'വാട്‌സ്ആപ്പ് ചാറ്റുകൾ പ്രധാനപ്പെട്ട തെളിവല്ല'; ഡൽഹി കലാപക്കേസിൽ കോടതി
രണ്ട് മുസ്‌ലിംകളെ താൻ കൊലപ്പെടുത്തിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പിൽ പറഞ്ഞ ലോകേഷ് സോളങ്കിയെ കോടതി കുറ്റവിമുക്തനാക്കി.

ന്യൂഡൽഹി: വാട്‌സ്ആപ്പ് ചാറ്റുകൾ പ്രധാനപ്പെട്ട തെളിവായി പരിഗണിക്കാനാവില്ലെന്ന് ഡൽഹി കോടതി. ലഭിച്ച തെളിവുകൾ സ്ഥിരീകരിക്കാനുള്ള വിവരങ്ങളായി മാത്രമേ വാട്‌സ്ആപ്പ് ചാറ്റുകളെ പരിഗണിക്കാൻ കഴിയൂ എന്നും കോടതി പറഞ്ഞു. 2020-ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട അഞ്ച് കേസുകളിൽ വാദം കേൾക്കുമ്പോഴാണ് കോടതി നിരീക്ഷണം. വാട്‌സ്ആപ്പ് ചാറ്റുകളാണ് കേസിൽ പ്രധാനപ്പെട്ട തെളിവായി പൊലീസ് ഹാജരാക്കിയിരുന്നത്.
ഒമ്പതുപേർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസുകളിൽപ്പെട്ട അഞ്ച് കേസാണ് കോടതി പരിഗണിച്ചത്. വടക്കു-കിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞാണ് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കലാപത്തിൽ 50 പേർ കൊല്ലപ്പെടുകയും 500 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
'കത്താർ ഹിന്ദു ഏകത' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നടന്ന ചാറ്റുകളാണ് പൊലീസ് കോടതിയിൽ ഹാജരാക്കിയത്. ഡൽഹി പൊലീസ് ഹാജരാക്കിയ നിരവധി കുറ്റപത്രങ്ങളിൽ ഈ ഗ്രൂപ്പിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്.
പ്രതികളിലൊരാളായ ലോകേഷ് സോളങ്കി മുസ്‌ലിംകളെ കൊല്ലുന്നത് സംബന്ധിച്ച് മറ്റുള്ളവർക്ക് മെസ്സേജ് അയച്ചുവെന്നാണ് ചാർജ്ഷീറ്റിൽ പറയുന്നത്. താൻ രണ്ട് മുസ്‌ലിംകളെ കൊലപ്പെടുത്തിയെന്നും സോളങ്കി ചാറ്റിൽ പറയുന്നുണ്ട്. സോളങ്കിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മറ്റുള്ളവരെയും അറസ്റ്റ് ചെയ്തത്. ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഒമ്പത് കൊലപാതക കേസുകളിൽ പ്രതികളാണ് ഇവർ.
ഈ മെസ്സേജ് ഗ്രൂപ്പിലെ മറ്റു അംഗങ്ങൾക്കിടയിൽ ഹീറോ ആവുക എന്ന ഉദ്ദേശ്യത്തോടെ ഇട്ടതാവാം. രണ്ട് മുസ്‌ലിംകളെ കൊലപ്പെടുത്തിയതിന്റെ തെളിവായി ഈ ചാറ്റുകൾ കാണാനാവില്ല. ഇത് ഒരു പൊങ്ങച്ചത്തിന് പറഞ്ഞതാവാനും സാധ്യതയുണ്ട്. വാട്‌സ്ആപ്പ് ചാറ്റുകൾ സ്ഥിരീകരണത്തിനുള്ള തെളിവായി മാത്രമേ കാണാനാവൂ എന്നും പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് കർകർഡൂമ കോടതി ജഡ്ജി ജസ്റ്റിസ് പുലസ്ത്യ പ്രമചാല പറഞ്ഞു.
ഏപ്രിൽ 30-ന് നടന്ന മറ്റൊരു വിധിന്യായത്തിൽ ഹാഷിം അലി എന്ന വ്യക്തിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ദൃക്സാക്ഷികളില്ലെന്ന് പറഞ്ഞ് 12 പ്രതികളെ വെറുതെവിട്ടിരുന്നു.
Adjust Story Font
16

