Quantcast

ബെം​ഗളൂരുവിലെ 44 സ്കൂളുകൾക്ക് ബോംബ് ഭീഷണി; വിദ്യാർഥികളെയും അധ്യാപകരെയും ഒഴിപ്പിച്ചു

ഇതിലൊരു സ്കൂൾ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ വീടിന് മുന്നിലാണ്.

MediaOne Logo

Web Desk

  • Published:

    1 Dec 2023 9:26 AM GMT

44 Bengaluru schools get bomb threat on email, students, staff evacuated
X

ബെം​ഗളൂരു: സ്കൂളുകൾക്ക് ബോംബ് ഭീഷണിയുമായി ഇ- മെയിൽ സന്ദേശം. ബെം​ഗളൂരുവിലെ 44 സ്കൂളുകൾക്കാണ് ഭീഷണി ഉണ്ടായത്. വെള്ളിയാഴ്ച രാവിലെയാണ് ഇ-മെയിലിലൂടെ സന്ദേശം ലഭിച്ചത്. സ്കൂളിനുള്ളിൽ സ്ഫോടക വസ്തു സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഇ-മെയിൽ സന്ദേശം. ബസവേശ്വർ ന​ഗറിലെ നാപേൽ, വിദ്യാശിൽപ എന്നിവയുൾപ്പെടെ ഏഴ് സ്കൂളുകൾക്കാണ് ആദ്യം ഭീഷണിയുണ്ടായത്.

ഇതിലൊരു സ്കൂൾ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ വീടിന് മുന്നിലാണ്. 'ഞാൻ ടി.വി കാണുകയായിരുന്നു. ഭീഷണിയുണ്ടായ സ്കൂളുകളിലൊന്ന് എന്റെ വീടിന്റെ എതിർവശത്താണ്. തുടർന്ന് പരിശോധിക്കാനായി ഞാനും എത്തുകയായിരുന്നു'- അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേവലമൊരു ഭീഷണി സന്ദേശം മാത്രമാണെന്ന് തോന്നുന്നുണ്ടെങ്കിലും ജാ​ഗ്രത പാലിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഴ് സ്കൂളുകൾക്ക് സന്ദേശം ലഭിച്ചതിനു പിന്നാലെ കൂടുതൽ സ്കൂളുകൾക്കും ഇ-മെയിൽ വഴി ഇതേ ഭീഷണിയുണ്ടാവുകയായിരുന്നു. വൈറ്റ്ഫീൽഡ്, കൊറംഗല, യാലഹങ്ക, സദാശിവനഗർ തുടങ്ങിയ സ്ഥലങ്ങളിലെ സ്കൂളുകൾക്കാണ് അതിനുശേഷം ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂൾ അധികൃതർ ഉടൻ തന്നെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസും ബോംബ് നിർവീര്യമാക്കുന്ന സംഘവും സ്ഥലത്തെത്തി. കുട്ടികളേയും ജീവനക്കാരേയും ഒഴിപ്പിച്ചു.

ബോംബ് ഭീഷണി വ്യാജമാണെന്ന് സൂചന ലഭിച്ചിട്ടും ബോംബ് നിർവീര്യ സേനയുടെ സഹായത്തോടെ പൊലീസ് ഇവിടങ്ങളിൽ പരിശോധന നടത്തിവരികയാണ്. സ്‌കൂളുകളിലൊന്നും ബോംബിന്റെ സാന്നിധ്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

"ബെംഗളൂരു നഗരത്തിലെ ചില സ്‌കൂളുകൾക്ക് ഇന്ന് രാവിലെ ബോംബ് ഭീഷണി സൂചിപ്പിക്കുന്ന ഇ-മെയിലുകൾ ലഭിച്ചു. പരിശോധിച്ച് ഉറപ്പിക്കുന്നതിന് ആന്റി-സാബോട്ടേജ്, ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡുകളെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. കോളുകൾ വ്യാജമാണെന്ന് തോന്നുന്നു. എങ്കിലും കുറ്റവാളികളെ കണ്ടെത്താൻ എല്ലാ ശ്രമങ്ങളും നടത്തും"- ബംഗളൂരു പൊലീസ് കമ്മീഷണർ എക്‌സിൽ കുറിച്ചു.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ പൊലീസിന് നിർദേശം നൽകി. "ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രക്ഷിതാക്കൾ പേടിക്കേണ്ടതില്ല. സ്കൂളുകൾ പരിശോധിച്ച് സുരക്ഷ വർധിപ്പിക്കാൻ ഞാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. പൊലീസിൽ നിന്ന് ഉടൻ തന്നെ പ്രാഥമിക റിപ്പോർട്ട് ലഭിക്കും"- അദ്ദേഹം പറഞ്ഞു.

മുമ്പും ബംഗളൂരുവിലെ വിവിധ സ്കൂളുകൾക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

TAGS :

Next Story