ബംഗാളിൽ ഇവിഎം മെഷീനുകൾ സൂക്ഷിച്ച കെട്ടിടത്തിൽ തീപിടിത്തം; 4000ത്തോളം മെഷീനുകൾ കത്തിനശിച്ചു
ബിജെപിയാണ് മെഷീനുകൾ കത്തിച്ചതെന്ന് ടിഎംസി ആരോപിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇവിഎം മെഷീനുകൾ സൂക്ഷിച്ച കെട്ടിടത്തിന് തീപിടിച്ച് നാലായിരത്തോളം മെഷീനുകൾ കത്തിനശിച്ചു. ഒൻപത് നിലകളുള്ള കെട്ടിടത്തിൽ സൂക്ഷിച്ച മെഷീനുകളാണ് കത്തി നശിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം . ബിജെപിയാണ് മെഷീനുകൾ കത്തിച്ചതെന്ന് ടിഎംസി ആരോപിച്ചു. വിഷയത്തിൽ കമ്മീഷൻ മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
തെക്കൻ കൊൽക്കത്തയിലെ അലിപൂർ പ്രദേശത്തെ ഒമ്പത് നില കെട്ടിടത്തിൽ ബുധനാഴ്ചയാണ് വൻ തീപിടിത്തമുണ്ടായത്. മറ്റ് വകുപ്പുകൾക്ക് പുറമേ സൗത്ത് 24 പർഗാനാസ് ജില്ലാ പരിഷത്ത് ഓഫീസും ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. "ഏകദേശം 4,000 ഇവിഎമ്മുകൾ തീപിടിത്തത്തിൽ നശിച്ചു. ഈ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 10 നിയോജകമണ്ഡലങ്ങളിൽ ആ ഇവിഎമ്മുകൾ ഉപയോഗിച്ചിരുന്നു," അഗ്നിശമന, അടിയന്തര സേവന സഹമന്ത്രി കൗശിക് ചൗധരി പറഞ്ഞു.
"ഇതൊരു സാധാരണ തീപിടിത്തമാണെന്ന് തോന്നുന്നില്ല. എന്തെങ്കിലും അട്ടിമറി നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. ഒമ്പതാം നിലയിലും പത്താം നിലയിലും തീ എങ്ങനെ എത്തിയെന്ന് ഇപ്പോഴും വ്യക്തമല്ല." കെട്ടിടത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലാണ് തീപിടിത്തം ആദ്യം ശ്രദ്ധയിൽപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. "നാലാമത്തെയും അഞ്ചാമത്തെയും ആറാമത്തെയും നിലകളെ ബാധിക്കാതെ എങ്ങനെയാണ് അത് ഏഴാമത്തെയും എട്ടാമത്തെയും നിലകളിൽ എത്തിയത്? ഇതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്," മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കാൻ ഫോറൻസിക് റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് ചൗധരി പറഞ്ഞു. അതേസമയം, തീപിടിത്തം ഉണ്ടായതിന് ശേഷവും ഏകദേശം 24 മണിക്കൂറോളം അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാൻ ശ്രമിച്ചു. തീ അണച്ചെങ്കിലും കെട്ടിടത്തിനുള്ളിൽ ചെറിയ തീപിടിത്തങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സൗത്ത് 24 പർഗാനാസ് ഭരണകൂടം അലിപൂർ പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകി. ജില്ലയിലെ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) ആണ് പരാതി നൽകിയത്, തുടർന്ന് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തീപിടിത്തത്തിന് കാരണമായത് വൈദ്യുത തകരാറാണോ അതോ മറ്റേതെങ്കിലും ഘടകമാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. ഇതുവരെ പ്രത്യേക കാരണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.കെട്ടിടത്തിന് ചുറ്റും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Adjust Story Font
16

