ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണമെന്ന യുഎസ് കമ്മീഷൻ റിപ്പോർട്ട്: മുൻവിധിയോടെയെന്ന് മുൻ ജഡ്ജിമാരടക്കമുള്ള 275 പ്രമുഖർ
സുപ്രിംകോടതി മുൻ ജഡ്ജിമാരായിരുന്ന എ.കെ. ഗോയൽ, ജസ്റ്റിസ് ഹേമന്ത് ഗുപ്ത, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ഒ.പി. റാവത്ത് എന്നിവരടക്കമുള്ള പ്രമുഖരാണ് രംഗത്ത് എത്തിയിരിക്കുന്നത്

- Published:
22 March 2026 2:33 PM IST

ന്യൂഡൽഹി: ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണമെന്ന യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം റിപ്പോർട്ടിനെതിരെ മുൻ ജഡ്ജിമാരും ഉദ്യോഗസ്ഥരും അടക്കം 275 പേർ രംഗത്ത്.
ദുരുദ്ദേശ്യപരവും ബുദ്ധിശൂന്യവുമാണ് റിപ്പോർട്ടിലേതെന്ന് ഇവർ പ്രസ്താവനയിറക്കി. മുൻവിധിയോടെയുള്ള റിപ്പോർട്ടിന്റെ ഭാഗമായിരുന്നവരുടെ പശ്ചാത്തലത്തെക്കുറിച്ച് വിശദമായ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു.
ഇന്ത്യയിലെ മതസ്വാതന്ത്ര്യം തകർച്ചയിലാണെന്നതടക്കം പരാമർശങ്ങളാണ് യുഎസ് കമ്മീഷന്റെ വാർഷിക റിപ്പോർട്ടിലുള്ളത്. മതപരിവർത്തനം തടയാനുള്ള നിയമത്തിൽ ജയിൽശിക്ഷ കൂടി ഉൾപ്പെടുത്തി മഹാരാഷ്ട്ര, ഒഡീഷ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വിശ്വഹിന്ദു പരിഷത്ത് വർഗീയ സംഘർഷമുണ്ടാക്കുന്നു തുടങ്ങിയ ആരോപണങ്ങളും ഉണ്ട്.
സുപ്രിംകോടതി മുൻ ജഡ്ജിമാരായിരുന്ന എ.കെ. ഗോയൽ, ജസ്റ്റിസ് ഹേമന്ത് ഗുപ്ത, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ഒ.പി. റാവത്ത്, സുനിൽ അറോറ, മുൻ വിദേശകാര്യ സെക്രട്ടറി കൻവൽ സിബൽ, എൻഐഎ ഡയറക്ടറായിരുന്ന ചന്ദർ മോദി തുടങ്ങി ഒപ്പിട്ട 275 പേരിൽ 25 പേർ മുൻ ജഡ്ജിമാരാണ്. 119 പേർ മുൻ ഉദ്യോഗസ്ഥരും. അംബാസഡർമാരായിരുന്ന 10 പേരും സായുധസേനയിൽ ഉദ്യോഗസ്ഥരായിരുന്ന 131 പേരും ഇക്കൂട്ടത്തിലുണ്ട്.
Adjust Story Font
16
