Quantcast

ഒഡീഷയില്‍ എംഎല്‍എയുടെ വാഹനം പാഞ്ഞുകയറി 22 പേര്‍ക്ക് പരിക്ക്; എംഎല്‍എയെ പൊതിരെ തല്ലി ജനക്കൂട്ടം

ലഖിംപൂർ ഖേരിയെ ഓര്‍മിപ്പിച്ച സംഭവമെന്ന് കോണ്‍ഗ്രസ്

MediaOne Logo

Web Desk

  • Updated:

    2022-03-12 11:13:09.0

Published:

12 March 2022 4:36 PM IST

ഒഡീഷയില്‍ എംഎല്‍എയുടെ വാഹനം പാഞ്ഞുകയറി 22 പേര്‍ക്ക് പരിക്ക്; എംഎല്‍എയെ പൊതിരെ തല്ലി ജനക്കൂട്ടം
X

ഒഡീഷയില്‍ ബിജെഡി എംഎല്‍എയുടെ കാര്‍ പാഞ്ഞുകയറി ഏഴ് പൊലീസുകാര്‍ ഉള്‍പ്പെടെ 22 പേര്‍ക്ക് പരിക്ക്. ചിലിക എംഎല്‍എ പ്രശാന്ത് ജഗ്ദേവ് ഓടിച്ച വാഹനമാണ് 22 പേരെ ഇടിച്ചു പരിക്കേല്‍പ്പിച്ചത്. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. പ്രകോപിതരായ ജനക്കൂട്ടം എംഎല്‍എയെ ആക്രമിച്ചു.

ഒഡീഷയിലെ ഖുര്‍ദ ജില്ലയിലെ ബനാപൂരിലാണ് സംഭവം. ബനാപൂര്‍ ബ്ലോക് ഡവലപ്മെന്‍റ് ഓഫീസില്‍ ബ്ലോക് ചെയര്‍പേഴ്സന്‍ തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. പുറത്ത് ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ തടിച്ചുകൂടിയിരുന്നു. അവര്‍ക്കിടയിലേക്കാണ് എംഎല്‍എ പ്രശാന്ത് ജഗ്ദേവിന്‍റെ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ പലരും നിലത്തുവീണു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മറ്റി.

ഇതിനിടെ ആള്‍ക്കൂട്ടം എംഎല്‍എ പ്രശാന്ത് ജഗ്ദേവിനെ കാറില്‍ നിന്ന് ബലം പ്രയോഗിച്ച് ഇറക്കി മര്‍ദിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജഗ്ദേവ് ചികിത്സയിലാണ്. കാര്‍ ആള്‍ക്കൂട്ടം അടിച്ചുതകര്‍ക്കുകയും ചെയ്തു. സംഭവത്തിൽ ആളപായമില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഖുർദ എസ്പി അലഖ് ചന്ദ്രപാധി പറഞ്ഞു.

ബിജെപി പ്രാദേശിക നേതാവിനെ ആക്രമിച്ചെന്ന ആരോപണം ഉയര്‍ന്നതോടെ കഴിഞ്ഞ വർഷം ഒക്ടോബറിൽ ബിജു ജനതാദളിൽ നിന്ന് ജഗ്ദേവിനെ സസ്പെൻഡ് ചെയ്തിരുന്നു. ഖുർദ ജില്ലാ ആസൂത്രണ സമിതി അധ്യക്ഷ സ്ഥാനത്തുനിന്നും ജഗ്ദേവിനെ നീക്കി.

പ്രശാന്ത് ജഗ്ദേവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പൃഥ്വിരാജ് ഹരിശ്ചന്ദ്ര ആവശ്യപ്പെട്ടു. ഒഡീഷ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ഒപിസിസി) പ്രസിഡന്റ് നിരഞ്ജൻ പട്നായിക് സംഭവത്തെ അപലപിച്ചു- "ലഖിംപൂർ ഖേരിയെ ഓര്‍മിപ്പിച്ച നിമിഷം. ഒഡീഷയിലെ സാധാരണക്കാരോട് ബിജെഡി പെരുമാറുന്നത് ഇങ്ങനെയാണ്. ഇത്തരമൊരു നിന്ദ്യവും മനുഷ്യത്വരഹിതവുമായ പ്രവൃത്തിയെ അപലപിക്കാൻ എനിക്ക് വാക്കുകളില്ല"



TAGS :

Next Story