മൂന്ന് മുറികളുള്ള ഫ്ലാറ്റിലെ ഒറ്റ മുറിയിൽ ചേതൻ കുമാറും മൂന്ന് ഭാര്യമാരും അഞ്ച് മക്കളും; ഗസിയാബാദിലെ സഹോദരിയുടെ ആത്മഹത്യയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
2018 ൽ ചേതൻ കുമാറിൻ്റെ ഭാര്യ സഹോദരിയും സമാനമായ രീതിയിൽ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചിരുന്നു

- Updated:
2026-02-10 04:50:47.0

ന്യുഡൽഹി: കൊറിയൻ ഗെയിമിനോടുള്ള ആസക്തി മൂത്ത സഹോദരിമാർ ഫ്‌ലാറ്റിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു എന്ന വാർത്ത ഏവരേയും ഞെട്ടിച്ചതാണ്. ഗെയിം കളിക്കരുത് എന്ന് പറഞ്ഞ് മൊബൈൽ ഫോൺ വാങ്ങി വച്ചതിൽ വിഷമിച്ച് ആത്മഹത്യ എന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാൽ, ഇപ്പോൾ പുറത്ത് വരുന്ന സൂചനകൾ സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നതാണ്.
ഫെബ്രുവരി നാലിനാണ് സഹോദരിമാരായ പാഖി (12), പ്രാചി (14), നിഷിക (16) എന്നിവർ ഗാസിയാബാദിലെ ഭാരത് സിറ്റിയിലുള്ള പാർപ്പിട സമുച്ചയത്തിലെ ഒമ്പതാം നിലയിൽ നിന്ന് ചാടി മരിച്ചത്. കുട്ടികൾ കൊറിയൻ ഗെയിമിന് അടിമകളാണെന്നും ഫോൺ വാങ്ങി വെച്ചതിനെ തുടർന്നാണ് ആത്മഹത്യ എന്നുമായിരുന്നു രക്ഷിതാക്കൾ നൽകിയ മൊഴി. എന്നാൽ, കുട്ടികളുടെ പിതാവായ ചേതൻ കുമാറിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. ഇയാളുടെ മൂന്ന് വിവാഹങ്ങളും പരസ്പര വിരുദ്ധമായ മൊഴികളുമാണ് കൂടുതൽ അന്വേഷണത്തിലേക്ക് നയിച്ചത്. വിവാഹങ്ങൾ സംബന്ധിച്ച് ചേതൻ കുമാർ പറഞ്ഞ കാര്യങ്ങൾ യുക്തിക്ക് നിരക്കാത്തതാണെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് കിടപ്പുമുറികളുള്ള ഫ്ലാറ്റിലെ ഒറ്റ മുറിയിലാണ് 9 ആളുകൾ കഴിഞ്ഞിരുന്നത്. വർഷങ്ങൾക്ക് മുമ്പ് ഇയാളുടെ ഭാര്യ സഹോദരിയും സമാനമായ രീതിയിൽ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചിരുന്നു.ആദ്യ ഭാര്യക്ക് കുട്ടികളുണ്ടാകാത്തതിനാലാണ് രണ്ടാം വിവാഹം കഴിച്ചതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. എന്നാൽ, കുട്ടികളുടെ പ്രായം ഇയാളുടെ വാദത്തെ ഖണ്ഡിക്കുന്നതാണ്.
ഒമ്പതാം നിലയിൽ നിന്ന് ചാടി മരിച്ച പെൺകുട്ടികളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. തലക്കേറ്റ മുറിവാണ് കുട്ടികളുടെ മരണകാരണം. കുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയായിട്ടില്ലെന്നും ഷാലിമാർ ഗാർഡൻ അസിസ്റ്റന്റ് കമീഷ്ണർ അതുൽ കുമാർ സിങ് വാർത്ത റിപ്പോർട്ട് ചെയ്ത എൻഡിടിവിയോട് പറഞ്ഞിട്ടുണ്ട്. മരിച്ച കുട്ടികളുടെ മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കുട്ടികളിൽ ഒരാളുടെ മൊബൈൽ ഫോൺ സംഭവത്തിന് 15 ദിവസം മുമ്പ് വിറ്റിരുന്നു. മരണത്തിന് മുമ്പായി നടന്ന സംഭവങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
വിവാഹങ്ങളും ഒളിച്ചുകളികളും
ഗാസിയാബാദിലെ ത്രീ ബിഎച്ച്‌കെ ഫ്ലാലാറ്റിലെ ഒരൊറ്റ മുറിയിലാണ് ചേതൻ കുമാറും മൂന്ന് ഭാര്യമാരായ സുജാത, ഹിന, ടീന എന്നിവരും അഞ്ച് കുട്ടികളും താമസിച്ചിരുന്നത്. ആദ്യ ഭാര്യ സുജാതയിൽ ഒരു മകളും മാനസിക വെല്ലുവിളി നേരിടുന്ന ഒരു മകനുമാണ് ഇയാൾക്കുള്ളത്.
'സുജാതയ്ക്ക് കുട്ടികളുണ്ടാകാത്തതിനാലാണ് ഹിനയെ വിവാഹം കഴിച്ചതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. കുമാർ പൊലീസിന് നൽകിയ മൊഴി പ്രകാരം 2010-ൽ സുജാതയെയും 2013-ൽ സുജാതയുടെ സഹോദരിയായ ഹിനയെയും വിവാഹം കഴിച്ചു. 2023-ൽ ടീനയെയും വിവാഹം ചെയ്തു. എന്നാൽ, ഹിനയെ വിവാഹം കഴിക്കാനായി ഇയാൾ പറഞ്ഞ കാരണങ്ങൾ തെറ്റാണെന്നാണ് പൊലീസിന്റെ നിഗമനം. മരിക്കുമ്പോൾ മരിക്കുമ്പോൾ സുജാതയുടെ മകൾക്ക് 16 വയസ്സുണ്ട്. ഇത് ഇയാളുടെ വാദങ്ങളെ തള്ളുന്നതാണെന്നാണ് പൊലീസ് നിലപാട്. മുൻ ഭാര്യമാരിൽ നിന്ന് വിവാഹമോചനം നേടാതെ എങ്ങനെ മൂന്ന് വിവാഹങ്ങൾ കഴിച്ചു എന്ന ചോദ്യം ഉയരുന്നുണ്ട്. ഹിനയിലുണ്ടായ 12-ഉം 14-ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളും സുജാതയുടെ മൂത്ത മകളുമാണ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത്. മൂന്നാമത്തെ ഭാര്യയായ ടീനക്ക് 22 വയസാണ് പ്രായം. ഇവർ ഇയാളുടെ പഴയ സഹപ്രവർത്തകയാണ് ഇവർക്ക് മൂന്ന് വയസുള്ള മകനുമുണ്ട്. ഭാര്യ സഹോദരിയുടെ മരണവും ദുരൂഹമായി തുടരുകയാണ്. 2018 ലാണ് സുജാതയുടെയും ഹിനയുടെയും മറ്റൊരു സഹോദരി ഇവരെ സന്ദർശിക്കാനെത്തിയപ്പോൾ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചത്. അന്ന് ഇത് അപകടമരണമാണെന്ന് കരുതി കേസ് അവസാനിപ്പിക്കുകയായിരുന്നു.
സ്റ്റോക്ക് ബ്രോക്കറായി ജോലി ചെയ്യുന്ന കുമാറിന് നിലവിൽ രണ്ട് കോടി രൂപയുടെ കടബാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. വൈദ്യുതി ബില്ലടക്കാൻ പണമില്ലാത്തതിനാലാണ് മകളുടെ ഫോൺ വിറ്റതെന്നും സാമ്പത്തിക പ്രതിസന്ധി മൂലം കോവിഡിന് ശേഷം കുട്ടികളെ സ്‌കൂളിൽ അയച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
Adjust Story Font
16
