45 ദിവസം; രാജ്യത്ത് തകർക്കപ്പെട്ടത് 23 മുസ്‍ലിം മതസ്ഥാപനങ്ങൾ
യാതൊരുവിധ നിയമനടപടികളും പാലിക്കാതെയാണ് ഈ പൊളിച്ചുനീക്കൽ നടത്തിയത്

- Updated:
2026-06-23 11:09:58

Representational Image
ന്യൂഡൽഹി: ആയിരം വർഷം മുതൽ നൂറ്റാണ്ടുകൾ വരെ പഴക്കമുള്ള പള്ളികളും ദർഗകളും മദ്റസകളുമടക്കം 23 മുസ്‍ലിം മതസ്ഥാപനങ്ങളാണ് കഴിഞ്ഞ 45 ദിവസത്തിനിടെ ബിജെപി സർക്കാരുകൾ ഇടിച്ചുനിരത്തിയത്. കഴിഞ്ഞ ആറ് മാസങ്ങൾക്കുള്ളിലാണ് സംസ്ഥാനങ്ങളിൽ ആസൂത്രിതമായ പൊളിക്കലുകൾ നടന്നത്. അനധികൃത നിർമാണം ആരോപിച്ചാണ് ഇവയിലേറെയും ഭരണകൂടത്തിന്റെ 'ബുൾഡോസർ രാജിന്' ഇരയാക്കിയത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ-അഭിഭാഷക സംഘടനയായ 'ജസ്റ്റിസ് ഫോർ ഓൾ' നടത്തിയ വിശദമായ പഠനത്തിലാണ് ആശങ്കപ്പെടുത്തുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്.
സംഭൽ, വാരാണസി, ജയ്പൂർ തുടങ്ങിയ നഗരങ്ങളിൽ ഈയിടെ നടന്ന വൻ പൊളിച്ചുമാറ്റൽ നടപടികൾക്ക് പിന്നാലെയാണ് സംഘടന രാജ്യവ്യാപകമായി വിവരശേഖരണം നടത്തിയത്. മേയ് മാസം മുതൽ ബിജെപി ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളിലായിട്ടാണ് ഈ ധ്വംസനങ്ങൾ കൂടുതലായും അരങ്ങേറിയത്. ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് ചരിത്രപ്രാധാന്യമുള്ളതുൾപ്പെടെയുള്ള മതസ്ഥാപനങ്ങൾ അധികൃതരുടെ ബുൾഡോസറുകൾക്ക് ഇരയായത്.
തകർക്കപ്പെട്ടവയിൽ പ്രധാന ചരിത്രകേന്ദ്രങ്ങൾ
വാരാണസിയിലെ പള്ളികൾ: കാശി മോഡൽ റെയിൽവേ സ്റ്റേഷന്റെ വികസനത്തിന് എന്ന പേരിൽ ജൂൺ രണ്ടിന് രാത്രി വാരാണസിയിലെ 200 വർഷം പഴക്കമുള്ള അജ്ഗൈബ് ശഹീദ് പള്ളി അധികൃതർ പൊളിച്ചുമാറ്റി. ഇതിന് പുറമെ 1000 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ 'മസ്ജിദ് ഗഞ്ച് ഷഹീദ' നിലവിൽ കടുത്ത പൊളിച്ചുമാറ്റൽ ഭീഷണി നേരിടുകയാണ്.
ഡൽഹിയിലെ ദർഗയും മദ്റസയും: തലമുറകളായി പ്രദേശത്തെ പ്രധാന ആത്മീയ കേന്ദ്രമായി പരിപാലിച്ചു പോന്നിരുന്ന ഡൽഹി മംഗോൾപുരിയിലെ 200 വർഷം പഴക്കമുള്ള 'ദർഗ പഞ്ച് പീരൻ' മേയ് ആറിനാണ് അധികൃതർ തകർത്തത്. മേയ് 21ന് പിതംപുരയിൽ ഡിഡിഎയുടെ ഭൂമി കയ്യേറി എന്ന് ആരോപിച്ച് ഒരു മദ്റസയും പൊളിച്ചുമാറ്റി.
മഹാരാഷ്ട്രയിലെ ആരാധനാലയങ്ങൾ: മേയ് 30ന് മുംബൈ ബാന്ദ്രയിലെ രണ്ട് പള്ളികൾ തകർത്തത് വലിയ സംഘർഷത്തിന് വഴിവെച്ചിരുന്നു. ജൂൺ രണ്ടിന് ഗോരേഗാവിലെ 70 വർഷത്തിലേറെ പഴക്കമുള്ള ഹസ്രത്ത് സയ്യിദ് ബർകത്ത് അലി ഷാ പിർ ബാബ ദർഗയും, ജൂൺ നാലിന് പൂനെയിലെ 100 വർഷം പഴക്കമുള്ള ഹസ്രത്ത് ഷംസുദ്ദീൻ ഖാദ്‍രി ദർഗയും അധികൃതർ ഇടിച്ചുനിരത്തി.
ഗുജറാത്തും ഹരിയാനയും: ഹരിയാനയിലെ ഫരീദാബാദിൽ കനത്ത പൊലീസ് കാവലിൽ പുലർച്ചെയാണ് മസ്ജിദ് ചൗക്കിലെ പള്ളി തകർത്തത്. ഗുജറാത്തിൽ ഭൂനിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് മൂന്ന് ദർഗകളും ഒരു ഖബർസ്ഥാനും ജൂൺ ഒന്നിന് അധികൃതർ ഇല്ലാതാക്കി. ഉത്തർപ്രദേശിലെ സംഭലിലും സമാനമായ രീതിയിൽ ദർഗകൾ പൊളിച്ചുമാറ്റിയിട്ടുണ്ട്.
നിയമങ്ങൾ കാറ്റിൽപ്പറത്തിയുള്ള നടപടി
യാതൊരുവിധ നിയമപരമായ നടപടിക്രമങ്ങളും പാലിക്കാതെയാണ് ഈ ഇടിച്ചുനിരത്തലുകൾ നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിന് മുന്നോടിയായി നൽകേണ്ട മുൻകൂർ നോട്ടീസ് പോലും പലയിടത്തും നൽകാൻ അധികൃതർ തയാറായിട്ടില്ല. മുസ്‍ലിം മതസ്ഥാപനങ്ങൾക്കെതിരെ തിടുക്കപ്പെട്ട് കർശന നടപടി സ്വീകരിച്ച അധികൃതർ, മതിയായ അനുമതികളില്ലാതെ തൊട്ടടുത്ത് പ്രവർത്തിക്കുന്ന മറ്റ് മതവിഭാഗങ്ങളുടെ കേന്ദ്രങ്ങളെ സ്പർശിക്കാതെ വിട്ടെന്നും 'ജസ്റ്റിസ് ഫോർ ഓൾ' ചൂണ്ടിക്കാട്ടുന്നു.
ഒരു ജനാധിപത്യ രാജ്യത്ത് നിയമവാഴ്ചയെ നോക്കുകുത്തിയാക്കി നടക്കുന്ന ഇത്തരം ഏകപക്ഷീയമായ നടപടികൾ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും, രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെടുന്നു.
Adjust Story Font
16
