Quantcast

ഐ.പി.സിയും സി.ആർ.പി.സിയും ഇനിയില്ല; ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതുന്ന പുതിയ ബില്ലുകളുമായി കേന്ദ്രം

ഐ.പി.സി ഇനി ഭാരതീയ ന്യായ് സംഹിതയും സി.ആർ.പി.സി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുമാകും

MediaOne Logo

Web Desk

  • Published:

    11 Aug 2023 10:18 AM GMT

3 Bills to replace IPC, CrPC, Indian Evidence Act introduced in Lok Sabha, IPC, CrPC and Indian Evidence Act to be replaced, Bharatiya Nyaya Sanhita, the Bharatiya Nagarik Suraksha Sanhita, Bharatiya Sakshya Bill, Amit Shah
X

ബില്ലുകള്‍ അവതരിപ്പിച്ച് അമിത് ഷാ പാര്‍ലമെന്‍റില്‍ സംസാരിക്കുന്നു

ന്യൂഡൽഹി: രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതുന്ന ബില്ലുകളുമായി കേന്ദ്രം. സി.ആർ.പി.സിയും ഐ.പി.സിയുമെല്ലാം എടുത്തുമാറ്റി പകരം പുതിയ നിയമങ്ങൾ അവതരിപ്പിക്കുന്ന മൂന്ന് ബില്ലുകൾ കേന്ദ്ര ആഭ്യന്തര മന്ത്രി ലോക്‌സഭയിൽ അവതരിപ്പിച്ചു. ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമങ്ങളെന്നു പറഞ്ഞാണു പഴയതെല്ലാം ഉടച്ചുവാർത്ത് പുതിയ നിയമങ്ങൾ വരുന്നത്.

ഇന്ത്യൻ പീനൽ കോഡ്, കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നീ നിയമങ്ങൾ ഭേദഗതി ചെയ്തുകൊണ്ടുള്ള മൂന്ന് ബില്ലുകൾ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ നിയമത്തിൽ ഐ.പി.സി ഭാരതീയ ന്യായ സംഹിത, 2023 എന്ന പേരിൽ അറിയപ്പെടും. സി.ആർ.പി.സി ഇനി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും എവിഡൻസ് ആക്ട് ഭാരതീയ സാക്ഷ്യവുമാകും. പുതിയ ബില്ലുകൾ പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റിക്കു വിടും.

ഇപ്പോൾ മാറ്റാനിരിക്കുന്ന നിയമങ്ങൾ ബ്രിട്ടീഷ് ഭരണത്തെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനുമായി ഉണ്ടാക്കിയതാണെന്ന് ബില്ലുകൾ അവതരിപ്പിച്ച് അമിത് ഷാ ആരോപിച്ചു. നീതിക്കു പകരം ശിക്ഷ നൽകുന്നതിലാണ് അതിന്റെ പ്രാഥമിക ശ്രദ്ധ. ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾക്കു സംരക്ഷണം നൽകുന്നതിനു മുൻഗണന നൽകുന്ന പുതിയ മൂന്നു നിയമങ്ങളാണ് അവതരിപ്പിക്കാനിരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

1860 മുതൽ 2023 വരെ ബ്രിട്ടീഷുകാർ നിർമിച്ച നിയമം അനുസരിച്ചായിരുന്നു രാജ്യത്തെ ക്രിമിനൽ നീതിന്യായ സംവിധാനം പ്രവർത്തിച്ചിരുന്നത്. പുതിയ മൂന്നു നിയമങ്ങൾ വരുന്നതോടെ രാജ്യത്തെ ക്രിമിനൽ നീതിന്യായ സംവിധാനം തന്നെ അപ്പാടെ മാറും-അമിത് ഷാ അറിയിച്ചു.

രാജ്യദ്രോഹക്കുറ്റം പിൻവലിക്കുകയാണെന്നും അമിത് ഷാ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപകരം പുതിയ നിയമം കൊണ്ടുവരും. ആൾക്കൂട്ടക്കൊലയ്ക്ക് വധശിക്ഷയോ ജീവപര്യന്തം തടവുശിക്ഷയോ നൽകുമെന്നും പ്രഖ്യാപനമുണ്ട്. കൂട്ടബലാത്സംഗത്തിന് 20 വർഷം തടവ് ലഭിക്കും. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം വധശിക്ഷ ലഭിക്കാവുന്ന കുറ്റമാകും.

രാജ്യത്ത് എവിടെനിന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്ന രീതിയിൽ ഇ-എഫ്.ഐ.ആർ വരും. കോടതി നടപടികളിൽ കാലതാമസം ഒഴിവാക്കും. പരാതികളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി 90 ദിവസമാകും. റെയ്ഡുകൾ വിഡിയോഗ്രഫി ചെയ്യാനും നിർദേശമുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.

Summary: 3 Bills to replace IPC, CrPC, Indian Evidence Act introduced in Lok Sabha

TAGS :

Next Story