Quantcast

നിർബന്ധിത മതപരിവർത്തനമെന്ന് പരാതി; യു.പിയിൽ തമിഴ്നാട് സ്വദേശിയടക്കം ഒമ്പത് പേർ അറസ്റ്റിൽ; 42 പേർക്കെതിരെ കേസ്

അറസ്റ്റിലായ പ്രതികളിൽ നിന്ന് വൻതോതിൽ മതഗ്രന്ഥങ്ങളും പ്രചാരണ സാമഗ്രികളും ലാപ്‌ടോപ്പുകളും കണ്ടെടുത്തു.

MediaOne Logo

Web Desk

  • Published:

    2 Dec 2023 9:52 AM GMT

42 people booked, 9 arrested under religious conversion law in up
X

ലഖ്നൗ: നിർബന്ധിത മതപരിവർത്തനമെന്ന പരാതിയിൽ ഉത്തർപ്രദേശിൽ തമിഴ്നാട് സ്വദേശിയടക്കം ഒമ്പത് പേർ അറസ്റ്റിൽ. 42 പേർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സോൻഭദ്ര ജില്ലയിൽ ദരിദ്രരെയും ഗോത്രവർഗക്കാരെയും കബളിപ്പിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ഇവർ ശ്രമിച്ചെന്ന് പൊലീസ് പറയുന്നു.

അറസ്റ്റിലായ പ്രതികളിൽ നിന്ന് വൻതോതിൽ മതഗ്രന്ഥങ്ങളും പ്രചാരണ സാമഗ്രികളും ലാപ്‌ടോപ്പുകളും കണ്ടെടുത്തു. ആദിവാസികളെയും പാവപ്പെട്ടവരെയും കബളിപ്പിച്ച് ക്രിസ്തുമതത്തിലേക്ക് മാറ്റാൻ ചിലർ പ്രേരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ജില്ലയിലെ ചോപാൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ മൽഹിയ തോല നിവാസിയായ നർസിങ് ആണ് പരാതി നൽകിയതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് കാലു സിങ് പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തിൽ 42 പേർക്കെതിരെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. തുടർന്ന് ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തമിഴ്‌നാട് ചെന്നൈ സ്വദേശി ജയ്പ്രഭു, ഉത്തർപ്രദേശ് റോബർട്ട്‌സ്ഗഞ്ചിലെ അജയ് കുമാർ, ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശി ചെക്ക ഇമ്മാനുവൽ, രാജേന്ദ്ര കോൾ, രഞ്ജൻ എന്ന ഛോട്ടു, പർമാനന്ദ്, സോഹൻ, പ്രേംനാഥ് പ്രജാപതി, രാം പ്രതാപ് എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.

TAGS :

Next Story