രാഷ്ട്രീയ പാര്‍ട്ടികള്‍ കോടികള്‍ സംഭാവന വാങ്ങും, കമ്മീഷന്‍പറ്റി തിരിച്ചു നല്‍കും; ഗുജറാത്തില്‍ നികുതി വെട്ടിപ്പിന് പുതിയ രീതി
1870 കോടി രൂപയുടെ സംഭാവനകളിലൂടെ 560 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടം സർക്കാരിന് ഉണ്ടാക്കിയെന്നാണ് ആരോപണം

അഹമ്മദാബാദ്: വ്യാജ രാഷ്ട്രീയ സംഭാവനകളുടെ പേരില്‍ നികുതി വെട്ടിപ്പ് നടത്തിയ ഗുജറാത്തിലെ മൂന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആദായനികുതി വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് പൊലീസിന്റെ സിഐഡി വിഭാഗം കേസെടുത്തത്. ഏകദേശം 1870 കോടി രൂപയുടെ സംഭാവനകളിലൂടെ 560 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടം സർക്കാരിന് ഉണ്ടാക്കിയെന്നാണ് ആരോപണം. കോടികള്‍ സംഭാവനയായി സ്വീകരിച്ച് രസീത് നല്‍കിയ ശേഷം പിന്നീട് ഷെല്‍ കമ്പനികളിലൂടെ തിരിച്ചുനല്‍കിയാണ് വെട്ടിപ്പ്.
ഗാന്ധിഗനറില്‍ രജിസ്റ്റര്‍ ചെയ്ത ഭാരതീയ നാഷണല്‍ ജനതാദള്‍ (ബിഎന്‍ജെഡി), സ്വതന്ത്രത അഭിവ്യക്തി പാര്‍ട്ടി (എസ്എപി), ഗരീബ് കല്യാണ്‍ പാര്‍ട്ടി (ജികെപി) എന്നിവര്‍ക്കെതിരെയാണ് കേസുകള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമില്ലാത്ത പാര്‍ട്ടികളാണിവ. ബിഎന്‍ജെഡിക്ക് 56,238 പേരില്‍നിന്നായി 1,143.85 കോടി രൂപ ലഭിച്ചതായും ഇതിലൂടെ ഏകദേശം 343 കോടി രൂപയുടെ നികുതി നഷ്ടമുണ്ടായതായും എഫ്‌ഐആറില്‍ പറയുന്നു. എസ്എപിക്ക് 519 കോടി രൂപയുടെ സംഭാവന ലഭിച്ചതായും 155 കോടി രൂപയുടെ നഷ്ടമുണ്ടായതായും ജികെപിക്ക് 206.76 കോടി രൂപ ലഭിച്ചതായും ഏകദേശം 62 കോടി രൂപയുടെ നഷ്ടമുണ്ടായതായും അന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്നു.
ആദായനികുതി ഇളവ് ലഭിക്കുന്നതിനായി സംഭാവന നല്‍കിയവര്‍ക്ക് രസീതുകള്‍ നല്‍കും. ശേഷം പണം ഷെല്‍ കമ്പനികള്‍ വഴി തിരിച്ചുനല്‍കിയെന്നാണ് പ്രധാന ആരോപണം. നാല് മുതല്‍ ആറ് ശതമാനം വരെ കമ്മീഷന്‍ ഈടാക്കിയാണ് തുക തിരികെ നല്‍കുന്നത്. ചില ഇടപാടുകളില്‍ വ്യാജ ബില്ലുകളും രേഖകളും തയ്യാറാക്കി പണം വിവിധ സ്ഥാപനങ്ങളിലൂടെ കൈമാറിയതായും പിന്നീട് പണമായി പിന്‍വലിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. മൂന്ന് പാര്‍ട്ടികളും 2017 മുതല്‍ ഗുജറാത്തിലെ വിവിധ തെരഞ്ഞെടുപ്പുകളില്‍ സാന്നിധ്യമറിയിക്കാന്‍ വേണ്ടി മാത്രമായി മത്സരിച്ചിട്ടുണ്ട്. എന്നാല്‍, സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച പണം നിലനിര്‍ത്താനുള്ള വോട്ട് പോലും ലഭിച്ചില്ല.
സംഭവത്തില്‍ പാര്‍ട്ടികളുടെ പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍മാര്‍, ഹവാല ഇടനിലക്കാര്‍, കണക്കുകള്‍ പരിശോധിക്കാതെ വ്യാജ ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി ഒപ്പിട്ടു നല്‍കിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ എന്നിവര്‍ക്കെതിരെ വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ തയ്യാറാക്കല്‍, വ്യാജരേഖ ഉപയോഗിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് കേസുകളില്‍ ചുമത്തിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും വ്യക്തികളിലും പരിശോധന നടത്തുമെന്നും ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും സംബന്ധിച്ച് നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
Adjust Story Font
16

