2.5 കിലോ സ്വർണം, 1.6 കിലോ വെള്ളി, 26 ലക്ഷം രൂപ; വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വീട്ടിൽ കണ്ടെത്തിയത് 7.6 കോടിയുടെ അനധികൃത സ്വത്ത്
26,36,800 രൂപ പണമായി കണ്ടെടുത്തു

- Published:
14 Nov 2026 10:33 PM IST

ഭോപ്പാൽ: അനധികൃത സ്വത്ത് സമ്പാദന കേസിൽ മധ്യപ്രദേശിലെ വനംവകുപ്പ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട മൂന്ന് കേന്ദ്രങ്ങളിൽ ലോകായുക്ത നടത്തിയ പരിശോധനയിൽ ഏകദേശം 7.6 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടെത്തി. പച്ച്മഡിയിലെ സത്പുര ടൈഗർ റിസർവ് അസിസ്റ്റന്റ് ഡയറക്ടർ സഞ്ജീവ് കുമാർ ശർമയുടെ വസതികളിലും ഓഫീസിലുമാണ് റെയ്ഡ് നടന്നത്. ഇത് പ്രാഥമിക കണക്ക് മാത്രമാണെന്നും പരിശോധന തുടരുകയാണെന്നും ലോകായുക്ത അറിയിച്ചു.
സഞ്ജീവ് കുമാർ ശർമയും ഭാര്യയും മറ്റ് ചിലരും ചേർന്ന് വരുമാനത്തേക്കാൾ ഉയർന്ന തോതിൽ സ്വത്ത് സമ്പാദിച്ചതായി ലോകായുക്തയ്ക്ക് പരാതി ലഭിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഇദ്ദേഹത്തിന്റെ സ്വത്തുക്കൾ അറിയപ്പെടുന്ന വരുമാനത്തേക്കാൾ 228 ശതമാനം കൂടുതലാണെന്ന് കണ്ടെത്തി. തുടർന്ന് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുകയും കോടതിയിൽ നിന്ന് വാറണ്ട് നേടിയ ശേഷം പരിശോധന നടത്തുകയുമായിരുന്നു .ഭോപ്പാൽ ഡിവിഷനിൽ നിന്നുള്ള പ്രത്യേക സംഘങ്ങളാണ് പച്ച്മഡിയിലെ ഔദ്യോഗിക വസതിയിലും ഓഫീസിലും ചിന്ദ്വാരയിലെ സ്വകാര്യ വസതിയിലും ഒരേസമയം റെയ്ഡ് നടത്തിയത്.
ലോകായുക്ത പുറത്തുവിട്ട പ്രാഥമിക വിവരങ്ങൾ പ്രകാരം 26,36,800 രൂപ പണമായി കണ്ടെടുത്തു. ഏകദേശം 3.5 കോടി രൂപ വിലമതിക്കുന്ന 2.528 കിലോഗ്രാം സ്വർണവും, 2.94 ലക്ഷം രൂപ വിലവരുന്ന 1.656 കിലോഗ്രാം വെള്ളിയും പിടിച്ചെടുത്തു. സ്കോർപിയോ, മഹീന്ദ്ര കെയുവി, റോയൽ എൻഫീൽഡ് ബുള്ളറ്റ്, ഒരു സ്കൂട്ടർ എന്നിവയുൾപ്പെടെ ഏകദേശം 31.2 ലക്ഷം രൂപ വിലമതിക്കുന്ന നാല് വാഹനങ്ങൾ പിടിച്ചെടുത്തു. കൂടാതെ ഏകദേശം 50 ലക്ഷം രൂപ വിലവരുന്ന വീട്ടുപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ശർമയുമായി ബന്ധപ്പെട്ട രണ്ട് സ്വത്തുക്കളുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. ഏകദേശം രണ്ട് കോടി രൂപ മതിപ്പുവിലയുള്ള 'ഇക്കോട്ടെൽ റിസോർട്ട്, ഒരു കോടി രൂപ വിലമതിക്കുന്ന സെറിനിറ്റി ദ വില്ല എന്നിവയാണിവ. ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട 28 രേഖകളും സംഘം കണ്ടെടുത്തു. ഇതുവരെ കണ്ടെത്തിയ സ്വത്തുക്കൾ ഉദ്യോഗസ്ഥന്റെ അറിയപ്പെടുന്ന വരുമാനത്തേക്കാൾ ഏകദേശം 560 ശതമാനം കൂടുതലാണെന്നാണ് ലോകായുക്തയുടെ പ്രാഥമിക വിലയിരുത്തൽ. ഹോട്ടലിന്റെയും റിസോർട്ടിന്റെയും ഔദ്യോഗിക മൂല്യനിർണയം ഇതുവരെ പൂർത്തിയായിട്ടില്ല. ഭൂമി രേഖകൾ പരിശോധിക്കുകയും ഇവയുടെ മൂല്യനിർണയം പൂർത്തിയാക്കുകയും ചെയ്യുന്നതോടെ ആകെ സ്വത്തിന്റെ മൂല്യം ഇനിയും ഉയരാനാണ് സാധ്യത. പരിശോധന തുടരുകയാണെന്നും മറ്റ് സ്ഥലങ്ങളിലും റെയ്ഡ് നടത്താൻ സാധ്യതയുണ്ടെന്നും ലോകായുക്ത വ്യക്തമാക്കി.
Adjust Story Font
16
