സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം, 5.5 കോടിയുടെ 36 റിസോർട്ട് വില്ലകൾ; ഐഎഎസ്-ഐപിഎസ് ദമ്പതികൾക്കെതിരെ അന്വേഷണം
15 ലക്ഷം മുതൽ 16.5 ലക്ഷം രൂപ വരെ നിരക്കിലാണ് വില്ലകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്

- Published:
1 Nov 2026 6:25 PM IST

ജയ്പൂർ: സ്വകാര്യ റിസോർട്ട് ഗ്രൂപ്പിന് വഴിവിട്ട ആനുകൂല്യങ്ങൾ നൽകി വിപണി വിലയേക്കാൾ തുച്ഛമായ നിരക്കിൽ സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും 36 ആഡംബര വില്ലകൾ വാങ്ങിക്കൂട്ടിയെന്ന കേസിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശിഖർ അഗർവാളിനെതിരെ രാജസ്ഥാൻ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) വിശദമായ അന്വേഷണം ആരംഭിച്ചു. വ്യവസായ വകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയായ ശിഖർ അഗർവാളിന് പുറമെ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥയായ ഭാര്യ പ്രശാഖ മാഥുറും മറ്റ് കുടുംബാംഗങ്ങളും ആരോപണത്തിന്റെ നിഴലിലാണ്.
'അനന്ത' ബ്രാൻഡിന് കീഴിൽ ഹോട്ടലുകളും റിസോർട്ടുകളും നടത്തുന്ന ഗോയൽ ഫാഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടർമാരുമായി ചേർന്ന് ഉദ്യോഗസ്ഥൻ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കമ്പനിക്കും തനിക്കും അനധികൃത ലാഭമുണ്ടാക്കിയെന്നും എസിബിയുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഇതുവഴി സംസ്ഥാന സർക്കാരിന് വൻ സാമ്പത്തിക നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17 എ പ്രകാരം അഗർവാളിനും കമ്പനി ഡയറക്ടർമാർക്കുമെതിരെ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ മുൻകൂർ അനുമതി നൽകിയതായി എസിബി ഡയറക്ടർ ജനറൽ ഗോവിന്ദ് ഗുപ്ത വ്യക്തമാക്കി.
ഒക്ടോബർ 27-ന് 'ദൈനിക് ഭാസ്‌കർ' ദിനപത്രം പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോർട്ടിന്റെയും വ്യവസായ വകുപ്പ് സമർപ്പിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് എസിബി പ്രാഥമിക അന്വേഷണം നടത്തിയത്. ഗോയൽ ഫാഷൻസ് നടത്തുന്ന റിസോർട്ടുകളിൽ നിന്നായി രണ്ട് ഘട്ടങ്ങളിലായി 36 വില്ലകൾ കുടുംബാംഗങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തതായാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ഇതിന്റെ മൊത്തം ഇടപാട് മൂല്യം 5.52 കോടി രൂപയോളമാണ്.
ഉദയ്പൂരിലെ ബുജ്ഡയിലുള്ള അനന്ത റിസോർട്ടിൽ 2026 മാർച്ചിലാണ് 20 വില്ലകൾ വാങ്ങിയത്. ഇതിൽ പത്തെണ്ണം ശിഖർ അഗർവാളിന്റെ പേരിലും പത്തെണ്ണം ഭാര്യയായ ഐപിഎസ് ഉദ്യോഗസ്ഥ പ്രശാഖ മാഥുറിന്റെ പേരിലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓരോ വില്ലയ്ക്കും ഏകദേശം 15 ലക്ഷം രൂപ നിരക്കിൽ ആകെ 3 കോടിയോളം രൂപയാണ് ഇവിടെ ചെലവഴിച്ചതായി കാണിച്ചിട്ടുള്ളത്. അൽവാറിലെ അജബ്ഗഢിലുള്ള അനന്ത റിസോർട്ടിലാണ് ബാക്കി 16 വില്ലകൾ. ഇവിടെ അഗർവാളിന്റെയും ഭാര്യയുടെയും പേരിൽ നാലുവീതം എട്ട് വില്ലകളും, ഇവരുടെ രണ്ട് മക്കളുടെ പേരിൽ നാല് വില്ലകളും, ഭാര്യാപിതാവിന്റെയും മാതാവിന്റെയും പേരിൽ നാല് വില്ലകളുമാണ് വാങ്ങിയിട്ടുള്ളത്. 15 ലക്ഷം മുതൽ 16.5 ലക്ഷം രൂപ വരെ നിരക്കിലാണ് ഇവ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Adjust Story Font
16
