2020 ഡൽഹി കലാപക്കേസ്; തെളിവുകളുടെ അഭാവത്തിൽ ആറ് പ്രതികളെ വെറുതെവിട്ടു
അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ കൃത്രിമ തെളിവുകൾ ഉണ്ടാക്കിയെന്നും ഇതിൽ നടപടി വേണമെന്നും കോടതി നിർദേശിച്ചു

ഡൽഹി: 2020ലെ ഡൽഹി കലാപ കേസിൽ തെളിവുകളുടെ അഭാവത്തിൽ ആറ് പ്രതികളെ വെറുതെ വിട്ട് കർക്കദ്ദുമ കോടതി. ന്യൂ ഉസ്മാൻ പൂരിൽ മസ്ജിദിന് സമീപം കടകളും വീടുകളും തീയിട്ട് നശിപ്പിച്ച കേസിലെ പ്രതികളെയാണ് വെറുതെ വിട്ടത്. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ കൃത്രിമ തെളിവുകൾ ഉണ്ടാക്കിയെന്നും ഇതിൽ നടപടി വേണമെന്നും കോടതി നിർദേശിച്ചു.
വ്യാജ കുറ്റപത്രം സമർപ്പിച്ചതിനും കെട്ടിച്ചമച്ച സാക്ഷി മൊഴികൾ ഉണ്ടാക്കിയതിനും പൊലീസിനെ കോടതി വിമർശിച്ചു.സാക്ഷി മൊഴികളിലും കേസ് ഡയറിയിലും അന്തിമ കുറ്റപത്രത്തിലും ഗുരുതരമായ പൊരുത്തക്കേടുകൾ ഉണ്ടെന്ന് ശനിയാഴ്ച കർക്കദ്ദുമ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി (എഎസ്ജെ) പ്രവീൺ സിങ് ചൂണ്ടിക്കാട്ടി. ഇവയെല്ലാം പ്രതികൾക്കെതിരെ ഹാജരാക്കിയ തെളിവുകളെ സ്ഥിരീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
2020 ഫെബ്രുവരി 25 ന് ന്യൂ ഉസ്മാൻപൂരിലെ ഒരു അസീസിയ മസ്ജിദിന് സമീപം അക്രമാസക്തരായ ജനക്കൂട്ടം നിരവധി കടകളും വീടുകളും വാഹനങ്ങളും കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെയും ദൃക്‌സാക്ഷികളുടെ മൊഴികളുടെയും അടിസ്ഥാനത്തിൽ പ്രേം പ്രകാശ്, ഇഷു ഗുപ്ത, രാജ് കുമാർ, അമിത്, രാഹുൽ, ഹരിയോം ശർമ്മ എന്നീ പ്രതികളെ അറസ്റ്റ് ചെയ്യുകയും ക്രിമിനൽ ഗൂഢാലോചന, കലാപം, തീവെപ്പ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തുകയും ചെയ്തിരുന്നു.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട നാല് വ്യത്യസ്ത കേസുകളിൽ കുറ്റാരോപിതരായ 30 പേരെ കഴിഞ്ഞ വര്‍ഷം ഡൽഹി കോടതി വെറുതെവിട്ടിരുന്നു.
Adjust Story Font
16

