ഒഡിഷയിൽ 23കാരനായ ആദിവാസി യുവാവിനെ കല്ലുകൊണ്ട് ഇടിച്ചുകൊന്നു
വ്യാഴാഴ്ച വീട്ടിൽ നിന്ന് മോട്ടോർസൈക്കിളിൽ ചന്തയിലേക്ക് പോയതാണ് ഗണേഷെന്ന് ബന്ധുക്കൾ പറഞ്ഞു.

ഭുവനേശ്വർ: ഒഡിഷയിൽ ആദിവാസി യുവാവിനെ കല്ലുകൊണ്ട് ഇടിച്ചുകൊന്നു. മയൂർഭഞ്ച് ജില്ലയിലെ ഖുൻഡയിൽ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഖപ്രപാൽ സ്വദേശിയായ 23കാരൻ ഗണേഷ് ഹെംബ്രാമാണ് കൊല്ലപ്പെട്ടത്.
ബഡാഖുണ്ഡയിലെ റോഡരികിലാണ്, കല്ലുകൊണ്ട് തലയും മുഖവും ഇടിച്ചുതകർത്ത നിലയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന ഗണേഷിന്റെ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വീട്ടിൽ നിന്ന് മോട്ടോർസൈക്കിളിൽ ചന്തയിലേക്ക് പോയതാണ് ഗണേഷെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ വീട്ടിലേക്ക് തിരിച്ചെത്തിയില്ല.
ഇതോടെ, കുടുംബം മാർക്കറ്റിലെത്തി ഗണേഷിനെക്കുറിച്ച് അന്വേഷിച്ചെങ്കിലും വിവരമുണ്ടായില്ല. പിറ്റേന്ന് രാവിലെ യുവാവിന്റെ വികൃതമാക്കപ്പെട്ട മൃതദേഹം കണ്ടെത്തിയതായി നാട്ടുകാർ കുടുംബത്തെ അറിയിക്കുകയായിരുന്നു. തുടർന്ന് കുടുംബവും നാട്ടുകാരും അറിയിച്ചതനുസരിച്ച് പൊലീസും സ്ഥലത്തെത്തി.
വ്യാഴാഴ്ച രാത്രി ഗണേഷിനെ ചിലർ കല്ലും ഇഷ്ടികകളും കൊണ്ട് അടിച്ചു കൊലപ്പെടുത്തിയതാവാമെന്നും രക്തക്കറയുള്ള ഇഷ്ടിക മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. യുവാവിന്റെ മുഖവും തലയും തകർന്നിരുന്നു. മൃതദേഹത്തിനടുത്ത് നിന്ന് ബൈക്കിന്റെ താക്കോൽ കണ്ടെത്തിയെങ്കിലും വാഹനം കണ്ടെത്താനായിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഉഡാല സബ് ഡിവിഷനൽ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ, ഗണേഷിന്റെ സഹോദരൻ സുരാജ് ഖുൻഡ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഗണേഷിന്റെ സുഹൃത്തുക്കളിൽ ചിലരെയും ചില നാട്ടുകാരേയും പൊലീസ് ചോദ്യം ചെയ്തു. കൊലപാതകത്തിലേക്ക് നയിച്ച കാരണമറിയാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
'കൊലപാതകത്തിന്റെ യഥാർഥ കാരണമറിയാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണ്. കുറ്റവാളികളെ കണ്ടെത്താൻ ശ്രമം ഊർജിതമാക്കിയിട്ടുണ്ട്'- ഖുൻഡ പൊലീസ് പറഞ്ഞു.
Adjust Story Font
16

