പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെടുന്നത്. 'സമ്മതിദായകപ്പട്ടിക പരസ്യമായി ലഭ്യമല്ലെങ്കിൽ എങ്ങനെയാണ് സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് സാധ്യമാകുകയെന്ന്' മുതിര്‍ന്ന നേതാവ് മനീഷ് തിവാരി ചോദിച്ചു. പേരുകളും മേൽവിലാസങ്ങളും പാർട്ടി വെബ്‌സൈറ്റിൽ സുതാര്യ രീതിയിൽ പ്രസിദ്ധപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് ഷെഡ്യൂൾ അംഗീകരിക്കാനായി ഈയിടെ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയിൽ ജി 23യിലെ ആനന്ദ് ശർമ്മയും ഈയാവശ്യം ഉന്നയിച്ചിരുന്നു. ഒമ്പതിനായിരം വരുന്ന പിസിസി പ്രതിനിധികളെ കുറിച്ച് വ്യക്തതയില്ല എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നത്.

സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും

വോട്ടര്‍പ്പട്ടിക പൊതുവിടത്തിൽ പ്രസിദ്ധീകരിക്കാനാകില്ല എന്നാണ് ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പാർട്ടി തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ മധസുദനൻ മിസ്ത്രി വ്യക്തമാക്കിയത്. 'സമ്മതിദായപ്പട്ടിക പിസിസികളുടെ പക്കലുണ്ട്. അത് ആവശ്യമുള്ളവർക്ക് പിസിസികളെ സമീപിക്കാം. നാമനിർദേശ പത്രിക സമർപ്പിക്കുന്നവർക്ക് പട്ടിക ഞങ്ങൾ നൽകും. അത് പൊതുജനങ്ങൾക്കുള്ളതല്ല. ഇതൊരു സംഘടനാ തെരഞ്ഞെടുപ്പാണ്. ഞങ്ങളുടെ അംഗങ്ങളുടെ പക്കൽ അതുണ്ട്. അത് ഞങ്ങളുടെ സ്വത്താണ്' - അദ്ദേഹം കൂട്ടിച്ചേർത്തു. പട്ടിക എല്ലാവർക്കുമായി പരസ്യപ്പെടുത്താനാകില്ലെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും വ്യക്തമാക്കിയിട്ടുണ്ട്.

ഒരു ക്ലബ് തെരഞ്ഞെടുപ്പിൽ പോലും ഇങ്ങനെയുണ്ടാകില്ലെന്നാണ് ഈ വാദങ്ങളോട് മനീഷ് തിവാരി പ്രതികരിച്ചത്. 'ആരൊക്കെയാണ് വോട്ടർമാർ എന്നറിയാൻ എന്തിനാണ് ഓരോ പിസിസിയെയും സമീപിക്കുന്നത്. ക്ലബ് തെരഞ്ഞെടുപ്പിൽ പോലും ഇങ്ങനെ സംഭവിക്കില്ല. സുതാര്യതയ്ക്കും നിഷ്പക്ഷതയ്ക്കും വേണ്ടി പട്ടിക കോൺഗ്രസ് വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്താൻ ആവശ്യപ്പെടുന്നു. നാമനിർദേശ പത്രിക സമർപ്പിക്കുന്നവർക്ക് പത്തു പേരുടെ പിന്തുണ ആവശ്യമാണ്. പട്ടികയിൽ വ്യക്തതയില്ലെങ്കിൽ പിന്തുണച്ചവര്‍ക്ക് വോട്ടവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് പത്രിക തള്ളാവുന്നതാണ്.' - തിവാരി ചൂണ്ടിക്കാട്ടി.

തിവാരിയെ പിന്തുണച്ച് ലോക്‌സഭാ അംഗം കാർത്തി ചിദംബരവും രംഗത്തെത്തി. തെരഞ്ഞെടുപ്പ് സുതാര്യമായിരിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം അഡ് ഹോക്ക് കോളജ് ഇലക്ടോറൽ കോളജല്ലെന്നും അഭിപ്രായപ്പെട്ടു. മനീഷ് തിവാരി പറഞ്ഞതിൽ തെറ്റൊന്നുമില്ലെന്നും സമ്മതിദായപ്പട്ടികയിലെ സുതാര്യത തെരഞ്ഞെടുപ്പിൽ അനിവാര്യമാണെന്നും തരൂർ അഭിപ്രായപ്പെട്ടു.

അധ്യക്ഷ സ്ഥാനത്തേക്ക് ജി 23 വിഭാഗത്തെ പ്രതിനിധീകരിച്ച് തിരുവനന്തപുരം എംപി കൂടിയായ ശശി തരൂർ മത്സരിക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഗാന്ധി കുടുംബത്തിൽനിന്ന് ആരെങ്കിലും മത്സരിച്ചാൽ തിരുത്തൽവാദികൾ സ്ഥാനാർത്ഥിയെ നിർത്തില്ല. ഔദ്യോഗികപക്ഷത്തു നിന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയോ മല്ലികാർജ്ജുൻ ഖാർഗെയെയോ ആണ് പരിഗണിക്കുന്നത്.

പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 17നാണു നിശ്ചയിച്ചിട്ടുള്ളത്. ഒരു സ്ഥാനാർഥി മാത്രമാണുള്ളതെങ്കിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതിയായ ഒക്ടോബർ എട്ടിനു തന്നെ വിജയിയെ പ്രഖ്യാപിക്കും.

TAGS :

Next Story