Quantcast

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെടും, വ്യാജ ബിൽ നൽകി പണം തട്ടും; 21 പേരടങ്ങുന്ന തട്ടിപ്പ് സംഘം പിടിയിൽ

പ്രതികൾ ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ വ്യാജ ബില്ലുകൾ കാണിച്ച് പുരുഷന്മാരെ കബളിപ്പിച്ചതായി പൊലീസ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    7 July 2025 1:38 PM IST

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെടും, വ്യാജ ബിൽ നൽകി പണം തട്ടും; 21 പേരടങ്ങുന്ന തട്ടിപ്പ് സംഘം പിടിയിൽ
X

മുംബൈ: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് പുരുഷൻമാരിൽ നിന്ന് പണം തട്ടിയ 21 പേരടങ്ങുന്ന സംഘം പിടിയിൽ. 15 പുരുഷൻമാരും ആറ് സ്ത്രീകളുമടങ്ങുന്ന സംഘമാണ് മുംബൈയിൽ പിടിയിലായത്. പ്രതികൾ ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ വ്യാജ ബില്ലുകൾ കാണിച്ച് പുരുഷന്മാരെ കബളിപ്പിച്ചതായി പൊലീസ് പറഞ്ഞു.

അന്ധേരിയിലെ ഒരു വായ്പാ തിരിച്ചടവ് സ്ഥാപനത്തിൽ ജോലിചെയ്യുന്ന പരാതിക്കാരനായ 26 വയസുകാരൻ ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട ദിശ ശർമ്മ എന്ന സ്ത്രീയെ കാണാൻ ബൊറിവാലിയിലുള്ള ഹോട്ടലിലെത്തുകയും കഴിച്ച ഭക്ഷണത്തിന് 35,000 രൂപ ബിൽ നൽകുകയും ചെയ്തു. ബില്ലിൽ ഇത്രയും ഉയർന്ന തുക കണ്ട് സംശയം തോന്നിയ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

പിന്നീട് ബിൽ തുക 30,000 ആയി കുറക്കുകയും ദിശ ശർമ്മ ഇടപെട്ട് ബിൽ തുക പകുതി വീതം നൽകാമെന്ന് തീരുമാനത്തിലെത്തുകയും ചെയ്തു. തുടർന്ന് പരാതിക്കാരൻ 15,000 രൂപ ക്യുആർ കോഡ് വഴി നൽകുകയും ചെയ്തു. വീട്ടിലെത്തിയപ്പോൾ ഈ തുക ഹോട്ടലിൻറെ അക്കൗണ്ടിലേക്കല്ല പോയതെന്നും മുഹമ്മദ് താലിബ് എന്നയാളുടെ അക്കൗണ്ടിലേക്കാണ് പോയതെന്നും യുവാവ് കണ്ടെത്തുകയായിരുന്നു. തുടർന്ന് സംശയം തോന്നിയ യുവാവ് പൊലീസിനെ സമീപിച്ചു.

അന്വേഷണത്തിൽ യുവതി ഹോട്ടൽ സ്റ്റാഫുമായി ചേർന്ന് തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് പൊലീസ് യുവതിയുടെ ഫോൺ നമ്പർ പിന്തുടരുകയും നവി മുബൈയിലെ ഒരു ഹോട്ടലിൽ അവർ താമസിക്കുന്ന സ്ഥലം കണ്ടെത്തുകയും ചെയ്തു. പിന്നാലെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.

ചോദ്യം ചെയ്യലിൽ ഡേറ്റിങ് ആപ്പ് വഴി യുവാക്കളെ കുടുക്കി പണം തട്ടുന്ന സംഘത്തിലെ അംഗമാണ് യുവതിയെന്ന് കണ്ടെത്തി. സംഘത്തിലെ സ്ത്രീകൾ ഡേറ്റിംഗ് ആപ്പുകൾ വഴി പുരുഷന്മാരെ പരിചയപ്പെടുകയും, അവരെ ഭക്ഷണം കഴിക്കാൻ കൊണ്ടുപോയി ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ ഉയർന്ന തുകയുടെ വ്യാജ ബില്ലുകൾ നൽകി കബളിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവർക്കെതിരെ ഭാരതീയ ന്യായ സംഹിത, ഐടി ആക്ട് വകുപ്പുകൾ പ്രകാരം പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു.

TAGS :

Next Story