Quantcast

മരണമടഞ്ഞ പിതാവിന്‍റെ ഭാര്യയായി ചമഞ്ഞ് പെന്‍ഷന്‍ വാങ്ങി; യുവതി 10 വര്‍ഷത്തിനിടെ കൈപ്പറ്റിയത് 12 ലക്ഷം

സഫിയ ബീഗമായി ചമഞ്ഞ മൊഹ്സിന വ്യാജരേഖകൾ ഉണ്ടാക്കുകയും കുടുംബ പെൻഷൻ ലഭിക്കുന്നതിന് ആവശ്യമായ പേപ്പറുകള്‍ കൃത്രിമമായി സൃഷ്ടിക്കുകയും ചെയ്തു

MediaOne Logo

Web Desk

  • Published:

    9 Aug 2023 2:01 PM IST

pension
X

പ്രതീകാത്മക ചിത്രം

ആഗ്ര: മരിച്ചുപോയ പിതാവിന്‍റെ ഭാര്യയായി ചമഞ്ഞ് പെന്‍ഷന്‍ വകയില്‍ യുവതി തട്ടിയെടുത്തത് ലക്ഷങ്ങള്‍. ഉത്തര്‍പ്രദേശ് ഇറ്റാ ജില്ലയിലെ അലിഗഞ്ചിലാണ് സംഭവം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 12 ലക്ഷം രൂപയാണ് മൊഹ്‌സിന പർവേസ് എന്ന 36കാരി കൈപ്പറ്റിയത്. ഒടുവില്‍ ഇതിനെതിരെ മൊഹ്സിനയുടെ ഭര്‍ത്താവ് പരാതി നല്‍കിയതോടെയാണ് സംഭവം വെളിച്ചത്തുവന്നത്.

2013 ജനുവരി 2നാണ് മൊഹ്സിനയുടെ പിതാവ് വജാഹത്ത് ഉല്ലാ ഖാൻ മരിക്കുന്നത്. റവന്യൂ ക്ലര്‍ക്കായിട്ടാണ് ഇദ്ദേഹം വിരമിച്ചത്. ഭാര്യ സബിയ ബീഗം നേരത്തെ മരിച്ചിരുന്നു. സഫിയ ബീഗമായി ചമഞ്ഞ മൊഹ്സിന വ്യാജരേഖകൾ ഉണ്ടാക്കുകയും കുടുംബ പെൻഷൻ ലഭിക്കുന്നതിന് ആവശ്യമായ പേപ്പറുകള്‍ കൃത്രിമമായി സൃഷ്ടിക്കുകയും ചെയ്തു. മൊഹ്‌സിന 2017ൽ ഫാറൂഖ് അലി എന്നയാളെ വിവാഹം കഴിച്ചെങ്കിലും പിന്നീട് ബന്ധം പിരിഞ്ഞിരുന്നു. മൊഹ്‌സിന നിയമവിരുദ്ധമായി പെൻഷൻ വാങ്ങുന്നത് ഫാറൂഖിന് അറിയാമായിരുന്നെങ്കിലും വിവാഹമോചനത്തിന് ശേഷമാണ് ഇക്കാര്യം അറിയിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. അലിഗഞ്ചിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ ഓഫീസിന്റെ നേതൃത്വത്തിൽ നടന്ന പ്രാഥമിക അന്വേഷണത്തിൽ, പെൻഷൻ അപേക്ഷയിൽ മൊഹ്‌സിന അമ്മയുടെ പേരും സ്വന്തം ഫോട്ടോയും പോലും സമർത്ഥമായി ഉപയോഗിച്ചുവെന്ന് കണ്ടെത്തി.

മൊഹ്സിനക്കെതിരെ അലിഗഞ്ച് പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവതിയുടെ അപേക്ഷ അംഗീകരിച്ച ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ പെൻഷൻ അപേക്ഷയുടെ വെരിഫിക്കേഷനിലും അംഗീകാര പ്രക്രിയയിലും കാര്യമായ വീഴ്ചകൾ ഉണ്ടെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അലോക് കുമാർ ചൂണ്ടിക്കാട്ടി.

TAGS :

Next Story